ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറിന്റെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നു പുറത്തുവരും. എ.ഐ.എ.ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും ഡി.എം.കെയും വാശിയോടെ പോരാടിയ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്.
പണമൊഴുകിയ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും അനായാസ ജയം അവകാശപ്പെടാനാവാത്ത സാഹചര്യമാണ്. ഭരണകക്ഷിയെന്ന നിലയില്‍ ഒ.പി.എസ്-ഇ.പി.എസ് വിഭാഗത്തിനു ഏറെ നിര്‍ണായകമാണ് തെരഞ്ഞെടുപ്പു ഫലം.
ഒ.പി.എസ്-ഇ.പി.എസ് കൂട്ടുക്കെട്ടിന് അധികാരം നിലനിര്‍ത്താനുള്ള വലിയ കണ്ണിയാണ് ആര്‍.കെ നഗര്‍. ഭരണത്തിലിരിക്കെ ആര്‍.കെ നഗറില്‍ പരാജയമുണ്ടായാല്‍ സര്‍ക്കാര്‍ പരാജയമായാണ് കണക്കാക്കുക. തെരഞ്ഞെടുപ്പിലെ തോല്‍വി പാര്‍ട്ടിയിലും പ്രതികൂല ചലനങ്ങളുണ്ടാക്കാം.