അമ്മാന്‍: ജോര്‍ദാന്‍ ഭരണകൂടത്തിന്റെ ചെലവു ചുരുക്കല്‍ പദ്ധതികളില്‍ പ്രതിഷേധിച്ച് തലസ്ഥാനമായ അമ്മാനില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും രാത്രി ജനങ്ങള്‍ തെരുവിലിറങ്ങി. സര്‍ക്കാര്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്ത ജനക്കൂട്ടവുമായി പൊലീസ് ഏറ്റുമുട്ടി. റോഡുകള്‍ തടഞ്ഞ പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്)യുടെ നിര്‍ദേശപ്രകാരമാണ് ജോര്‍ദാന്‍ ഭരണകൂടം നികുതി വര്‍ധിപ്പിക്കുകയും ചെലവുകള്‍ വെട്ടിച്ചുരുക്കുകയും ചെയ്തത്.
പ്രധാനമന്ത്രി ഹാനി മുല്‍ക്കിനെ പുറത്താക്കണമെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയോട് ജനം ആവശ്യപ്പെട്ടു. രാജ്യത്തെ വേറെയും നിരവധി നഗരങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയതായി റിപ്പോര്‍ട്ടുണ്ട്. ചെലവു ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി ശമ്പളം വെട്ടിച്ചുരുക്കുകയും സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുകയും ചെയ്തതാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. ജീവിത നിലവാരം താളംതെറ്റിക്കുന്ന പുതിയ നികുതി ബില്‍ തള്ളിക്കളയണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
സാധാരണക്കാര്‍ക്ക് അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന നികുതി നിര്‍ദേശങ്ങള്‍ ഒഴിവാക്കണമെന്ന് അബ്ദുല്ല രാജാവ് ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഐ.എം.എഫിന്റെ പിന്തുണയോടെയുള്ള നികുതി ബില്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്നും പാര്‍ലമെന്റാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നുമാണ് പ്രധാനമന്ത്രി മുല്‍കിയുടെ നിലപാട്. നികുതി വര്‍ധിപ്പിക്കുക വഴി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം കണ്ടെത്താന്‍ സാധിക്കുമെന്നും സമ്പന്നരില്‍നിന്ന് കൂടുതല്‍ നികുതി ഈടാക്കാന്‍ സാധിക്കുമെന്നും ഭരണകൂടം പറയുന്നു.
- 6 years ago
chandrika
Categories:
Views
പ്രക്ഷോഭത്തില്‍ ജോര്‍ദാന്‍ തിളക്കുന്നു
Tags: jordan