ചെന്നൈ: നടനും മക്കള്‍ നീതി മയ്യം സ്ഥാപക നേതാവുമായ കമല്‍ഹാസന്റെ പരാമര്‍ശത്തെ പിന്തുണച്ച് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയയാള്‍ ഭീകരവാദി തന്നെയാണെന്ന് തേജസ്വിയാദവ് പറഞ്ഞു.
രാജ്യത്തിന്റെ രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ ആളെ ഭീകരവാദി എന്നല്ലാതെ പിന്നെന്ത് വിളിക്കുമെന്ന് തേജസ്വിയാദവ് ചോദിച്ചു. ഭീകരവാദി എന്നതിനേക്കാള്‍ വലിയ വിശേഷണമാണ് അയാള്‍ക്ക് ചേരുകയെന്നും തേജസ്വിയാദവ് പറഞ്ഞു. കമല്‍ഹാസന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവാണെന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവായിരുന്നുവെന്നും പേര്, ഗോഡ്‌സെ ആണെന്നും കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ അരവകുറിശ്ശിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1948ലെ ഗാന്ധിവധം ചൂണ്ടിക്കാട്ടിയായിരുന്നു കമല്‍ഹാസന്റെ പുതിയ പരാമര്‍ശം.
ഇത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതു കൊണ്ടല്ല താനിതു പറയുന്നത്. ഗാന്ധി പ്രതിമക്കുമുന്നില്‍ നിന്നുകൊണ്ടാണ് പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവായിരുന്നു. അയാളുടെ പേര് നാഥുറാം ഗോഡ്‌സെ എന്നാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. നല്ല ഇന്ത്യക്കാര്‍ എല്ലാവരുടേയും സമത്വത്തിന് വേണ്ടിയാണ് നിലനില്‍ക്കുക. മൂവര്‍ണ്ണപ്പതാക നിലനിര്‍ത്തുന്നതിനും അവര്‍ പരിശ്രമിക്കും. താനൊരു നല്ല ഇന്ത്യക്കാരനാണ്. അതില്‍ അഭിമാനിക്കുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഇതിനെതിരെയാണ് തമിഴ്‌നാട് മന്ത്രിയും ബി.ജെ.പിയും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.