കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസ അധ്യാപകനും പള്ളി മുഅദ്ദിനുമായ മടിക്കേരിയിലെ റിയാസ് മൗലവി (30)യെ പള്ളിയില്‍വെച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒന്നാം പ്രതി കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (20), രണ്ടാം പ്രതി കേളുഗുഡ്ഡെയിലെ നിതിന്‍ (19), മൂന്നാം പ്രതി കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഗൂഢാലോചന അന്വേഷിക്കാനാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് പ്രതികളെ ഹാജരാക്കാന്‍ കോടതി പ്രൊഡക്ഷന്‍ വാറന്റയച്ചത്. കനത്ത പൊലീസ്ബന്തവസിലാണ് മൂന്നു പ്രതികളെയും കാസര്‍കോട്ടെത്തിച്ചത്.
മൂന്നു പ്രതികളെയും കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കിയിരുന്നു. കൊല്ലപ്പെട്ട റിയാസ് മൗലവി ജോലി ചെയ്തിരുന്ന അതേ പള്ളിയിലെ ഖത്തീബ് അസീസ് വഹബി രണ്ടാം പ്രതി നിതിനെയും പള്ളിയുടെ സമീപത്തെ യുവാവ് മൂന്ന് പ്രതികളെയും തിരിച്ചറിഞ്ഞിരുന്നു. കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. കൊലപാതകത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന്നതിനെക്കുറിച്ചും അന്വേഷണ സംഘം പ്രതികളോട് ചോദിച്ചറിയും. ഗൂഢാലോചനയില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്. കൊലയ്ക്ക് ശേഷം രണ്ടുപേരെ നിരവധി തവണ പ്രതികള്‍ ഫോണില്‍ വിളിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. അത് എന്തിനായിരുന്നുവെന്നും അന്വേഷിക്കും. ഒളിവില്‍ കഴിയാന്‍ പ്രതികള്‍ക്ക് സഹായം ചെയ്തു കൊടുത്തവരും പിടിയിലാകാനുണ്ട്. ഗൂഢാലോചനയടക്കമുള്ളവ അന്വേഷിച്ചാല്‍ കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ കമ്പാറിന് സമീപം പെരിയടുക്കയില്‍ ആയുധങ്ങള്‍ സൂക്ഷിച്ചുവെച്ചതുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. എത്രയുംവേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ആലോചനയിലാണ് അന്വേഷണ സംഘം. പ്രതികള്‍ക്കെതിരെ കൂടുതല്‍ കടുത്ത വകുപ്പുകള്‍ ചുമത്തണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യമുയരുന്ന സാഹചര്യത്തില്‍ കേസ് കൂടുതല്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പൊലീസ് പറഞ്ഞു. ആവശ്യമായി വരുന്ന പക്ഷം കൂടുതല്‍ വകുപ്പുകള്‍ കുറ്റപത്രം തയാറാക്കുന്ന മുറയ്ക്ക് ഉള്‍പ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. മാര്‍ച്ച് 20നാണ് അര്‍ധരാത്രിയാണ് റിയാസ് മൗലവി പഴയ ചൂരി മുഹ്‌യദ്ദീന്‍ പള്ളിയിലെ മുറിയില്‍ കൊല്ലപ്പെട്ടത്.