മുഹമ്മദ് അസ്‌ലം
ഇന്ത്യ ദീപാവലി ആഘോഷിക്കുമ്പോള്‍ ലണ്ടനിലെ ഡോണിങ് സ്ട്രീറ്റില്‍ ബ്രിട്ടീഷ് ജനത പ്രതീക്ഷയുടെ വിളക്ക് കൊളുത്തുകയായിരുന്നു. ആകസ്മികമായിരിക്കാം; പക്ഷേ, ദീപാവലി ദിവസം തന്നെ ഋഷി സുനക് പ്രധാനമന്ത്രിയായത് ശുഭലക്ഷണമായി ബ്രിട്ടന്‍ കാണുന്നുണ്ടാകും. കഷ്ടതയുടെ കണക്കുപുസ്തകം അടച്ചുവെച്ച് നന്മയുടെ ദിനങ്ങളിലേക്കുള്ള ചുടവുവെപ്പായി അത് മാറുമോ എന്നത് കണ്ടറിയുക തന്നെ വേണം. സുനകിന്റെ അധികാരലബ്ധിയില്‍ ഇന്ത്യക്ക് ആഹ്ലാദവും അഭിമാനവുമുണ്ട്. ദീര്‍ഘകാലം അടക്കി ഭരിച്ച ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പദം ഏറ്റെടുക്കുകയെന്ന മാഹാദൗത്യം സുനകിനുവേണ്ടി കാലം കാത്തുവെച്ചിരിക്കുകയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ ഇന്ത്യന്‍ ജനതക്ക് ചരിത്രപരം കൂടിയാണ് ഈ മുഹൂര്‍ത്തം. തിന്മയ്ക്കുമേല്‍ നന്മയുടെ വിജയം ആഘോഷിക്കാന്‍ ദീപങ്ങള്‍ തെളിയിച്ച് കാത്തിരുന്ന ഇന്ത്യക്കാരെ തേടിയെത്തിയ മധുര വാര്‍ത്തക്ക് പ്രതികാരത്തിന്റെ ഇരട്ടി മുധരം കൂടിയുണ്ട്. ഇരു രാജ്യങ്ങളിലും ആഹ്ലാദത്തിന്റെ ലഡു പൊട്ടിയെങ്കിലും ഋഷി സുനകിന്റെ നെഞ്ചില്‍ പുകയുന്നത് ആശങ്കയുടേതാണ്. നടുവൊടിഞ്ഞ് കിടക്കുന്ന ബ്രിട്ടീഷ് സമ്പദ്ഘടനയെ കൈപിടിച്ചുയര്‍ത്തുകയെന്ന ക്ലേശകരമായ ദൗത്യമാണ് അദ്ദേഹം സ്വയം ഏറ്റെടുത്തിരിക്കുന്നത്.
ലിസ് ട്രസ് എന്ന പ്രധാനമന്ത്രിക്ക് ഡോണിങ് സ്ട്രീറ്റില്‍ ഇരിക്കാന്‍ കഴിഞ്ഞത് 45 ദിവസം മാത്രമാണ്. അത്രമാത്രം മുള്ളു നിറഞ്ഞതും ചുട്ടു പൊള്ളുന്നതുമാണ് ഇപ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കസേര. പ്രക്ഷുബ്ധദമായ സാമ്പത്തിക സാഹചര്യങ്ങള്‍ ലിസ് ട്രസിനെ ഡോണിങ് സ്ട്രീറ്റില്‍നിന്ന് ഇറങ്ങി ഓടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ബോറിസ് ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അധികാരത്തില്‍നിന്ന് താഴെ വലിച്ചിടാന്‍ നേതൃത്വം നല്‍കിയത് ഋഷി സുനകാണ്. ഇപ്പോള്‍ അതേ കസേരയില്‍ ഇരിപ്പുറപ്പിക്കുമ്പോള്‍ ചുറ്റും എത്തിനോക്കുന്നത് വെല്ലുവിളികള്‍ മാത്രമാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലൊച്ചകള്‍ അമേരിക്കയോടൊപ്പം ബ്രിട്ടനെയും ഭീതിപ്പെടുത്തുന്നുണ്ട്.
40 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെ എത്തിയ യുക്രെയ്ന്‍-റഷ്യ യുദ്ധം ബ്രിട്ടീഷ് സമ്പദ്ഘടനയെ വലിയ കുരുക്കില്‍ അകപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ രാജ്യങ്ങളെല്ലാം പലിശ നിരക്കുകള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ യൂറോപ്പിന്റെ മൊത്തം സ്ഥിതി പ്രവചനാതീതമാണ്. സമ്പദ്ഘടനയെ രക്ഷപ്പെടുത്താന്‍ ലിസ് ട്രസ് വലിയൊരു ശസ്ത്രക്രിയയാണ് ആസൂത്രണം ചെയ്തിരുന്നത്. അതിസമ്പന്നര്‍ക്കുള്ള നികുതി വന്‍തോതില്‍ വെട്ടിക്കുറക്കുകയും വരുമാന നഷ്ടം പരിഹരിക്കാന്‍ പണം കടമെടുക്കാന്‍ തീരുമാനിക്കുകയും ചെയ്ത ലിസിന്റെ മിനി ബജറ്റ് സമ്പദ്ഘടനക്ക് തിരിച്ചടിയായി. രാജ്യം കൂടുതല്‍ വലിയ പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനവും സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ള കുത്തുകളും കൂടിയായപ്പോള്‍ അവര്‍ക്ക് രാജിയല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല.
ബോറിസ് ജോണ്‍സണിന്റെ ഒഴിവിലേക്ക് ലിസ് ട്രസിനോട് മത്സരിക്കാന്‍ ഋഷി സുനകുമുണ്ടായിരുന്നു. മത്സരത്തില്‍ ആദ്യം ഏറെ മുന്നേറിയിരുന്ന അദ്ദേഹത്തിന് ഇടയ്ക്ക് തിരിച്ചടി നേരിട്ടു. തുടര്‍ന്നാണ് ലിസിന് വേണ്ടി വഴിമാറിക്കൊടുക്കേണ്ടിവന്നത്. ഇപ്പോള്‍ സുനക് വരുന്നുവെന്ന് അറിഞ്ഞതോടെ ബ്രിട്ടീഷ് പൗണ്ടിന് ശയ്യയില്‍നിന്ന് തല ഉയര്‍ത്താന്‍ ശക്തി കിട്ടിയതുപോലെ തോന്നുന്നുണ്ട്. അതൊരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഒരു സന്തോഷ വാര്‍ത്ത കേട്ടപ്പോള്‍ രോഗിക്കുണ്ടായ ഉണര്‍വുപോലെ. രോഗം ഭേദമായതുകൊണ്ടല്ല; മാനസിക ഉത്സാഹത്തില്‍ തളര്‍ച്ച മറന്ന് പെരുമാറാന്‍ പൗണ്ടിനെ പ്രേരിപ്പിക്കുകയായിരുന്നു. സമ്പദ്ഘടന സര്‍വത്ര തളര്‍ന്നിരിക്കെ പ്രതീക്ഷക്ക് വകയില്ല. സുനകിനും അതേക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം നടത്തിയ പ്രസംഗത്തില്‍ നിരാശയുടെ മുനകള്‍ ധാരാളം കാണാം. സമ്പദ്ഘടനക്ക് ആത്മവിശ്വാസം പകരാനും തിരിച്ചുവരവിനും പ്രയാസകരമായ തീരുമാനങ്ങള്‍ വേണ്ടിവരുമെന്നാണ് സുനക് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പക്ഷേ, ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ പരമ്പരാഗത സ്വഭാവവും ആഗോള സാഹചര്യങ്ങളും മറന്നുള്ള ഏത് കളികളും തിരിച്ചടിയുണ്ടാക്കുമെന്ന് മനസ്സിലാക്കി പെരുമാറിയാല്‍ അദ്ദേഹത്തിന് നല്ലത്.
കോവിഡ് കാലത്ത് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകുമ്പോള്‍ ധനകാര്യം കൈകാര്യം ചെയ്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സുനകിന് സാധിച്ചിരുന്നു. പ്രധാനമന്ത്രിയായ ശേഷം നടത്തിയ പ്രസംഗത്തിലും അദ്ദേഹം അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ധനമന്ത്രിയായിരിക്കെ നേടിയ കയ്യടികള്‍ മാത്രമാണ് ഇപ്പോള്‍ അദ്ദേഹത്തിന് ആത്മവിശ്വാസം പകരുന്നത്. ധനമന്ത്രിയില്‍നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമ്പോള്‍ സമ്പദ്ഘടനയെ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകില്ല. ബ്രിട്ടന്റെ വിദേശനയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്നുണ്ട്. എടുത്തു ചാട്ടങ്ങളും അമിതാവേശവും അപകടമാണെന്ന് ലിസ് ട്രസിലൂടെ സുനക് പഠിച്ചിട്ടുണ്ടാകും. സ്വന്തം താല്‍പര്യങ്ങള്‍ മാറ്റിവെച്ച് ബ്രിട്ടീഷ് ജനതയുടെ വിശാല കാഴ്ചപ്പാടുകളോടൊപ്പം നില്‍ക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് മാത്രമേ ഡോണിങ് സ്ട്രീറ്റില്‍ സ്വസ്ഥത ലഭിക്കൂ.