മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിലൂടെ പുറത്തുവരുന്നത് ബോളിവുഡ് ലഹരിക്കഥകള്‍. റിയാ ചക്രവര്‍ത്തിയുടെ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്തുവന്നതോടെയാണ് ബോളിവുഡിലെ വ്യാപകമായ ലഹരിമരുന്ന് ഉപയോഗത്തിന്റെ പിന്നാമ്പുറ കഥകള്‍ പുറം ലോകമറിയുന്നത്. സുശാന്തിന് റിയ കന്നാബിഡിയോള്‍ (സിബിഡി) ഓയില്‍ നല്‍കിയിരുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതോടെ നര്‍ക്കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും അനേഷണം ശക്തമാക്കി.
അതിനിടെ, ബോളിവുഡ് താരങ്ങള്‍ക്കെതിരെ നടി കങ്കണയും രംഗത്തെത്തി. ബോളിവുഡില്‍ രക്തപരിശോധന നടത്തിയാല്‍ പല പ്രമുഖരും അഴിക്കുള്ളിലാകുമെന്നു കങ്കണ റണൗട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റിയയുടെ വാട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ ടൈംസ് നൗ ആണു പുറത്തുവിട്ടത്. രണ്ട് ബാഗ് കഞ്ചാവ് ആവശ്യപ്പെട്ട് സുശാന്തിന്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിരന്‍ഡ റിയയ്ക്ക് 2020 ജനുവരില്‍ സന്ദേശം അയച്ചതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘രണ്ട് ബാഗ് കഞ്ചാവിനായി ദീപേഷിന് 17,000 രൂപ നല്‍കാനാകുമോ. ഒന്നു ഞങ്ങള്‍ക്കും മറ്റൊന്ന് അദ്ദേഹത്തിനും. അദ്ദേഹം പണം നല്‍കും’ എന്നാണ് സാമുവല്‍ അയച്ച സന്ദേശം. ‘അതിനെന്താ, ചെയ്യാം’ എന്നായിരുന്നു മറുപടി. ഏപ്രിലിലും സമാനമായ ആശയവിനിമയം നടത്തിയിട്ടുണ്ട്.
നവംബറില്‍ എന്തോ വസ്തു എത്തിച്ചു കൊടുത്തതിന് റിയ തന്റെ ടാലന്റ് മാനേജരായ ജയ ഷായ്ക്ക് നന്ദി അറിയിക്കുന്ന സന്ദേശവും പുറത്തുവന്നു. കിട്ടിയ വസ്തു ഉപയോഗിച്ച് സുശാന്തിനെ കുറച്ചു ശാന്തനാക്കാന്‍ കഴിഞ്ഞുവെന്നും റിയയുടെ മറുപടിയില്‍ പറയുന്നു. സുശാന്തിന്റെ ലഹരിമരുന്ന് ഉപയോഗത്തെ കുറിച്ച് റിയയും സുശാന്തിന്റെ ബിസിനസ് മാനേജര്‍ ശ്രുതി മോദിയും തമ്മില്‍ പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. സുശാന്ത് ലഹരിമരുന്ന് ഉപയോഗം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണെന്നു ശ്രുതി വ്യക്തമാക്കിയിരുന്നു.
അതേസമയം റിയ ജീവിതത്തില്‍ ഒരിക്കല്‍ പോലും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്ന് അവരുടെ അഭിഭാഷകര്‍ പറയുന്നു. രക്തപരിശോധനയ്ക്ക് റിയ തയാറാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സുശാന്ത് അറിയാതെ റിയ ലഹരിമരുന്ന് നല്‍കുകയായിരുന്നുവെന്നാണ് സുശാന്തിന്റെ അഭിഭാഷകന്‍ വികാസ് സിങ് ആരോപിക്കുന്നത്. ശരീരസൗന്ദര്യം നിലനിര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധനായിരുന്ന സുശാന്ത് യോഗയും ധ്യാനവും ചെയ്തിരുന്നു. അയാള്‍ ഒരിക്കലും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്നും വികാസ് പറയുന്നു.
കേസിന്റെ അന്വേഷണത്തിനിടെ സംഭവത്തില്‍ ലഹരിമരുന്ന് ഉപയോഗത്തിന്റെ സാന്നിധ്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നര്‍ക്കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) രംഗത്തെത്തിയത്. റിയയ്ക്കും സുശാന്തിനും പലരും ലഹരിമരുന്ന് നല്‍കിയിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്‍സിബിയെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും എന്‍സിബിയുടെ അഞ്ചംഗ പ്രത്യേക സംഘം ചോദ്യം ചെയ്യും.
അതിനിടെ സുശാന്ത് കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ നടി കങ്കണ റണൗട്ടിന് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സുശാന്തിന്റെ സഹോദരി ശ്വേത സിങ് കൃതി ആവശ്യപ്പെട്ടു. എന്‍സിസി അന്വേഷണത്തെ സഹായിക്കാന്‍ കങ്കണയ്ക്കു കഴിയുമെന്നും ശ്വേത ചൂണ്ടിക്കാട്ടിയിട്ടണ്ട്.