X

കടിഞ്ഞാണില്ലാതെ കുതിക്കുന്ന വിലകള്‍-എഡിറ്റോറിയല്‍

സമീപ കാലത്തൊന്നും അനുഭവപ്പെടാത്ത വിലക്കയറ്റത്തിന്റെ നടുവിലൂടെയാണ് കേരളം കടന്നുപോകുന്നത്. മാര്‍ക്കറ്റില്‍ തൊട്ടതിനെല്ലാം പൊള്ളുന്ന വില. വിയര്‍പ്പൊഴുക്കി ഉണ്ടാക്കുന്ന പണം ഒന്നിനും തികയാത്ത അവസ്ഥ. ഒരു ശരാശരി വരുമാനക്കാരന് മിച്ചം വെയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. വിലക്കയറ്റത്തിന്റെ ഗ്രാഫ് കുത്തനെ മുകളിലേക്ക് ഉയരുമ്പോഴും ജനത്തിന്റെ ചുമലില്‍ പുതിയ സാമ്പത്തിക ബാധ്യതകള്‍ കെട്ടിവെക്കുന്നതിനെക്കുറിച്ച് മാത്രമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ചിന്ത.
കോവിഡിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രാജ്യം കരകയറിയിട്ടില്ല. അതിന് മുമ്പാണ് കടത്ത്, യാത്രാ കൂലികള്‍ ഇരട്ടിയാക്കി കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില പലപ്പോഴായി വര്‍ദ്ധിപ്പിച്ചത്. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക വില അടുത്തിടെ 100 രൂപയിലേറെ വര്‍ദ്ധിച്ചിട്ടുണ്ട്. അതോടൊപ്പം പെട്രോള്‍, ഡീസല്‍ വിലയും കുതിച്ചുയര്‍ന്നതോടെ സാധാരണക്കാരന്‍ ഗതികേടിന്റെ നടുക്കടലിലാണ്. ഇന്ധന വിലയിലെ ഉയര്‍ച്ച നിത്യോപയോഗ സാധനങ്ങളുടെ വിലയെ സ്വാധീനിക്കുമെന്ന ലളിതമായ സാമ്പത്തിക ശാസ്ത്രം ഭരണകൂടങ്ങള്‍ക്ക് അറിയാത്തതുകൊണ്ടല്ല. നിലവില്‍ പെട്രോളിന് ലിറ്ററിന് 105 രൂപയും ഡീസലിന് 92 രൂപയും കൊടുക്കണം.

ഇതിന്റെ പേരിലാണ് സംസ്ഥാനത്ത് ബസ് ചാര്‍ജും ഓട്ടോ, ടാക്‌സി നിരക്കും കൂട്ടാന്‍ മുറവിളി ഉയരുന്നത്. ഇതിനകം പലരും തോന്നിയതുപോലെ യാത്രക്കാരനില്‍നിന്ന് പിടിച്ചുവാങ്ങുന്നുണ്ട്. അതിന് പുറമെയാണ് ഔദ്യോഗികമായി നിരക്ക് വര്‍ദ്ധനക്ക് സമ്മര്‍ദ്ദമേറുന്നത്. ബസ് ചാര്‍ജ് കൂട്ടാമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ബസുടമകള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. അത് എത്രയാവണമെന്ന അന്തിമ ധാരണയിലും സര്‍ക്കാര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. മിനിമം ചാര്‍ജ് എട്ടു രൂപയില്‍നിന്ന് 12 രൂപയാക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെട്ടത്. അത് 10 രൂപയാക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ബസുടമകളും അത്രയാണ് ആഗ്രഹിക്കുന്നത്. ബസില്‍ തൂങ്ങിപ്പിടിച്ച് പോകുന്നതും കാശ് കൊടുക്കുന്നതുമൊക്കെ സാധാരണക്കാരല്ലേ? നാട്ടുകാരുടെ കീശ ചോര്‍ന്നാല്‍ സര്‍ക്കാരിനെന്ത് നഷ്ടമെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. കഴിഞ്ഞ വര്‍ഷം കോവിഡ് പശ്ചാത്തലത്തിന്റെ പേരില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചിരുന്നു. പ്രതിസന്ധി നീങ്ങിയതിന് ശേഷം നിരക്ക് പുന:പരിശോധിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വീണ്ടും കൂട്ടുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്.

പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ ഭക്ഷ്യവസ്തുക്കളും സാധാരണക്കാരന്റെ തീന്മേശയില്‍നിന്ന് മാറിനില്‍ക്കുകയാണ്. പൊതുവിതരണ ശൃംഖലയിലൂടെ ന്യായ വിലയ്ക്ക് സാധനങ്ങള്‍ നല്‍കിയും കിറ്റുകള്‍ വിതരണം ചെയ്തും പൊതുജനത്തിന് സര്‍ക്കാര്‍ താങ്ങായി നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. പക്ഷെ, പഴയതുപോലെ കിറ്റ് നല്‍കില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കിയിരിക്കുന്നു. കോവിഡ് കാല സ്തംഭനം നീങ്ങിയെന്നും തൊഴില്‍ ചെയ്യാന്‍ പറ്റുന്ന സാഹചര്യമുള്ളതുകൊണ്ട് കിറ്റുകള്‍ സര്‍ക്കാറിന്റെ ആലോചനയിലേ ഇല്ലെന്നുമാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു ഇടതുപക്ഷ സര്‍ക്കാരിന്റെ കിറ്റു വിതരണം. അതിനപ്പുറം ജനക്ഷേമമോ കോവിഡ് പ്രതിസന്ധിയോ പരിഗണിച്ചായിരുന്നില്ല അതെന്ന് ഇപ്പോള്‍ വിലക്കയറ്റ കാലത്തെ സര്‍ക്കാര്‍ നിലപാടിലൂടെ കൂടുതല്‍ തെളിഞ്ഞിരിക്കുന്നു. തിരഞ്ഞെടുപ്പ് അവസാനിക്കുകയും തുടര്‍ഭരണം ലഭിക്കുകയും ചെയ്തപ്പോള്‍ തന്നെ റേഷന്‍ കടകള്‍ വഴിയുള്ള അരിയും കിറ്റുമൊക്കെ നിലച്ചിരുന്നു.

പൊതുമാര്‍ക്കറ്റില്‍ സര്‍ക്കാര്‍ നന്നായി ഇടപെടുന്നുണ്ടെന്ന മന്ത്രിയുടെ പ്രഖ്യാപനത്തില്‍ തരിമ്പും ആത്മാര്‍ത്ഥതയില്ലെന്ന് കടകള്‍ക്കു മുന്നിലെ വില വിവരപ്പട്ടിക തെളിയിക്കുന്നുണ്ട്്. കേവലം പ്രസ്താവനകളിലൂടെ മാത്രം ഭരണം തള്ളിനീക്കുകയാണ് ഇരു സര്‍ക്കാരുകളും. സാധാരണക്കാരന്റെ ദുരതത്തിലേക്ക് എത്തിനോക്കാന്‍ അല്‍പമെങ്കിലും സമയം കണ്ടെത്തിയിരുന്നെങ്കില്‍ സാമ്പത്തിക സ്ഥിതി ഇത്രയും മോശമാകുമായിരുന്നില്ല. ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഓഗസ്റ്റില്‍ രാജ്യത്ത് പണപ്പെരുപ്പ നിരക്ക് കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് മാത്രം വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകുമെന്ന് ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇന്ധന വിലക്കയറ്റം പോലുള്ള ചില കാതലായ വിഷയങ്ങള്‍ സാമ്പത്തിക ചെലവ് ഇരട്ടിയാക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുമ്പോള്‍ ആനുപാതികമായി പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ വില താഴുമ്പോള്‍ ലഭിക്കേണ്ട ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നിഷേധിക്കുകയും ചെയ്യുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് ദാസ്യവേല ചെയ്ത് മുന്നോട്ടുപോകുന്നതാണ് ജനങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കെല്ലാം കാരണം. സാധാരണക്കാരന്റെ ചോറ്റു പാത്രത്തില്‍ കയ്യിട്ടാണെങ്കിലും സമ്പന്നന്റെ ആഡംബരത്തിന് കുറവുണ്ടാകരുതെന്ന് മാത്രമേ ഭരണകൂടങ്ങള്‍ക്കുള്ളൂ.

 

Test User: