X
    Categories: MoreViews

ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം; വൈകാരിക പ്രതികരണവുമായി ആര്‍.ജെ സൂരജ്

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ വൈകാരിക പ്രതികരണവുമായി ആര്‍.ജെ സൂരജ്. ഫേസ്ബുക്ക് ലൈവില്‍ വികാരഭരിതനായാണ് സൂരജ് പ്രത്യക്ഷപ്പെട്ടത്. കൊല്ലപ്പെടുന്നതിന് മുമ്പ് മലയാളികളായ കുറച്ച് ചെറുപ്പക്കാര്‍ അയാള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത് പോസ്റ്റിയിട്ടുണ്ട്. നമുക്ക് ഇക്കാര്യത്തില്‍ അഭിമാനിക്കാന്‍ കഴിയുമെന്ന് സൂരജ് പരിഹസിക്കുന്നു. ഹിന്ദുവിനോടും മുസ്‌ലിമിനോടും ഉണരാനും വികാരം തോന്നുന്നില്ലേയെന്നും സങ്കടം തോന്നുന്നില്ലേയെന്നും സൂരജ് ചോദിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ എവിടെയെന്നും മത മുതലാളിമാര്‍ എവിടേയെന്നും നാളെ ഹര്‍ത്താല്‍ നടത്തുന്നില്ലേയെന്നും സൂരജ് ചോദിക്കുന്നു.
ആദിവാസിയെ കൊന്നാല്‍ മാത്രം ഇവിടെ ഹര്‍ത്താല്‍ വേണ്ടേ എന്ന് ചോദിക്കുന്ന സൂരജ് അതിശക്തമായാണ് ആള്‍ക്കൂട്ടകൊലപാതകത്തിനെതിരെ പ്രതികരിക്കുന്നത്.

അട്ടപ്പാടി മുക്കാലിയിലെ കടുകുമണ്ണ ആദിവാസി ഊരിലെ മധുവാണ് മരിച്ചത്. ഇയാളെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരമാണ് സംഭവം. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്.

പലചരക്ക് കടയില്‍ നിന്നും മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാര്‍ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷമാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. പൊലീസ് വാഹനത്തില്‍ മധുവിനെ സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുന്നതിനിടെ മധു കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മധുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. അതിന് ശേഷമേ മരണകാരണം വ്യക്തമാവൂവെന്ന് പൊലീസ് അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എവിടെ?
രാഷ്ട്രീയപാര്‍ട്ടികള്‍?
മത മുതലാളിമാര്‍..?
നാളെ ഹര്‍ത്താല്‍ നടത്തുന്നില്ലേ?
ആദിവാസിയെ കൊന്നാല്‍ മാത്രം ഇവിടെ ഹര്‍ത്താല്‍ വേണ്ടേ?

എവിടെ ജനപ്രതിനിധികള്‍? ടി. വി. യില്‍ ഈ വിഷയത്തില്‍ ചര്‍ച്ച വേണ്ടേ?

രാഷ്ട്രീയകൊലപാതകം ആണെങ്കില്‍ നാളെ ഹര്‍ത്താല്‍, അടി, ഇടി.. എല്ലാം സംഭവിക്കും.. ടി. വി യില്‍ ചര്‍ച്ചകളുടെ ബഹളം.

ആരും ചോദിക്കാന്‍ വരാന്‍ ഇല്ലാത്തവന് വേണ്ടി ഹര്‍ത്താല്‍ നടത്തിയാല്‍ ആര്‍ക്ക് എന്ത് ലാഭം അല്ലെ? പാര്‍ട്ടിക്ക് വേണ്ടി കൊടി പിടിക്കുന്നവന് വേണ്ടി മാത്രമല്ല, മണ്ണിന്റെ മക്കള്‍ക്ക് വേണ്ടിയും ഉയരണം ശബ്ദം….

ഈ മണ്ണില്‍ എന്തിന്റെ പേരിലാണെങ്കിലും ഒരുവനെ തല്ലി കൊല്ലുവാന്‍ ഇനി നമ്മള്‍ അനുവദിക്കരുത്.

ലജ്ജിച്ചു തല താഴ്ത്തുന്നു…സഹോദരാ… മാപ്പ്…

chandrika: