X

നിക്കരാഗ്വെയില്‍ പ്രക്ഷോഭം തുടരുന്നു മരണം 100 കവിഞ്ഞു

 

മനാഗ്വ: നിക്കരാഗ്വെയില്‍ ഒരു മാസത്തിലേറെയായി തുടരുന്ന രാഷ്ട്രീയ പ്രക്ഷോഭത്തില്‍ മരണം നൂറ് കവിഞ്ഞു. കഴിഞ്ഞ ദിവസം പതിനഞ്ചുകാരനടക്കം ആറുപേര്‍ കൊല്ലപ്പെട്ടതായി നിക്കരാഗ്വെന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. പ്രതിഷേധം ശക്തമായ മസായ നഗരത്തില്‍ സൈന്യത്തെയും സര്‍ക്കാര്‍ അനുകൂല പാരാമിലിട്ടറിയെയും തടയാന്‍ പ്രദേശവാസികള്‍ ബാരിക്കേഡുകള്‍ തീര്‍ത്തിരിക്കുകയാണ്.
ഭരണം അഴിമതിയില്‍ മുങ്ങിയ സാഹചര്യത്തില്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ രാജിവെക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. 11 വര്‍ഷം മുമ്പാണ് അദ്ദേഹം അധികാരത്തില്‍ തിരിച്ചെത്തിയത്. മസായ നഗരം സംഘര്‍ഷഭരിതമാണ്. സ്‌നിപ്പറുകള്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്നും ആളുകള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്നും റോമന്‍ കാത്തലിക് ബിഷപ്പ് സില്‍വിയോ ബായെസ് അഭ്യര്‍ത്ഥിച്ചു. തലസ്ഥാനമായ മനാഗ്വയില്‍ ഒരു അമേരിക്കന്‍ പൗരന്‍ വെടിയേറ്റ് മരിച്ചിരുന്നു. സര്‍ക്കാര്‍ അനുകൂലികളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. മനാഗ്വ, മസായ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വ്യാപക കൊള്ളയും കൊള്ളിവെപ്പും കലാപവും അരങ്ങേറിയതായി റിപ്പോര്‍ട്ടുണ്ട്. ഏപ്രിലില്‍ തുടങ്ങിയ പ്രക്ഷോഭത്തില്‍ ഇതുവരെ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. പ്രതിഷേധക്കാരെ കൊന്നൊടുക്കി പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

chandrika: