കെ.പി ജലീല്‍
അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സീറ്റായ ചെന്നൈ ആര്‍.കെ നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ ആര് നേടുമെന്നത് തമിഴ്‌നാട്ടിനും രാജ്യത്തിനു തന്നെയും നിര്‍ണായകമാണ്. വിധി ആര്‍ക്കെതിരാകുമെന്നതാണ് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നത്. ഒരു പക്ഷേ ഇത്രയും സ്ഥാനാര്‍ഥികള്‍ ഇഞ്ചോടിഞ്ച് ഏറ്റുമുട്ടുന്ന ഈ തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ബി.ജെ.പി രംഗത്തുണ്ടെങ്കിലും ചതുഷ്‌കോണ മല്‍സരമാണ് ആര്‍.കെ നഗറില്‍ നടക്കുക. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ജയലളിത 39, 545 (55.87 ശതമാനം) വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലത്തില്‍ അവരുടെ പാര്‍ട്ടി നെടുകെ പിളര്‍ന്ന ശേഷം നടക്കുന്ന തെരഞ്ഞെടുപ്പെന്ന സവിശേഷതയാണ് രാധാകൃഷ്ണന്‍ നഗര്‍ എന്ന ആര്‍.കെ നഗറിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. അണ്ണാ ഡി. എം.കെയുടെ ശശികല പക്ഷത്തിന് ജയിലില്‍ കിടക്കുന്ന ജയയുടെ തോഴി ശശികലയുടെ സഹോദരീ പുത്രന്‍ ടി.ടി.വി ദിനകരനാണ് സ്ഥാനാര്‍ഥിയെങ്കില്‍ മുന്‍മുഖ്യമന്ത്രി പനീര്‍സെല്‍വം പക്ഷത്തുനിന്നുള്ളത് ജയലളിതയുടെ അടുത്തയാളും പാര്‍ട്ടിയുടെ പ്രസീഡിയം ചെയര്‍മാനുമായിരുന്ന മുതിര്‍ന്ന നേതാവ് ടി. മധുസൂദനനാണ്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇരു പക്ഷത്തിനും പ്രത്യേകം കക്ഷിപ്പേരും ചിഹ്നവും അനുവദിച്ചതുവഴി മുപ്പത്തഞ്ചു കൊല്ലത്തിനു ശേഷമുള്ള പിളര്‍പ്പിനെ നേര്‍ക്കുനേര്‍ അഭിമുഖീകരിക്കുകയാണ് അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം.
2014ല്‍ ജയില്‍ ശിക്ഷയെതുടര്‍ന്ന് മുഖ്യമന്ത്രിപദം രാജിവെക്കേണ്ടി വന്ന ജയലളിത 2015ല്‍ കുറ്റവിമുക്തയായി വന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഇതേ മണ്ഡലത്തില്‍ 1,60432 വോട്ട് നേടിയപ്പോള്‍ 9,710 ആയിരുന്നു തൊട്ടടുത്ത സി.പി.ഐ സ്ഥാനാര്‍ഥിയുടെ വോട്ടുകളുടെ എണ്ണം. എന്നാലിത് നിലനിര്‍ത്താന്‍ മുഖ്യമന്ത്രിയായിരുന്ന തലൈവിക്ക് തൊട്ടടുത്ത വര്‍ഷം കഴിഞ്ഞില്ല എന്നതാണ് അണ്ണാ ഡി.എം.കെയുടെ രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. 2015ല്‍ ഡി.എം.കെ വിട്ടുനില്‍ക്കുകയായിരുന്നെങ്കില്‍ ’16ല്‍ അവരുടെ ഷിംല മുത്തുച്ചേഴന്‍ 33 ശതമാനം വോട്ട് നേടി. ഏപ്രില്‍ 12ന് മലപ്പുറത്തോടൊപ്പം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ യുടെ ശശികലയുടെ പക്ഷത്തിന് ‘അണ്ണാ ഡി.എം.കെ അമ്മ’ എന്നും പനീര്‍ശെല്‍വം പക്ഷത്തിന് ‘അണ്ണാ ഡി.എം.കെ പുരട്ചി തലൈവി അമ്മ’ എന്നുമാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിച്ചിരിക്കുന്ന പേരുകള്‍. ഇരുവര്‍ക്കും യഥാക്രമം തൊപ്പിയും വൈദ്യുതിക്കാലുമാണ് ചിഹ്നങ്ങള്‍. ഫലത്തില്‍ കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി അണ്ണാ ഡി. എം.കെ കൊണ്ടുനടന്ന രണ്ടില ചിഹ്നത്തിന് ആര്‍.കെ നഗറില്‍ ഇടമില്ലാതായിരിക്കുന്നു.
ഇതിനുമുമ്പ് 1989ലെ തെരഞ്ഞെടുപ്പിലാണ് അണ്ണാ ഡി.എം.കെയുടെ രണ്ടുപക്ഷം വെവ്വേറെയായി തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. നിയമസഭാതെരഞ്ഞെടുപ്പില്‍ എം.ജി.ആറിന്റെ ഭാര്യ ജാനകിയുടെ പക്ഷവും ജയലളിതയുടെ പക്ഷവും തമ്മിലായിരുന്നു പോര്. അന്ന് ഇരുപക്ഷവും ജാനകിയുടെയും ജയലളിതയുടെയും പേര്‍ ചേര്‍ത്താണ് അണ്ണാ ഡി.എം.കെയുടെ വിഭാഗങ്ങള്‍ മല്‍സരിച്ചത്. അതില്‍ ജാനകിപക്ഷം ദയനീയമായി പരാജയപ്പെട്ടതിനെതുടര്‍ന്ന് ജയലളിത പക്ഷത്തോട് ലയിക്കുകയായിരുന്നു. ജയലളിത പക്ഷത്തിന് 75ഉം ജാനകി വിഭാഗത്തിന് രണ്ടും സീറ്റ് മാത്രമാണ് ലഭിച്ചത്. അധികാരത്തിലെത്തിയത് പ്രതിപക്ഷത്തുണ്ടായിരുന്ന ഡി.എം.കെയും. ജയലളിത പക്ഷത്തിന് രണ്ടു പ്രാവും ജാനകിപക്ഷത്തിന് കോഴിയുമായിരുന്നു അന്നത്തെ ചിഹ്നങ്ങള്‍.
ആര്‍.കെ നഗറില്‍ ഫലം വരുമ്പോള്‍ സമാനമായി സ്ഥിതി ഉണ്ടാകുമെന്ന് കരുതുന്നവരും പ്രതീക്ഷിക്കുന്നവരും തമിഴ്‌നാട്ടില്‍ ഇപ്പോഴുണ്ട്. അധികാരത്തിലാണെങ്കിലും ജയലളിതയുടെ യഥാര്‍ത്ഥ അനന്തരാവകാശികള്‍ പനീര്‍ശെല്‍വം വിഭാഗമാണെന്നാണ് പലരും കരുതുന്നത്. അതിന് കാരണം ജയയുടെ തോഴി ശശികലയുടെ ബന്ധുവായ ദിനകരനെ ജയലളിത അവസാനവര്‍ഷങ്ങളില്‍ അടുപ്പിച്ചിരുന്നില്ല എന്നതാണ്. 2011ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശശികലയോടൊപ്പം ദിനകരനുമുണ്ടായിരുന്നെങ്കിലും ദിനകരനെ തള്ളിപ്പറഞ്ഞ് മാപ്പെഴുതിക്കൊടുത്താണ് ശശികല തിരിച്ചെത്തിയതെങ്കില്‍ ദിനകരനെയുള്‍പ്പെടെ ജയ തിരിച്ചെടുത്തിരുന്നില്ല. മാത്രമല്ല, തന്നെ അട്ടിമറിച്ച് തമിഴ്‌നാടിന്റെ അധികാരം കവരാന്‍ ദിനകരനും കൂട്ടരും പദ്ധതിയിട്ടു എന്ന ഗുരുതര ആരോപണമാണ് ദിനകരനെതിരെ ജയലളിത ആരോപിച്ചിരുന്നത്. പനീര്‍ശെല്‍വവും മധുസൂദനനും മറ്റും അന്നും എന്നും ജയയോടൊപ്പമുണ്ടായിരുന്നവരാണുതാനും. ഇതിന്റെ അഭിപ്രായ വോട്ടെടുപ്പുകൂടിയാണ് ഈ തെരഞ്ഞെടുപ്പ്.
ജയയുടെ ജയില്‍വാസ കാലത്ത് രണ്ടു തവണ മുഖ്യമന്ത്രിയായ ആളാണ് ഒട്ടക്കാര പനീര്‍ശെല്‍വം. പിന്നീട് ജയലളിത മരിച്ചപ്പോഴും. 2016 ഡിസംബര്‍ അഞ്ചിന് അപ്പോളോ ആസ്പത്രിയില്‍ ജയലളിത മരിക്കുമ്പോള്‍ അടുത്തുണ്ടായിരുന്നത് ശശികല മാത്രമായിരുന്നുവെന്നും അവരെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമുള്ള ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മുഴങ്ങുന്നുണ്ട്.തന്നെയടക്കം മുതിര്‍ന്ന നേതാക്കളെയാരെയും ജയയുടെ കിടക്കക്കരികിലേക്ക് കടത്തിവിടാതിരുന്നത് ശശികലയുടെ നിര്‍ദേശപ്രകാരമാണെന്നാണ് പനീര്‍ശെല്‍വം വിഭാഗം പറയുന്നത്. ഇതുപറഞ്ഞാണ് ഒരു മാസത്തിനകം പനീര്‍ശെല്‍വം മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവെച്ചതും. ഇതോടെയാണ് തമിഴ് ജനതക്ക് ശശികലയോട് കൂടുതല്‍ വിരോധം വരുന്നത്. എടപ്പാടി പളനി സ്വാമിയെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തി പനീര്‍ശെല്‍വം വെറും ആറ് എം.എല്‍.എമാരുമായി പുറത്തുപോയെങ്കിലും ജനങ്ങളുടെ പിന്തുണ ഇപ്പോഴും അവര്‍ക്കുതന്നെയാണെന്നാണ് പലരും കരുതുന്നത്. അതുകൊണ്ടുതന്നെ മധുസൂദനന്റെ വിജയം സുനിശ്ചിതമാണെന്ന് അവര്‍ പറയുന്നു. അതേസമയം തന്നെ പനീര്‍ശെല്‍വത്തിന് ആര്‍.കെ നഗര്‍ ജനവിധി അത്ര സുഗമമായി അനുകൂലമാവില്ലെന്നതിന്റെ സൂചനയാണ് ജയയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം. ആദ്യമൊക്കെ പനീര്‍ശെല്‍വത്തോടൊപ്പം അടുത്തുനിന്നിരുന്ന ദീപ പൊടുന്നനെ ആര്‍.കെ നഗറില്‍ പത്രിക നല്‍കിയത് പനീര്‍ പക്ഷത്തിന് ക്ഷീണമായി. പനീര്‍ വിഭാഗത്തിന്റെ വോട്ടുകള്‍ ഇതിലൂടെ ഭിന്നിപ്പിക്കപ്പെടുമെന്നാണ് പലരും കരുതുന്നത്.
ദിനകരന്‍ വിജയിക്കുക എന്നാല്‍ എടപ്പാടി പളനിസ്വാമിക്ക് ക്ഷീണമാകുമെന്ന നിരീക്ഷണവും ഉയരുന്നുണ്ട്. ശശികല സ്വത്തു കേസില്‍ ബംഗളൂരു പരപ്പന ജയില്‍ പോകുന്നതിനുമുമ്പ് ദിനകരനെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിപദം ഏല്‍പിച്ചത് മുഖ്യമന്ത്രി പദത്തിലേക്കുള്ള സൂചനയായാണ് പലരും കാണുന്നത്. തനിക്ക് വിശ്വസ്ഥനായ ആളെ പാര്‍ട്ടിയുടെ നേതൃ ചുമതല എല്‍പിക്കുക എന്ന ദീര്‍ഘ ദൃഷ്ടിയാണ് ശശികല പയറ്റിയത്. സര്‍ക്കാരും പാര്‍ട്ടിയുടെ എം.എല്‍.എമാരും എം.പിമാരുമടങ്ങുന്ന ഭൂരിപക്ഷവും തനിക്കൊപ്പമാണെങ്കിലും ദിനകരന്‍ തോല്‍ക്കുന്നത് ശശികല പക്ഷത്തിന്റെ നട്ടെല്ലൊടിക്കും. പനീര്‍ശെല്‍വം പക്ഷത്തിന് താല്‍കാലികമായി ഭരണം പിടിക്കാനാവില്ലെങ്കിലും പാര്‍ട്ടി തന്റെ കൂടെയാണെന്ന് വരുത്താന്‍ മധുസൂദനന്റെ വിജയത്തിലൂടെ പനീരിന് കഴിയും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരാനും പനീര്‍ശെല്‍വം ശ്രമിക്കും.
അതേസമയം ആര്‍.കെ നഗറില്‍ ഡി.എം.കെയുടെ ആര്‍.കെ മരുതന്‍ വിജയിച്ചാല്‍ സംഗതി അണ്ണാ ഡി.എം.കെക്കാകെ ക്ഷീണമാകുകയും പാര്‍ട്ടി പിരിഞ്ഞുപോകാനും അത് വഴിവെക്കും. ഇതാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നതും. ബി.ജെ.പിയുടെ സ്ഥാനാര്‍ഥി ഗംഗൈ അമരന് അനുകൂലമായി അണ്ണാഡി.എം.കെയുടെ രണ്ടുപക്ഷവും വോട്ട് ചെയ്യുമെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഇത് സംഭവവ്യമല്ലെന്ന് പറയാനുമാവില്ല. ശക്തമായ നേതൃത്വം നഷ്ടപ്പെട്ട അണികള്‍ ബി.ജെ.പിയില്‍ പ്രതീക്ഷയര്‍പ്പിക്കുമെന്നും ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പക്ഷത്തെ വശത്താക്കാനാകുമെന്നുമാണ് മോദിയുടെ കണക്കൂകൂട്ടല്‍. 39 സീറ്റില്‍ 37 സീറ്റാണ് അണ്ണാ ഡി.എം.കെക്ക് ലോക്‌സഭയിലുള്ളത്. ഇതില്‍ പത്തുപേര്‍ മാത്രമാണിപ്പോള്‍ പനീര്‍പക്ഷത്തെത്തിയിട്ടുള്ളത്.
1972ലാണ് അന്നത്തെ വെള്ളിത്തിരയിലെ സൂപ്പര്‍താരം തമിഴ്‌നാട്ടുകാരുടെ പുരട്ചിതലൈവര്‍ എം.ജി രാമചന്ദ്രന്‍ ഡി.എം.കെ വിട്ട് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. മുന്‍കാല നേതാവ് അണ്ണാദുരൈയുടെ പേരിലായിരുന്നു അഖിലേന്ത്യാ അണ്ണാദ്രാവിഡമുന്നേറ്റ കഴകം അദ്ദേഹം രൂപീകരിച്ചത്. ഇതോടെ അന്ന് പാര്‍ട്ടി പ്രസിഡണ്ടായിരുന്ന എം. കരുണാനിധിയുമായി നേരിട്ടേറ്റുമുട്ടുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഒരു പതിറ്റാണ്ടിലധികം കാലം തമിഴ്‌നാട്ടിലുണ്ടായത്. രണ്ടു തവണ എം.ജി.ആര്‍ മുഖ്യമന്ത്രിയായപ്പോള്‍ കരുണാനിധിക്ക് തന്റെ കഥകളിലൂടെ സിനിമയില്‍ പ്രശസ്തിയാര്‍ജിച്ച എം.ജി.ആറിനെതിരെ പൊരുതിത്തോല്‍ക്കാനായിരുന്നു വിധി. കോണ്‍ഗ്രസുമായി അടുത്ത എം.ജി.ആര്‍ സ്ത്രീകളെയും അശരണരെയുമെല്ലാം തന്റെ കുടക്കീഴിലാക്കി. 1987ലായിരുന്നു അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള മരണം. പിന്നീടാണ് ജയലളിത ഉയര്‍ന്നുവരുന്നത്. ജാനകി രാമചന്ദ്രനെ ജയലളിത വിരുദ്ധര്‍ രംഗത്തിറക്കിയെങ്കിലും അത് വിജയിച്ചില്ലെന്നതിന്റെ തെളിവായിരുന്നു ആ പക്ഷത്തിന് കിട്ടിയ രണ്ടു സീറ്റ്. ഏതാണ്ട് അതേ പശ്ചാത്തലമാണ് ആര്‍.കെ നഗറിന്റെ കാര്യത്തിലുമിപ്പോള്‍ തമിഴ്‌നാട്ടില്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്. പാര്‍ട്ടിയും സര്‍ക്കാരും കൂടെയുണ്ടായിരുന്ന മുഖ്യമന്ത്രി ജാനകീരാമചന്ദ്രന്‍ പക്ഷത്തിനെ നേരിട്ട ജയലളിതയുടെ അവസ്ഥയിലാണ് പനീര്‍ശെല്‍വം പക്ഷം ഇപ്പോള്‍. ഫലം വരുമ്പോള്‍ കണ്ടറിയാം.