X

റിയാസ് മൗലവി കൊലക്കേസ്: കേസ് പരാജയപ്പെട്ടതിൻ്റെ കാരണം അന്വേഷണത്തിലെ ഗുരുതര വീഴ്ച്ച: പി.കെ ഫിറോസ്

കോഴിക്കോട് : കാസർകോഡ് മദ്റസ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടത് അന്വേഷണത്തിലെ ഗുരുതര വീഴ്ച്ച കൊണ്ടാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. അന്വേഷണത്തിൽ ഉണ്ടായ വീഴ്ച്ച പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ സൃഷ്ടിച്ചു. ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് നടന്ന കൊലപാതകം ഏഴ് വർഷത്തിന് ശേഷം വിധി പറയുമ്പോൾ റിയാസ് മൗലവിയുടെ കുടുംബത്തിന് നീതി ലഭിക്കാത്തതിൻ്റെ ഒന്നാമത്തെ ഉത്തരവാദി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്. ഒരു ഭാഗത്ത് ന്യൂനപക്ഷ സ്നേഹത്തിൻ്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന സി.പി.എം, മറുഭാഗത്ത് ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ സംഘ് പരിവാർ ശക്തികൾക്ക് കുട പിടിക്കുകയാണെന്നും പി.കെ ഫിറോസ് ആരോപിച്ചു.

ലാവ് ലിൻ, ലൈഫ്മിഷൻ, സ്വർണ്ണക്കടത്ത് കേസുകളിൽ സി.പി.എം നേതാക്കൾക്ക് ബി.ജെ.പി സംരക്ഷണം ഒരുക്കുന്നതും ഈ കേസിൻ്റെ അട്ടിമറിയും തമ്മിൽ ബന്ധമുണ്ടോ എന്നത് ന്യായമായ സംശയമാണ്. ഇത് സംബന്ധിച്ച് ബാഹ്യമായ ഇടപെടൽ നടന്നിട്ടുണ്ടോ എന്നുള്ളത് നിഷ്പക്ഷ അന്വേഷണത്തിലൂടെ പുറത്ത് കൊണ്ട് വരണമെന്നും റിയാസ് മൗലവിയുടെ കുടുംബത്തിന് മുസ്‌ലിം യൂത്ത് ലീഗ് നിയമപരമായ പിന്തുണ നൽകുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

webdesk14: