പട്‌ന: ബീഹാറില്‍ 17 ജെ.ഡി.യു എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമെന്ന് അവകാശപ്പെട്ട് ബിഹാറിലെ പ്രതിപക്ഷ കക്ഷിയായ രാഷ്ട്രീയ ജനതാദള്‍.
സംസ്ഥാനത്തെ എന്‍ഡിഎ ഭരണം എതു നിമിഷവും അട്ടിമറിക്കപ്പെടുമെന്നും രാഷ്ട്രീയ ജനതാദള്‍ പറഞ്ഞു. ഇതോടെ ബീഹാറില്‍ രാഷ്ട്രീയ അട്ടിമറി നടക്കുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്.
അതേസമയം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാഷ്ട്രീയ ജനതാദളിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി.
രാഷ്ട്രീയജനതാദളിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്.
ആര്‍ജെഡി നേതാവ് ശ്യാം രാജക് വീഡിയോയിലൂടെയാണ് ബീഹാറില്‍ 17 ജെഡിയു എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ചത്.
അവര്‍ക്ക് രാഷ്ട്രീയ ജനതാദളുമായി ബന്ധമുണ്ടെന്ന് മാത്രമല്ല പാര്‍ട്ടിയില്‍ ചേരാന്‍ അക്ഷമരായി കാത്തിരിക്കുകയാണെന്നും ശ്യാം രാജക് പറഞ്ഞിരുന്നു.
തങ്ങള്‍ക്ക് ഏതു നിമിഷവും സഭയെ അട്ടിമറിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനാണ് ആര്‍ജെഡി കാത്തിരിക്കുന്നതെന്നും ശ്യാം പറഞ്ഞു.
നിയമ പ്രകാരം പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ 25 മുതല്‍ 26 വരെ എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം വേണം.അതിനാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു.
കൂറുമാറ്റ നിരോധന നിയമപ്രകാരം ഒരു പാര്‍ട്ടിയിലെ മൂന്നില്‍ രണ്ട് ഭാഗം ആളുകളും എത്തിയാല്‍ മാത്രമേ ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ അംഗീകരിക്കുകയുള്ളൂ. അല്ലാത്ത പക്ഷം എംഎല്‍എമാരെ അയോഗ്യരാക്കുകയും വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും.
നിതീഷ് കുമാര്‍ മന്ത്രിസഭയിലെ അംഗമായിരുന്ന ശ്യാം രാജക് നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് ജെഡിയുവിട്ട് ആര്‍ജെഡിയില്‍ ചേരുകയായിരുന്നു.
അരുണാചല്‍ പ്രദേശ് പ്രശ്‌നത്തില്‍ ബിജെപിയും ജെഡിയുവുമായുള്ള തര്‍ക്കം മുറുകന്നതിനിടയിലാണ് ശ്യാം രാജകിന്റെ പ്രസ്താവനയും വരുന്നത്.