X

രാജ്യത്ത് വിചാരണത്തടവുകാരുടെ എണ്ണത്തില്‍ വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്തെ ജയിലുകളില്‍ വിചാരണത്തടവുകാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നിയമത്തെക്കുറിച്ചുള്ള അജ്ഞത, സാമ്പത്തിക പരാധീനത, നിയമസഹായം ലഭിക്കുന്നതിനുള്ള പരിമിതികള്‍ എന്നിവയാണ് വിചാരണത്തടവുകാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വച്ച രേഖകള്‍ പ്രകാരം 2016 ഡിസംബര്‍ 31ലെ കണക്കനുസരിച്ച് രാജ്യത്തെ ജയിലുകളിലുള്ളത് 2.93 ലക്ഷം വിചാരണത്തടവുകാരാണ്.

തൊട്ടു മുമ്പത്തെ വര്‍ഷം ഇത് 2.82 ലക്ഷം ആയിരുന്നു. 2000ത്തിലെ കണക്കുകള്‍ അനുസരിച്ച് തടവുകാരുടെ എണ്ണം രണ്ടു ലക്ഷത്തിനു താഴെയായിരുന്നു. അതായത് 16 വര്‍ഷത്തിനിടയില്‍ വിചാരണത്തടവുകാരുടെ എണ്ണത്തിലുണ്ടായ വര്‍ധന ഒരു ലക്ഷത്തോളമാണ്. മൊത്തം വിചാരണത്തടവുകാരില്‍ 53 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിലാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമബംഗാള്‍. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ വിചാരണത്തടവുകാരുള്ളത് ഉത്തര്‍പ്രദേശിലാണ്. 68,432 പേര്‍. ഇവിടെ മാത്രം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തടവുകാരുടെ എണ്ണത്തില്‍ ആറായിരത്തിലധികം പേരുടെ വര്‍ധനയുണ്ടായെന്നും പാര്‍ലമെന്റില്‍ വച്ച രേഖകള്‍ വ്യക്തമാക്കുന്നു.

2016നു ശേഷമുള്ള തടവുകാരുടെ വിവരങ്ങള്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. 2015ലെ നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് മൊത്തം വിചാരണത്തടവുകാരില്‍ 3,599 പേര്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ജയിലില്‍ കഴിഞ്ഞവരാണ്.
ക്രിമിനല്‍ നടപടി ചട്ടത്തിലെ 436 എ വകുപ്പ് അനുസരിച്ച് ചെയ്ത കുറ്റത്തിന് പരമാവധി ലഭിക്കാവുന്ന ശിക്ഷയുടെ പകുതി കാലയളവ് ജയിലില്‍ കഴിഞ്ഞവര്‍ക്ക് ജാമ്യം ലഭിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ നിയമത്തെക്കുറിച്ചുള്ള അജ്ഞതയോ അഭിഭാഷകനെ നിയോഗിക്കുന്നതിനുള്ള സാമ്പത്തിക പരാധീനതയോ കാരണം പലര്‍ക്കും ഇത് ഉപയോഗപ്പെടുത്താനാവുന്നില്ല.

ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞ ശേഷം നിരപരാധികളെന്ന് കണ്ട് വിട്ടയക്കുന്ന കേസുകളും ധാരാളമുണ്ട്. ജീവിതത്തിന്റെ വലിയൊരു ഭാഗം തടവറകളില്‍ ഹോമിക്കപ്പെട്ട ഇവര്‍ക്ക് വലിയ നീതി നിഷേധമാണ് അനുഭവിക്കേണ്ടി വരുന്നത്. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പഠനം അനുസരിച്ച് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിചാരണത്തടവുകാരുള്ള 18ാമത്തെ രാജ്യമാണ് ഇന്ത്യ.

ഏഷ്യയില്‍ മൂന്നാമത്തെയും. ഇന്ത്യന്‍ ജയിലുകളിലെ മൊത്തം തടവുകാരില്‍ മൂന്നില്‍ രണ്ടും വിചാരണത്തടവുകാരാണ് എന്നതാണ് മറ്റൊരു വസ്തുത. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജയിലില്‍ അടക്കപ്പെടുന്ന രാജ്യം അമേരിക്കയാണെന്നാണ് കണക്ക്. എന്നാല്‍ ഇവിടെ വിചാരണത്തടവുകാരുടെ എണ്ണം മൊത്തം തടവുകാരുടെ 20 ശതമാനം മാത്രമാണ്.

chandrika: