X
    Categories: gulfNews

റിയാദ് കെഎംസിസി മൂന്നാംഘട്ട സുരക്ഷാ പദ്ധതി കാമ്പയിന്‍ തുടങ്ങി

സ്വന്തം ലേഖകന്‍

റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടപ്പിലാക്കി വരുന്ന സാമൂഹ്യ കുടുംബ സുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ട (202122) അംഗത്വ കാമ്പയിന്‍ ഉദ്ഘടാനം റിയാദ് അപ്പോളോ ഡിമോറയില്‍ ചേര്‍ന്ന ചടങ്ങില്‍ സഊദി കെ എം സി സി നാഷണല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് അപേക്ഷാ ഫോറം മുഹമ്മദ് കണ്ടകൈക്ക് നല്‍കി നിര്‍വ്വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ യു പി മുസ്തഫ അധ്യക്ഷനായിരുന്നു.

റിയാദ് കെ എം സി സി 2019ല്‍ ആരംഭിച്ച കുടുംബ സുരക്ഷാ പദ്ധതി പ്രകാരം പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെടുന്ന വ്യക്തിക്ക് പത്ത് ലക്ഷം രൂപയാണ് നല്‍കി വരുന്നത്. ഇതിനകം മരണപ്പെട്ട പത്ത് അംഗങ്ങള്‍ക്ക് അവരുടെ വിഹിതം ആശ്രിതര്‍ക്ക് കൈമാറിയതായി ഭാരവാഹികള്‍ പറഞ്ഞു. കിഡ്‌നി, ക്യാന്‍സര്‍ പോലെയുള്ള വിവിധ രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്ന 7 പേര്‍ക്ക് ചികിത്സാ സഹായവും നല്‍കി.

പതിറ്റാണ്ടുകളായി മരുഭൂമിയില്‍ ജീവിതം നയിച്ചിട്ടും ശൂന്യമായ കൈകളുമായാണ് ഭൂരിഭാഗം പ്രവാസികളും നാട്ടിലേക്ക് മടങ്ങുന്നത്. ചിലരാവട്ടെ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയും പേറി ഇപ്പോഴും ഗള്‍ഫ് നാടുകളില്‍ അധ്വാനിച്ചു കൊണ്ടിരിക്കുന്നു. കുടുംബ ബാധ്യതകളും സാമ്പത്തിക പ്രയാസങ്ങളും മൂലം ഇവരിലേറെ പേരും പലവിധ രോഗങ്ങളാല്‍ പ്രയാസപ്പെടുകയാണ്. എല്ലാം അവഗണിച്ച് കഠിനാധ്വാനം ചെയ്യുന്നതിനിടയിലാണ് ചിലര്‍ രോഗശയ്യയിലാവുകയോ മരണത്തിന് കീഴടങ്ങുകയോ ചെയ്യുന്നത്. അദ്ദേഹത്തിന്റെ മരണത്തോടെ അതീവ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന കുടുമ്പങ്ങള്‍ക്കാണ് കെ എം സി സിയുടെ ഈ പദ്ധതി തുണയാവുന്നതെന്ന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ പറഞ്ഞു. ഏറ്റവും വലിയ തുക ആശ്രിതര്‍ക്ക് നല്‍കുന്ന ആദ്യത്തെ പ്രവാസി സുരക്ഷാ പദ്ധതിയാണിത്. മാനദണ്ഡങ്ങള്‍ പാലിക്കുന്ന പ്രവാസികള്‍ക്ക് ഈ പദ്ധതിയില്‍ അംഗമായി ചേരാം. എല്ലാ വര്‍ഷവും നിശ്ചിത തുക നല്‍കി അംഗത്വം പുതുക്കാനാവും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമ പ്രകാരം ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് ഫറോക്കില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
പ്രവാസ ജീവിതത്തിനിടയില്‍ യാതൊരു വിധ നീക്കിയിരിപ്പുമില്ലാതെ പെടുന്നനെ മരണത്തിന് കിഴടങ്ങേണ്ടി വരുന്ന പ്രവാസികള്‍ക്ക് പദ്ധതി വലിയൊരു ആശ്വാസമാകും .
ആഗസ്ത് അവസാനത്തോടെ ക്യാമ്പയിന്‍ സമാപിക്കുമെന്നും ഇത്തവണ കൂടുതല്‍ പേരെ അംഗങ്ങളാക്കി ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പങ്കെടുത്തു.

നാട്ടില്‍ പ്രയാസമനുഭവിക്കുന്ന റിയാദില്‍ നിന്നുള്ള പഴയകാല കെ എം സി സി പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ യോഗം തീരുമാനിച്ചു. സെന്‍ട്രല്‍ കമ്മിറ്റിയുടെ കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും യോഗത്തില്‍ അവതരിപ്പിച്ചു.
സെക്രട്ടറി കെ ടി അബൂബക്കര്‍ സംഘടന റിപ്പോര്‍ട്ടും ആക്ടിങ് ജനറല്‍ സെക്രട്ടറി കബീര്‍ വൈലത്തൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
കുടുംബ സുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സെക്രട്ടറി മുജീബ് ഉപ്പട വിശദീകരിച്ചു.
സെക്രട്ടറി അബ്ദുറഹ്മാന്‍ ഫാറൂഖ് സുരക്ഷാ പദ്ധതി റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സുരക്ഷാ പദ്ധതിയുടെ പ്രൊമൊ വീഡിയോ സെക്രട്ടറി സിദ്ധീഖ് കോങ്ങാട് പ്രകാശനം ചെയ്തു.

വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തന റിപ്പോര്‍ട്ട് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും സൈബര്‍ വിങ് റിപ്പോര്‍ട്ട് വിങ് കണ്‍വീനര്‍ ഷഫീഖ് കൂടാളിയും വനിതാ വിങ് റിപ്പോര്‍ട്ട് പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫും അവതരിപ്പിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഹാരിസ് തലാപ്പില്‍, റസാഖ് വളക്കൈ,നൗഷാദ് ചാക്കീരി, ഷംസു പെരുമ്പട്ട,, ബാവ താനൂര്‍, മാമുക്കോയ തറമ്മല്‍, വനിതാ വിങ് സെക്രട്ടറി ജസീല മൂസ സംസാരിച്ചു. അന്‍വര്‍ വാരം, ഹനീഫ മൂര്‍ക്കാനാട്, അഷ്‌റഫ് വെള്ളേപ്പാടം,ഷറഫു വയനാട്, കുഞ്ഞിപ്പ തവനൂര്‍, റഹീം ക്ലാപ്പന , ഇസ്മായില്‍ കരോളം,ജില്ല,മണ്ഡലം, എരിയ നേതാക്കള്‍ നേതൃത്വം നല്‍കി. സെക്രട്ടറി മുഹമ്മദ് ഷാഹിദ് ആമുഖ പ്രഭാഷണം നടത്തി. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പി സി അലി വയനാട് നന്ദിയും പറഞ്ഞു.

web desk 1: