പഴയ ചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയുടെ(30) കൊലയ്ക്ക് പ്രേരണയായത് കളിസ്ഥലത്തുവെച്ചുണ്ടായ അനിഷ്ട സംഭവവും മര്‍ദ്ദനവുമാണെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. മര്‍ദ്ദനത്തില്‍ പ്രതികളില്‍ ഒരാളുടെ രണ്ട് പല്ലുകള്‍ കൊഴിഞ്ഞതായും പറയുന്നു. ഇതിന് പ്രതികാരം ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ മദ്യലഹരിയില്‍ ബൈക്കില്‍ പഴയ ചൂരിയില്‍ എത്തിയത്. മാര്‍ച്ച് 18ന് മീപ്പുഗിരിയില്‍ നടന്ന ഷട്ടില്‍ ടൂര്‍ണമെന്റിനിടയിലുണ്ടായ പ്രശ്നത്തിനിടയിലാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിനിടയിലാണ് ഇതിലൊരാളുടെ പല്ല് കൊഴിഞ്ഞതെന്ന് പറയുന്നു. പിന്നീട് പ്രതികള്‍ ബൈക്കിലെത്തി വാള്‍വീശിയപ്പോള്‍ ഇവര്‍ക്ക് നേരെ കല്ലേറുണ്ടായതായും പ്രതികള്‍ തിരിച്ച് കുപ്പിയെറിഞ്ഞതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സ്ഥലത്തുണ്ടായിരുന്ന ബന്തടുക്കയിലെ ഒരു പൊലീസുകാരന്‍ കണ്‍ട്രോള്‍റൂമില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തി തെരച്ചില്‍ നടത്തിയപ്പോള്‍ ഒരു ബൈക്ക് പിടികൂടിയിരുന്നു. ഇത് മോഷ്ടിച്ചതാണെന്നും കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ് പ്രതികള്‍ പ്രതികാരം ചെയ്യാനിറങ്ങിയത്. ഒരാളെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ പോയത്. വഴിയില്‍ ആരെയെങ്കിലും കണ്ടാലും ഇവര്‍ അക്രമിക്കുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടയിലാണ് താന്‍ പോലുമറിയാത്ത കളിതര്‍ക്കത്തില്‍ റിയാസ് മൗലവി പ്രതികളുടെ കൊലക്കത്തിക്ക് ഇരയായത്.
കേസില്‍ അറസ്റ്റിലായ പ്രതികളെല്ലാം 25 വയസിന് താഴെയുള്ളവരാണ്. ഇതില്‍ ഒന്നാം പ്രതി കുഡ്ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20) ആണ്. രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിനും(19) മൂന്നാം പ്രതി കേളുഗുഡെ ഗംഗൈയിലെ അഖിലേഷ്(25) എന്ന അഖിലുമാണ്. മൂന്നുപേരും ഉറ്റസുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് 20ന് വൈകിട്ട് ജോലി കഴിഞ്ഞ് അഖിലേഷ് ബിയറും ബ്രാണ്ടിയും വാങ്ങി താളിപ്പടുപ്പ് മൈതാനിയിലേക്ക് വന്നു. അജേഷ് സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ്. മൂവരും ബിയറും ബ്രാണ്ടിയും കുടിച്ച ശേഷം കഞ്ചാവും പുകച്ചു. അര്‍ധരാത്രിവരെ ഇവര്‍ ലഹരി ഉപയോഗം തുടര്‍ന്നതായി പൊലീസ് സൂചിപ്പിച്ചു. മദ്യപിച്ചു കഴിഞ്ഞാല്‍ കടുത്ത വര്‍ഗീയ ചിന്താഗതി ഉണ്ടാകുന്ന അജേഷ് താനിന്ന് ആരെയെങ്കിലും കൊല്ലുമെന്ന് മറ്റുള്ളവരോട് പറഞ്ഞു. കയ്യില്‍ കരുതിയിരുന്ന കത്തിയുമായി താളിപ്പടുപ്പു മുതല്‍ കേളുഗുഡെ വരെ നടന്നു പോയി. കൂടെ ഉണ്ടായിരുന്ന അഖിലേഷും നിധിനും ബൈക്കില്‍ പിന്തുടര്‍ന്നു. റോഡുകളെല്ലാം വിജനമായിരുന്നു. ബൈക്കിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തിലാണ് അജേഷ് നടന്നുനീങ്ങിയത്. പഴയ ചൂരി പള്ളിയുടെ ബോര്‍ഡ് കണ്ട് അങ്ങോട്ട് നീങ്ങി. ഗേറ്റ് തുറന്ന അജേഷ് ആദ്യം പോയത് മദ്രസയിലേക്കായിരുന്നു. അവിടെ ആരെയും കണ്ടില്ല. അഖിലേഷ് ബൈക്കില്‍ തന്നെയിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടയില്‍ കൂടെയുണ്ടായിരുന്ന നിധിന്‍ കല്ലുമായി പള്ളി കോമ്പൗണ്ടിലേക്ക് കടന്നു. മദ്രസാ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന റിയാസ് മൗലവി ഗ്രില്‍സ് തുറക്കുന്നതിന്റെ ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയപ്പോള്‍ കത്തിയുമായി ആക്രോശിച്ച് പാഞ്ഞടുക്കുന്ന അജേഷിനെയാണ് കണ്ടത്. ശബ്ദം കേട്ട് തൊട്ടടുത്തമുറിയിലുണ്ടായിരുന്ന ഖത്വീബ് വാതില്‍തുറന്ന് പുറത്തേക്ക് വന്നപ്പോള്‍ നിധിന്‍ കല്ലെറിഞ്ഞു. നിധിനെ ഖത്വീബ് കണ്ടിരുന്നതായും പൊലീസ് പറഞ്ഞു. ഇതോടെ ഖത്വീബ് വാതിലടച്ച് മൈക്കിലൂടെ അറിയിപ്പ് നല്‍കാന്‍ പോയപ്പോള്‍ അജേഷ് കൃത്യം നടത്തി നാട്ടുകാരെത്തും മുമ്പ് സുഹൃത്തുക്കളെയും കൂട്ടി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
കൊലയ്ക്ക് ശേഷം കത്തി കേളുഗുഡയിലെ ഒരു സ്വകാര്യവ്യക്തിയുടെ തോട്ടത്തിലാണ് ഒളിപ്പിച്ചുവെച്ചത്. ഇത് പിന്നീട് പ്രതികളുടെ സാന്നിധ്യത്തില്‍ പൊലീസ് കണ്ടെടുത്തു. അജേഷിന്റെ രക്തം പുരണ്ട വസ്ത്രവും കത്തിയും കണ്ടെടുത്തതായി അന്വേഷണ സംഘതലവനായ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. എ ശ്രീനിവാസ് പറഞ്ഞു. കാസര്‍കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.