X
    Categories: indiaNews

സുശാന്തിന്റെ സഹോദരി തന്നെ ലൈംഗികമായി ആക്രമിച്ചെന്ന് കാമുകി റിയ ചക്രവര്‍ത്തി

മുംബൈ: സുശാന്ത് സിങ് രാജ്പുതിന്റെ സഹോദരി പ്രിയങ്ക തന്നെ ലൈംഗികമായി ആക്രമിച്ചെന്ന് സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി. സുശാന്തിന്റെ മരണം അന്വേഷിക്കുന്ന ഏജന്‍സികളുടെ ഓരോ അഭ്യര്‍ത്ഥനയും താന്‍ പാലിച്ചിട്ടുണ്ടെന്ന് തന്റെ അഭിഭാഷകന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ റിയ പറഞ്ഞു.

ഒരു ഇന്ത്യന്‍ ആര്‍മി സര്‍ജന്റെയും മഹാരാഷ്ട്രയിലെ ഒരു വീട്ടമ്മയുടെയും മകളാണ് താനെന്നും തനിക്കെതിരെ സുശാന്തിന്റെ കുടുംബം ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ആരോപണങ്ങള്‍ തികച്ചും അസംബന്ധമാണെന്നും റിയ പറഞ്ഞു.

റിയയും സുശാന്തും തമ്മില്‍ ഏറെ വര്‍ഷത്തെ പരിചയവും നല്ല സൗഹൃദവും ഉണ്ടായിരുന്നു. ഇടയ്ക്കിടെ പരസ്പരം ആശയവിനിമയം നടത്തുമായിരുന്നു. 2019 ഏപ്രിലില്‍ റിയയും സുശാന്ത് ഫിലിം ഫ്രറ്റേണിറ്റി നടത്തിയ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പിന്നീടാണ് ഇരുവരും പ്രണയത്തിലായത്. 2019 ഡിസംബറിലാണ് റിയ സുശാന്തിന്റെ ബാന്ദ്രയിലെ വീട്ടിലേക്ക് താമസം മാറ്റിയത്.

അവരുടെ ബന്ധത്തിന്റെ ആദ്യ മാസങ്ങളില്‍, റിയ സുശാന്തിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍, സഹോദരി പ്രിയങ്കയും ഭര്‍ത്താവ് സിദ്ധാര്‍ത്ഥും അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്നു. ഒരു രാത്രിയില്‍, 2019 ഏപ്രിലില്‍ റിയയും പ്രിയങ്കയും ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പ്രിയങ്ക ധാരാളം മദ്യം കഴിക്കുകയും ആ പാര്‍ട്ടിയിലെ പുരുഷന്മാരുമായും സ്ത്രീകളുമായും അനുചിതമായി പെരുമാറുകയും ചെയ്തു. അതിനാല്‍, അവര്‍ സുശാന്തിന്റെ വീട്ടിലേക്ക് മടങ്ങണമെന്ന് റിയ നിര്‍ബന്ധിച്ചു. തിരിച്ചെത്തിയതിന് ശേഷവും സുശാന്തും സഹോദരിയും മദ്യപാനം തുടര്‍ന്നു.

താന്‍ സുശാന്തിന്റെ മുറിയില്‍ കിടന്നുറങ്ങുമ്പോള്‍, പ്രിയങ്ക തനിക്കൊപ്പം കട്ടിലില്‍ കയറി കിടക്കുകയും തന്നെ കടന്നുപിടിക്കുകയും ചെയ്തപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് റിയ പറയുന്നു. ഉടന്‍ തന്നെ മുറിയില്‍ നിന്ന് പുറത്തുപോകണമെന്ന് റിയ പ്രിയങ്കയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് റിയ സുശാന്തിന്റെ വീട്ടില്‍ നിന്നും പോയി. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് റിയ സുശാന്തിനെ അറിയിക്കുകയും സുശാന്ത് സഹോദരിയുമായി വാക്കേറ്റം നടത്തുകയും ചെയ്തു.

ഈ സംഭവം മൂലം തുടക്കം മുതല്‍ തന്നെ സുശാന്തിന്റെ കുടുംബവും റിയയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷവും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ 20 പേരുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ പോലും, റിയയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കി.

ഈ ആരോപണങ്ങളെല്ലാം സുശാന്തിന്റെ കുടുംബത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ നിരസിച്ചിരിക്കുകയാണ്. റിയ ചക്രവര്‍ത്തിയുമായി ബന്ധത്തില്‍ സുശാന്ത് ഖേദം പ്രകടിപ്പിച്ചതായും അതിന് സഹോദരിമാരോട് മാപ്പ് ചോദിച്ചതായും അദ്ദേഹം പറഞ്ഞു. മരിക്കുന്നതിന് മുമ്പ് സുശാന്ത് തന്റെ കുടുംബത്തോട് മുംബൈയിലേക്ക് വരാന്‍ അപേക്ഷിച്ചിരുന്നുവെന്നും സുശാന്ത് നിരന്തരം ഫോണ്‍ വിളിച്ച് കരഞ്ഞതിനെ തുടര്‍ന്ന് 2020 ജൂണ്‍ എട്ടിന് മൂത്തസഹോദരി മീട്ടു വന്നെന്നും റിയ പറയുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ തല്‍ക്കാലം മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ സുശാന്ത് റിയയോട് അഭ്യര്‍ത്ഥിച്ചു. റിയ സ്വന്തം മാനസികാരോഗ്യ പ്രശ്‌നങ്ങളാല്‍ വലയുകയും പലപ്പോഴും പാനിക് അറ്റാക്കുകള്‍ കാരണം ബുദ്ധിമുട്ടുകയും ചെയ്തിരുന്നു. സുശാന്തിന്റെ പെരുമാറ്റം ഈ അവസ്ഥകളെ വഷളാക്കി. റിയ തന്റെ കുടുംബത്തെ കാണാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും, സുശാന്തിനെ വിട്ടുപോകുന്നതില്‍ ഏറെ വിഷമിച്ചിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ തന്നെയോ തന്റെ സഹോദരനെയോ ബന്ധപ്പെടണമെന്ന് സുശാന്തിനോട് റിയ പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് സുശാന്ത് സിങ് രാജ്പുതിനെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതിന് പുറകെ, റിയ ചക്രവര്‍ത്തിയും കുടുംബവും സുശാന്തിനെ സാമ്പത്തികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ പിതാവ് കെ കെ സിങ് ബീഹാറില്‍ കേസ് ഫയല്‍ ചെയ്തു.

സിബിഐയ്ക്ക് പുറമെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബത്തിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസ് അന്വേഷിക്കുന്നുണ്ട്. ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത് കേസ് മുംബൈയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് റിയ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

chandrika: