X

അയ്യറിന്റെ റെക്കോർഡ് മിനിറ്റുകൾക്കുള്ളിൽ തകർത്ത് ഋഷഭ് പന്ത്; 27 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി

ജിദ്ദ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന നേട്ടം മിനിറ്റുകള്‍ക്കുള്ളില്‍ ശ്രേയസ് അയ്യര്‍ക്ക് നഷ്ടമായി. ഡല്‍ഹി ക്യാപിറ്റല്‍സ് കൈവിട്ട ഋഷഭ് പന്താണ് പുതിയ റെക്കോര്‍ഡിട്ടത്. താരത്തെ 27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെത്തിച്ചു.

ലേലത്തിനു മുന്‍പ് തന്നെ പന്ത് ഹോട്ട് ടോപ്പിക്കായിരുന്നു. താരത്തിനായി എല്ലാ ടീമുകളും ശക്തമായി ലേലം വിളിച്ചു. ഒടുവില്‍ സര്‍വകാല റെക്കോര്‍ഡുമായാണ് പന്തിന്റെ ലഖ്‌നൗവിലേക്കുള്ള വരവ്.

അയ്യര്‍ക്ക് 26.75 കോടി

മുന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകനെ പഞ്ചാബ് കിങ്‌സാണ് റെക്കോര്‍ഡ് തുകയ്ക്ക് വിളിച്ചെടുത്തത്. 26.75 കോടി രൂപയ്ക്കാണ് ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സും അവസാന ഘട്ടം വരെ ശ്രേയസിനായി ശ്രമം നടത്തിയിരുന്നു. 26.50 കോടി വരെ ഡല്‍ഹി വിളിച്ചെങ്കിലും അതിനും മുകളിലേക്ക് പഞ്ചാബ് വിളിച്ചതോടെ ഡല്‍ഹി പിന്‍മാറി.

അര്‍ഷ്ദീപ് സിങ്

ലേലത്തില്‍ ആദ്യമെത്തിയത് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങാണ്. താരത്തെ പഞ്ചാബ് കിങ്‌സ് തന്നെ വിളിച്ചെടുത്തു. 18 കോടി രൂപയ്ക്കാണ് അവര്‍ ലേലത്തില്‍ താരത്തെ വീണ്ടും സ്വന്തമാക്കിയത്.

മുന്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറും ഇംഗ്ലണ്ട് നായകനുമായ ജോസ് ബട്‌ലറെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചു. താരത്തെ 15.75 കോടിയ്ക്കാണ് ഗുജറാത്ത് സ്വന്തമാക്കിയത്.

മിച്ചല്‍ സ്റ്റാര്‍ക്ക്

കഴിഞ്ഞ വര്‍ഷം നടന്ന ലേലത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. 11.75 കോടിയ്ക്കാണ് ഓസീസ് പേസറെ ഡല്‍ഹി സ്വന്തമാക്കിയത്.

കഗിസോ റബാഡ

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 10.75 കോടിയ്ക്കാണ് താരത്തെ ഗുജറാത്ത് വിളിച്ചെടുത്തത്.

webdesk14: