X

ലോകകപ്പ് : അര്‍ജന്റീനയല്ല റിക്വല്‍മി സാധ്യത കല്‍ക്കുന്ന ടീം ഇതാണ്

മാഡ്രിഡ് : ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന ടീമില്‍ അര്‍ജന്റീന മുന്‍നിരയിലുണ്ടെന്നും തന്നെ സംബന്ധിച്ചിടത്തോളം മികച്ച ടീം സ്‌പെയ്‌നാണെന്നും അര്‍ജന്റീനയുടെ ഇതിഹാസതാരം റിക്വല്‍മി. ലോകകപ്പിനു മുന്നോടിയായിയുള്ള അര്‍ജന്റീന-സ്‌പെയ്ന്‍ സൗഹൃദ മത്സരം നാളെ നടക്കാനിരിക്കെയാണ് മുന്‍അര്‍ജന്റീന്‍താരം മനസ്സു തുറന്നത്.

റഷ്യയില്‍ കപ്പുയര്‍ത്താനുള്ള എല്ലാ ചേരുവകളും അര്‍ജന്റീനക്കുണ്ട്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം സ്‌പെയ്‌നാണ് നിലവില്‍ എല്ലാ ടീമിനേക്കാളും മികച്ചത്. അര്‍ജന്റീനക്ക് കപ്പുനേടാനായില്ലെങ്കില്‍ സ്‌പെയ്ന്‍ നേടണം എന്നാണ് എന്റെ ആഗ്രഹം. ബ്രസീലിനും റഷ്യയില്‍ വലിയ സാധ്യതയുണ്ട്. നെയ്മറിന്റെ സാന്നിധ്യം എതിര്‍ ടീമിന് വലിയ വെല്ലുവിളിയായിരിക്കും.എക്കാലത്തതുംപോലെ മികച്ച നിരയുമായാണ് ജര്‍മനി എത്തുന്നത്. താരനിബിഡമായ ഫ്രാന്‍സിനെ ആര്‍ക്കാണ് എഴുതിതള്ളാനാവുക. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിക്വല്‍മി പറഞ്ഞു.

ലയണല്‍ മെസ്സി മികച്ച കളിക്കാരന്‍ എന്നതില്‍ തര്‍ക്കമില്ല. ഇനിയേസ്റ്റയും മെസ്സിയുമുള്ള കോമ്പിനേഷന്‍ മികച്ചതാണ്. കളിയെ മനസ്സിലാക്കുന്നതില്‍ ഇനിയേസ്റ്റയുടെ പാടവം വലുതാണ്. അദ്ദേഹം നല്‍കുന്ന പലപാസ്സുകളും മറ്റൊരു കളിക്കാരാനും സാധിക്കില്ല, കളിക്കളത്തില്‍ ഇനിയേസ്റ്റയുടെ സംഭാവന അദ്ദേഹം വിരമിച്ചതിനു ശേഷമായിരിക്കും വാഴ്ത്തപ്പെടുക. മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവര്‍ മറ്റു എല്ലാകളിക്കാരേക്കാളും മുകളിലാണ്. ഇത്തരം പ്രതിഭകള്‍ വീണ്ടും ഉണ്ടാവുക വളരെ വിരളമായിട്ടാണ്. മത്സരത്തിന്റെ ഫലങ്ങള്‍ ഏതു നിമിഷവും തങ്ങള്‍ക്കൊപ്പമാക്കാനുള്ള കരുത്ത് ഇവരിലുണ്ട്.

2006 ലോകകപ്പിലെ അര്‍ജന്റീനയുടെ നെടുംതൂണായിരുന്നു റിക്വല്‍മി. ജര്‍മനിക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരുഗോളിന് മുന്നില്‍ നില്‍ക്കെ റിക്വല്‍മിയെ പിന്‍വലിച്ചതാണ് അര്‍ജന്റീനയുടെ പരാജയത്തിന് കാരണമായതെന്ന് ഇന്നും ആരാധകര്‍ വിശ്വസി്ക്കുന്നു. പാസ്സിങിലെ അസാമാന്യ കഴിവാണ് റിക്വല്‍മിയെ മറ്റുകളിക്കാരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

chandrika: