സാവോ പോളോ: ബ്രസീലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ജയിലിലുണ്ടായ കലാപത്തില്‍ 25 തടവുകാര്‍ കൊല്ലപ്പെട്ടു. സ്ത്രീകളടക്കം നൂറിലേറെ തടവുകാര്‍ ബന്ദികളാക്കപ്പെട്ടു. ഇവരെ പിന്നീട് പൊലീസ് മോചിപ്പിച്ചു. റൊറൈമ സ്‌റ്റേറ്റിലെ ബോവ വിസ്റ്റയിലുള്ള ജയിലിലാണ് കലാപമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ തലയറുത്ത് ചുട്ടെരിക്കപ്പെട്ട നിലയിലായിരുന്നു. രണ്ട് വിരുദ്ധ ഗ്രൂപ്പുകള്‍ തമ്മിലാണ് ജയിലില്‍ ഏറ്റുമുട്ടിയത്. സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുന്ന സമയത്താണ് അക്രമമുണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രിമൈരോ കമാന്‍ഡോ കാപിറ്റല്‍ വിഭാഗം എതിര്‍ചേരിയായ കമാന്‍ഡോ വെര്‍മല്‍ഹോ വിഭാഗത്തില്‍പെട്ടവരെ പാര്‍പ്പിച്ചിരുന്ന മേഖലയില്‍ അതിക്രമിച്ചു കടന്നതാണ് അക്രമങ്ങള്‍ക്ക് കാരണം. കലാപത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് ബ്രസീല്‍ ഭരണകൂടം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. തടവുകാരെക്കൊണ്ട് വീര്‍പ്പുമുട്ടുന്ന ബ്രസീലിലെ പല ജയിലുകളിലും കലാപങ്ങള്‍ പതിവാണ്. തടവുകാര്‍ക്ക് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ഒരുക്കി ജയിലുകള്‍ പരിഷ്‌കരിക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടുവരുന്നുണ്ട്.