X

ജനശ്രദ്ധ തിരിച്ചുവിടാനുള്ള കോലാഹലം-റിയാസ് പുലിക്കണ്ണി

2019 നവംബറിലായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടങ്ങുന്ന അഞ്ചംഗ ബെഞ്ച് പതിറ്റാണ്ടുകളോളം കോളിളക്കം സൃഷ്ടിച്ച ബാബരി മസ്ജിദ് കേസില്‍ അന്തിമ വിധി പുറപ്പെടിവിച്ചത്. തീര്‍ത്തും യുക്തിക്കു നിരക്കാത്ത, നീതിയുക്തമല്ലാത്ത ആ തീരുമാനം ഇങ്ങനെയായിരുന്നു; ബാബരി നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രമോ മറ്റേതെങ്കിലും മന്ദിരമോ നിലനിന്നിരുന്നതിന് തെളിവില്ലെന്നു വ്യക്തമാക്കിക്കൊണ്ടുതന്നെ ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസവും വികാരവും മാനിച്ച് ബാബരി മസ്ജിദ് അവര്‍ക്കു നല്‍കുന്നു. ഇനിയെങ്കിലും മതവര്‍ഗീയ കലാപങ്ങളുടെ കനലുകള്‍ ഒടുങ്ങട്ടെയെന്നു കരുതിയാണ് ഒരിക്കലും ഉള്‍കൊള്ളാന്‍ കഴിയാത്ത ആ അത്യപൂര്‍വ വിധിയെ നീരസത്തോടെയാണെങ്കിലും ഇന്ത്യയിലെ മുസ്‌ലിംകള്‍ അന്നു അംഗീകരിച്ചത്. എന്നാല്‍ സമകാലിക സംഭവ വികാസങ്ങള്‍സൂചിപ്പിക്കുന്നത് മറ്റൊന്നാണ്.

ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങളുടെമേല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തര്‍ക്ക ഭൂമിയാക്കാനും അതുവഴി മത വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനും ഒടുവില്‍ അന്യായമായി അതു പിടിച്ചടക്കാനുമുള്ള സംഘ്പരിവാര്‍ സംഘടനകളുടെ ആസൂത്രിത നീക്കം. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദിന്റെ പടിഞ്ഞാറെ മതിലിന്റെ പുറംഭിത്തിയില്‍ ഹിന്ദു ദേവതാ വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ അഞ്ചു സ്ത്രീകള്‍ ഹര്‍ജി സമര്‍പ്പിച്ചതാണ് നിലവിലെ വിവാദങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് വാരണസിയിലെ സിവില്‍ കോടതി ഗ്യാന്‍വാപി-ഗൗരി ശ്യംഗാര്‍ സമുച്ചയത്തിലെ ബേസ്‌മെന്റുകള്‍ സര്‍വേ നടത്താനും വീഡിയോ ചിത്രീകരിക്കാനും സ്‌പെഷ്യല്‍ കമ്മിറ്റിയെ നിയോഗിച്ച് മെയ് പത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഗ്യാന്‍വാപി മസ്ജിദ് പരിപാലകരായ അന്‍ജുമന്‍ ഇന്‍തിസാമിയ കമ്മിറ്റി ആ നീക്കത്തെ ശക്തമായി എതിര്‍ക്കുകയും കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷണര്‍ക്ക് വീഡിയോ ചിത്രീകരണം നടത്താന്‍ അധികാരമില്ലെന്ന് പ്രഖ്യാപിക്കുകയും തുടര്‍ന്ന് സര്‍വേ സ്തംഭിക്കുകയും ചെയ്തു. മെയ് 12ന് സര്‍വേ തുടരാനും പതിനേഴിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സിവില്‍ കോടതി വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചു. അതോടെ സമുച്ചയത്തിന്റെ ബേസ്‌മെന്റ് സര്‍വേ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് പരിപാലന കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചു. എന്നാല്‍ ഈ നിയമ നടപടികള്‍ക്കൊന്നും കാത്തുനില്‍ക്കാതെ കനത്ത കാവല്‍ സുരക്ഷയില്‍ മെയ് പതിനാലിന് സര്‍വേ പുനരാരംഭിക്കുകയും വീഡിയോ ചിത്രീകരിച്ച് പതിനാറിന് പൂര്‍ത്തീകരിക്കുകയും ചെയ്തു.

തൊട്ടടുത്ത ദിവസം വുദുഖാന(ഹൗള്)യില്‍ നിന്നു ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദവുമായി അഭിഭാഷകന്‍ വിഷ്ണു ജയിന്‍ രംഗത്തു വന്നു. അതോടെ കാലേകൂട്ടി തീരുമാനിച്ചുറപ്പിച്ചതുപ്രകാരം സംഘ്പരിവാര്‍ സംഘടനകള്‍ വാസ്തവവിരുദ്ധമായ ഈ വാര്‍ത്തയെ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചു. സത്യത്തില്‍ ഹൗളിന്റെ നടുവിലുള്ള ഫൗണ്ടല്‍ (ജലധാര) ആയിരുന്നു ശിവലിംഗമെന്ന പേരില്‍ വര്‍ഗീയ കോമരങ്ങള്‍ ബോധപൂര്‍വം പടച്ചുവിട്ടത്. അതുകൊണ്ട്തന്നെ രാജ്യത്തെ രാമരാജ്യമായി പ്രഖ്യപിക്കാന്‍ കാലങ്ങളായി വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന തിരക്കഥകളുടെ തുടര്‍ക്കഥയായിട്ടുതന്നെ ഗ്യന്‍വാപിയേയും തിരിച്ചറിയേണ്ടതുണ്ട്. അതേസമയം ബാബരിയുടെ പേരില്‍ രാജ്യം അനുഭവിച്ച കലഹങ്ങളുടെയും കലാപങ്ങളുടെയും തിക്താനുഭവങ്ങള്‍ മുന്നിലുണ്ടായിട്ടും മത സൗഹാര്‍ദം തകര്‍ക്കുന്ന ഏറെ ഗൗരവതരമായ വിഷയത്തില്‍ വീഡിയോ ചിത്രീകരണത്തിന് അനുവാദം നല്‍കി തര്‍ക്കത്തിന് ആക്കം കൂട്ടുന്ന അപക്വമായ തീരുമാനം കൈകൊണ്ട വാരാണസി സിവില്‍ കോടതിയുടെ സമീപനം നിസ്സാരമായി കാണാനാവില്ല. വര്‍ഗീയ ശക്തികള്‍ക്ക് മതധ്രുവീകരണം നടത്തി സംഘര്‍ഷം സൃഷ്ടിക്കാന്‍ കരുത്തു പകരുന്ന ഭരണകൂട പിന്തുണയായി തന്നെ അതിനെ കരുതേണ്ടതുണ്ട്. മാത്രമല്ല 1991 സെപ്തംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ആരാധനാലയ സംരക്ഷണ നിയമത്തിനെതിരും ഭരണഘടനാവിരുദ്ധവുമാണ് കോടതിയുടെ തീരുമാനം. ഈ നിയമമനുസരിച്ച് 1947 ഓഗസ്റ്റ് 15 ന് രാജ്യത്തെ ഏതെല്ലാം ആരാധനാലയങ്ങള്‍ ആരുടെയെല്ലാം കൈകളിലാണോ അതവരുടെ ഉടമസ്ഥതയില്‍ തുടരുമെന്നും യാതൊരുവിധ കയ്യേറ്റവും തര്‍ക്കവും ഇതു അനുവദിക്കുന്നില്ലെന്നതും സുവ്യക്തമാണ്. എന്നിട്ടും ഇതരമതസ്ഥരുടെ ആരാധനാലയങ്ങളുടെമേല്‍ ആരോപണങ്ങള്‍ ഉയര്‍ത്തി അവകാശം ഉന്നയിക്കുന്ന ഹീനമായ സമീപനം അങ്ങേയറ്റം വെറുക്കപ്പെടേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതുമാണ്.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയും ഇന്ധനം, ആവശ്യസാധന വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, സാമ്പത്തികത്തകര്‍ച്ച തുടങ്ങിയ ഭരണകൂട വീഴ്ചകളെ മറച്ചുവെക്കാനും പൊതുജന ശ്രദ്ധ മറ്റൊരു ദിശയിലേക്കു തിരിക്കാനും കേന്ദ്ര സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ചെയ്ത വിഷയമാവും ഇതിനെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്. അധികാരം അരക്കിട്ടുറപ്പിക്കാന്‍ സാമുദായിക സ്പര്‍ധയുടെയും മത വിദ്വേഷത്തിന്റെയും വിഷലിപ്തമായ വിഷയങ്ങള്‍ പടച്ചുവിട്ട് പലപ്പോഴും ബി.ജെ.പി നടത്തികൊണ്ടിരിക്കുന്ന വിനാശകരമായ ഈ നീക്കങ്ങള്‍ക്കു രാജ്യം കനത്ത വില നല്‍കേണ്ടിവരും. അതിനാല്‍ സൗഹാര്‍ദത്തിന്റെയും മത മൈത്രിയുടെയും സമാധാനന്തരീക്ഷത്തില്‍ അടിസ്ഥാനരഹിതമായ വാദങ്ങള്‍ ഉയര്‍ത്തി അസ്വസ്ഥതയുടെ കനലുകള്‍ വീഴ്ത്തി കലാപത്തിന്റെ ഗ്നിനാളങ്ങള്‍ പടര്‍ത്തുന്നത് മതേതര ഇന്ത്യക്കു ഒട്ടും ചേര്‍ന്നതല്ല, കൂടാതെ, 1992ല്‍ സംഘടിത മതവര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ ആസൂത്രിതമായി നടത്തിയ ബാബരി ധ്വംസനത്തിന്റെ വ്രണപ്പാടുകള്‍ മറക്കാന്‍ കഴിയാത്ത വേദനയായി മതേതര ജനാധിപത്യ വിശ്വാസികളുടെ മനസ്സുകളിലിപ്പോഴും തങ്ങിനില്‍ക്കുമ്പോള്‍ വീണ്ടും മറ്റൊരു ബാബരിയായി ഗ്യാന്‍വാപിയെ മാറ്റാന്‍ ഗൂഢമായ നീക്കങ്ങള്‍ നടത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ല. ഹിന്ദുത്വ വര്‍ഗീയ സംഘടനകളുടെ സ്ഥാപിത ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ഹിഡന്‍ അജണ്ടയായി ഈ വിവാദങ്ങളെ വിലയിരുത്തുക തന്നെ ചെയ്യാം.

Chandrika Web: