X

റിയാസ് മൗലവി വധം; സാക്ഷികളുടെ വീടുകള്‍ക്ക് നേരെ കല്ലേറ്

കാസര്‍കോട്: ചൂരിയില്‍ റിയാസ് മൗലവി വധക്കേസിലെ സാക്ഷികളുടെ വീടുകള്‍ക്ക് നേരെ കല്ലേറ്. പഴയ ചൂരിയിലെ മുഹിയദ്ധീന്‍ ജുമാമസ്ജിദിന് പിറക് വശത്തുള്ള ഹാഷിം, നാസര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ഞായറാഴ്ച്ച രാത്രി ഒമ്പതു മണിയോടെ കല്ലേറുണ്ടായത്.

സംഭവത്തിന് പിന്നില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരാണെന്ന് കരുതുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടാഴ്ച്ച മുമ്പ് സാബിത്ത് വധക്കേസിലെ സാക്ഷിയുടെ മീപ്പുഗിരിയിലെ പുതിയ വീടിന് വേണ്ടി തയാറാക്കിവെച്ചിരുന്ന മരങ്ങള്‍ തീവെച്ച് നശിപ്പിച്ചിരുന്നു.

2017 മാര്‍ച്ച് 20ന് പുലര്‍ച്ചേയാണ്് പഴയ ചുരിയിലെ മദിറസാധ്യാപകനും കുടക് സ്വദേശിയുമായ റിയാസ് മൗലവിയെ ചൂരി പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ അതിക്രമിച്ചുകയറിയ മൂന്നംഗ സംഘം കഴുത്തറുത്തു കൊലപ്പെടുത്തിയത്. കേളുഗുഡെ അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അജേഷ് എന്ന അപ്പു, നിതിന്‍, കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരാണ് പ്രതികള്‍. പള്ളിയോടടുത്ത മുറിയില്‍ അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തി വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തിലുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് നടത്തിയ കൊലപാതകമായിട്ടും ഗൗരവമുള്ള വകുപ്പുകള്‍ ചുമത്താതെയാണ് കേസന്വേഷണം നടന്നത്. ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് മുസ്്ലിം ലീഗ് അടക്കമുള്ള നിരവധി സംഘടനകള്‍ രംഗത്തു വന്നിരുന്നു.

chandrika: