X

കാമ്പസില്‍ കീറിയ ജീന്‍സ് ധരിക്കാന്‍ പാടില്ല’: വിദ്യാര്‍ഥികള്‍ സത്യവാങ്മൂലം നല്‍കണമെന്ന് നിര്‍ദേശിച്ച് കോളേജ് അധികൃതര്‍

കാമ്പസിനുള്ളില്‍ വിദ്യാര്‍ഥികള്‍ കീറിയ രീതിയിലുള്ള ജീന്‍സ് ധരിക്കരുതെന്ന നിര്‍ദേശവുമായി അധികൃതര്‍. ആചാര്യ ജഗദീഷ് ചന്ദ്രബോസ് കോളേജില്‍ പുതുതായി പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് നിര്‍ദേശം. കീറലുള്ള ജീന്‍സിട്ട് കാമ്പസിനകത്ത് പ്രവേശിക്കില്ലെന്ന സത്യവാങ്മൂലം നല്‍കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ നോട്ടീസ് നല്‍കി. കീറിപ്പറിഞ്ഞ ജീന്‍സ് പോലെയുള്ള ‘മാന്യമല്ലാത്ത’ വസ്ത്രങ്ങള്‍ കാമ്പസിനകത്ത് ധരിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

‘ആചാര്യ ജഗദീഷ് ചന്ദ്രബോസ് കോളേജില്‍ പ്രവേശനം നേടിയ ശേഷം, കീറിയ ജീന്‍സുകളോ ഏതെങ്കിലും തരത്തിലുള്ള മാന്യമല്ലാത്ത വസ്ത്രങ്ങളോ ധരിച്ച് ഞാന്‍ ഒരിക്കലും കോളേജ് പരിസരത്ത് പ്രവേശിക്കില്ല. എന്റെ പഠന കാലയളവില്‍ ഞാന്‍ സാധാരണ വസ്ത്രങ്ങള്‍ ധരിക്കുമെന്ന് ഉറപ്പുനല്‍കുന്നു’, എന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളോടും ഇക്കാര്യത്തില്‍ സമ്മതപത്രം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷവും സമാനമായി കോളേജ് നോട്ടീസ് പുറത്തിറക്കിയിരുന്നു.

കോളേജില്‍ കീറിപ്പറിഞ്ഞ ജീന്‍സ് ധരിച്ചെത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് ഇത്തരം ഒരു നോട്ടീസ് പുറത്തിറക്കിയതെന്ന് പ്രിന്‍സിപ്പല്‍ പൂര്‍ണ ചന്ദ്ര മെയ്തി പറഞ്ഞു. അത്തരം വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടല്ല വിദ്യാര്‍ഥികള്‍ കോളേജില്‍ എത്തേണ്ടത്. മാന്യമല്ലാത്ത വസ്ത്രങ്ങള്‍ ഒരിക്കലും കോളേജില്‍ അനുവദിക്കില്ല. അതുകൊണ്ടാണ് കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും നിര്‍ദേശം മുന്നോട്ടുവെച്ചതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് കോളേജിന് പുറത്ത് എന്തുവേണമെങ്കിലും ധരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സത്യവാങ്മൂലത്തില്‍ ഒപ്പിട്ടതിനുശേഷം മാത്രമേ അഡ്മിഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. കീറിയ വസ്ത്രങ്ങള്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് അനുയോജ്യമല്ല. വിദ്യാര്‍ത്ഥികള്‍ കോളേജിന്റെ നിയമങ്ങള്‍ പാലിക്കുകയും അനുയോജ്യമായ രീതിയില്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് അറിയുകയും വേണമെന്നും മെയ്തി പറഞ്ഞു. കോളേജിന്റെ നടപടിക്കെതിരെ നിരവധി വിദ്യാര്‍ഥികള്‍ രംഗത്തുവന്നു.

webdesk13: