X
    Categories: Newsworld

ശ്രീലങ്കയില്‍ കലാപം തുടരുന്നു; സാമ്പത്തിക സഹായവുമായി ഇന്ത്യ

കൊളംബോ: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ശ്രീലങ്കക്ക് ഇന്ത്യ 100 കോടി ഡോളര്‍ (7500 കോടി രൂപ) വായ്പ നല്‍കി. രാജ്യത്തെ ക്ഷാമവും വിലക്കയറ്റവും പിടിച്ചുനിര്‍ത്താനാണ് അടിയന്തരസഹായം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ശ്രീലങ്കക്ക് ആവശ്യാനുസരണം ഉപയോഗിക്കാനും തിരിച്ചടയ്ക്കാനും കഴിയുന്ന ‘ക്രെഡിറ്റ് ലൈന്‍’ വായ്പ നല്‍കുന്നത്. ബുധനാഴ്ച ധനമന്ത്രി ബേസില്‍ രാജപക്‌സെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വര്‍ഷം ആദ്യം 140 കോടി ഡോളറിന്റെ വിവിധ സഹായപദ്ധതികളും ഇന്ത്യ ലഭ്യമാക്കിയിരുന്നു.

അതേസമയം, സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഐ.എം. എഫ് (രാജ്യാന്തര നാണയനിധി) സഹായം തേടാന്‍ ശ്രീലങ്ക തീരുമാനിച്ചു. വായ്പ ലഭിച്ചാല്‍ അവര്‍ നിഷ്‌കര്‍ഷിക്കുന്ന പുതിയ നികുതികള്‍ ഉള്‍പ്പെടെ ശക്തമായ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ രാജ്യത്തു നടപ്പാക്കേണ്ടി വരും.

കോവിഡ് കാലത്തു കയറ്റുമതി കുത്തനെ കുറഞ്ഞതു മൂലം വ്യാപാര കമ്മി വര്‍ധിച്ചതാണ് ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്. ടൂറിസം രംഗത്തുണ്ടായ ഇടിവും വിദേശനാണയത്തിന്റെ വരവു കുറച്ചു. വിവാദമായ രാസവള ഇറക്കുമതി നിരോധനത്തെത്തുടര്‍ന്നു തേയില ഉല്‍പാദനം കുറഞ്ഞതു കയറ്റുമതിയെ ബാധിച്ചു.

അതേസമയം, ഇന്ധനവും ഇലക്ട്രോണിക് ഉല്‍പന്നങ്ങളും മരുന്നും ഉള്‍പ്പെടെയുള്ളവയുടെ ഇറക്കുമതിയില്‍ കുറവുണ്ടായതുമില്ല. 800 കോടി ഡോളറാണ് ശ്രീലങ്കയുടെ വ്യാപാര കമ്മി. ഇതുമൂലം കഴിഞ്ഞ 2 വര്‍ഷത്തിനിടെ വിദേശനാണയശേഖരം 70% കുറഞ്ഞു. കരുതല്‍ നിധിയില്‍ നിന്ന് ഇറക്കുമതി ആവശ്യത്തിനായി വിദേശനാണയം വകമാറ്റി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും 2021 അവസാനത്തോടെ സ്ഥിതി രൂക്ഷമാവുകയായിരുന്നു.

Test User: