Categories: Article

അണിയറ നീക്കങ്ങളുടെ അലയൊലികള്‍

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് സംസ്ഥാനം നീങ്ങാനിരിക്കെ 2021 നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമായ സി.പി.എം- ബി.ജെ.പി ബാന്ധവത്തിന്റെ അലയൊലികള്‍ വിവിധ തലങ്ങളില്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രസ്താവനകളും പ്രസംഗങ്ങളും ഇരു നേതാക്കളും തരാതരം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഉന്നത നേതൃത്വങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളും സംഭാഷണങ്ങളും മറുഭാഗത്തും തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനും ഡല്‍ഹിയില്‍ വെച്ച് നടത്തിയ അപ്രതീക്ഷിത കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങളെക്കുറിച്ച് ഇന്നലെ രമേശ് ചെന്നിത്തല നിയമസഭയില്‍ വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ കൃത്യമായ മറുപടി നല്‍കുന്നതിനുപകരം അടിയന്തരാവസ്ഥയിലും മറ്റും ചാരി പിണറായി വിജയന്‍ രക്ഷപ്പെടുകയായിരുന്നു. ‘കേരളത്തിന്റെ മുഖ്യമന്ത്രിമാര്‍ ഇതിന് മുമ്പും കേന്ദ്രമന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കാണാറുണ്ട്. അതെല്ലാം ഔദ്യോഗിക നടപടിയാണ്.

ഞങ്ങള്‍ അതിനനെയല്ല വിമര്‍ശിച്ചത്. എന്ത് അനൗദ്യോഗിക സന്ദര്‍ശനമാണ് കേരളത്തിന്റെ മുഖ്യമന്ത്രി ധനകാര്യമന്ത്രിയോട് നടത്തിയതെന്ന് നമുക്കറിയണമെന്നും കേന്ദ്ര സര്‍ക്കാറിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ കഴിഞ്ഞ വര്‍ഷത്തിനുള്ളില്‍ ഒരക്ഷരം പറഞ്ഞിട്ടുണ്ടോയെന്നും ആര്‍.എസ്.എ സും ബി.ജെ.പിയും ഫാസിസ്റ്റല്ല എന്ന കാരാട്ടിന്റെ വാദം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ലൈനായി മാറിയെന്നും’ ചെന്നിത്തല ആരോപിച്ചപ്പോള്‍ അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിച്ച് തടിയൂരുകയാണ് മുഖ്യമന്ത്രി ചെയ്തത്.

ആശയപരമായി ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാറിനെ ഫാസിസ്റ്റ് സര്‍ക്കാറെന്ന് വിളിക്കാന്‍ കഴിയില്ലെന്നാണ് മധുരയില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി തയാറാക്കിയ രാഷ്ട്രീയ രേഖയില്‍ പോളിറ്റ്ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് വ്യക്തമാക്കിയിരിക്കുന്നത്. കേരള സി.പി.എമ്മിന്റെ സ്വന്തമായി അറിയപ്പെടുന്ന പ്രകാശ് കാരാട്ടിന്റെ റിപ്പോര്‍ട്ട് പിണറായി വിജയന്റെ ആശീര്‍വാദത്തോട് കൂടിയുള്ളതായിരിക്കുമെന്നതില്‍ രണ്ടഭിപ്രായത്തിന് ഇടംപോലുമില്ല.

സംസ്ഥാനത്തെ അവഗണനയുടെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുകയും സാമ്പത്തികമായും രാഷ്ട്രീയമായും ഞെരുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തോട് ശക്തമായ ഭാഷയില്‍ പ്രതികരിക്കാന്‍ ഒരുഘട്ടത്തില്‍പോലും തയാറായിട്ടില്ലാത്ത പിണറായി വിജയന്‍ തന്റെ നാവ്‌കൊണ്ട് മോദിക്കും കൂട്ടര്‍ക്കും അബദ്ധത്തില്‍ പോലും മുറിവേല്‍ക്കാതിരിക്കാനുള്ള ജാഗ്രതയും കൃത്യമായി പുലര്‍ത്തിപ്പോരുന്നുണ്ട്. കേന്ദ്ര അവഗണനക്കെതിരെ സംസ്ഥാനത്ത് വെച്ച് വലിയ വായില്‍ സംസാരിക്കുന്ന അദ്ദേഹത്തോട്, രാഷ്ട്രീയ നെറികേടിനും ഭരണഘടനാ വിരുദ്ധ സമീപനങ്ങള്‍ക്കുമെതിരെ ഡല്‍ഹിയിലെത്തി ശക്തമായ സമരത്തിന് നേതൃത്വം നല്‍കാന്‍ പ്രതിപക്ഷം പലവുരു ആവശ്യപ്പെട്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു.

ഗത്യന്തരമില്ലാതെ പേരിനുമാത്രമായി നടത്തിയ പ്രതിഷേധത്തിലാകട്ടേ മോദി സര്‍ക്കാറിനെതിരെ കാര്യമായ വിമര്‍ശനങ്ങളുമൊന്നുമുയര്‍ത്താതെ സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ ചോദിച്ചുവാങ്ങുന്നതിന് പകരം യാചനാ സ്വരത്തിലായിരുന്നു പിണറായിയുടെ സംസാരമത്രയും. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇതേ വേദിയില്‍വെച്ചുതന്നെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍ എയ്തുവിടുമ്പോഴായിരുന്നു കേരള മുഖ്യമന്ത്രിയുടെ ഈ തണുപ്പന്‍ പ്രതികരണമെന്നോര്‍ക്കണം.

മുസ്ലിം ന്യൂനപക്ഷങ്ങളെ ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി ഫാസിസ്റ്റ് ശക്തികളെ സന്തോഷിപ്പിക്കുന്ന ഏര്‍പ്പാടിലേക്ക് ഇപ്പോള്‍ സി.പി.എമ്മും അവരുടെ ദല്ലാളുകളും നീങ്ങിയിരിക്കുകയാണ്. സി.പി.എമ്മിന്റെ എല്ലാ വഴിവിട്ട നീക്കങ്ങള്‍ക്കും ഇടംവലം നോക്കാതെ തലവെച്ചുകൊടുക്കേണ്ട ഉത്തരവാദിത്തമുള്ള കെ.ടി ജലീല്‍ തന്നെയാണ് ഈ ദൗത്യത്തിനും തുടക്കം കുറിച്ചിരിക്കുന്നത്.

മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എം.ഡി.എം.എ കടത്ത് കേസുകളിലൊക്കെ പിടിയിലാകുന്നതെന്ന നിരീക്ഷണമാണ് അദ്ദേഹത്തിന്റെതായി വന്നിരിക്കുന്നത്. സംസ്ഥാനത്തെ ലഹരി മാഫിയയുടെ കൈയ്യിലേക്ക് വലിച്ചെറിഞ്ഞുകൊടുത്ത സര്‍ക്കാര്‍ സമീപനത്തെ മറച്ചുവെക്കാന്‍ വേണ്ടിയുള്ള ജലീലിന്റെ ചെപ്പടി വിദ്യയാണ് ആരോപണത്തിന് പിന്നിലെങ്കിലും അതിന് ഒരു സമുദായത്തെ ഒന്നടങ്കം കുറ്റപ്പെടുത്തുമ്പോള്‍ ഒരു നിമിഷം പോലും പാഴാക്കാതെ പി.സി ജോര്‍ജിനെപോലെയുള്ള വര്‍ഗീയതയുടെ തണലില്‍ ജീവിക്കുന്നവര്‍ അതേറ്റെടുക്കുകയാണ്.

ഒരു ഇടതു സഹയാത്രികന്റെറെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് സംഘ്പരിവാര്‍ സഹയാത്രികന് കുടപിടിച്ചു കൊടുക്കാന്‍ ഒരു തടസ്സവുമില്ലാത്ത ഈ സാഹചര്യം തന്നെയാണ് സി.ജെ.പിയുടെ പുതിയ പരീക്ഷണങ്ങളുടെ ഏറ്റവും മികച്ച തെളിവ്. അപകടകരമായ ഈ പ്രസ്താവനകളെ ചോട്ടാ നേതാക്കളും വ്യാപകമായി ഏറ്റെടുക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങളെല്ലാം സുവ്യക്തമായിക്കൊണ്ടിരിക്കുകയാണ്.

webdesk18:
whatsapp
line