മുസഫര്‍ നഗര്‍: ക്രിക്കറ്റ് മത്സരത്തിനിടെ കുട്ടികള്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കം മുസഫര്‍ നഗറില്‍ മുസ്്‌ലിം വേട്ടയായതായി ആരോപണം. ആഗസ്റ്റ് 21നാണ് കേസിനാസ്പദമായ സംഭവം. മുസഫര്‍ നഗറിലെ പുര്‍ബല്യാന്‍ ഗ്രാമ വാസികളായ സുമിത് പാല്‍ (15), സുഹൃത്തും അയല്‍വാസിയുമായ ആസിഫ് എന്നിവര്‍ തമ്മില്‍ ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ ആസിഫിന് പരിക്കേറ്റു.
സംഭവത്തിന് ശേഷം ചോരയൊലിപ്പിച്ച് വീട്ടിലെത്തിയ ആസിഫുമായി 81 കാരിയായ ആസിഫിന്റെ വല്യുമ്മ സുമിത് പാലിന്റെ വീട്ടില്‍ പരാതി പറയാനെത്തി. ഇതോടെ തര്‍ക്കം വലിയ തലത്തിലേക്കു മാറി. മുതിര്‍ന്നവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ തര്‍ക്കം മൂത്തു. രണ്ട് ദിവസത്തിന് ശേഷം ഗ്രാമത്തിലെ മുസ്്‌ലിം കുടുംബത്തിന് മര്‍ദ്ദനമേറ്റു. ഇതേ ചൊല്ലി ചേരിതിരിവുണ്ടാവുകയും ചെയ്തു. സംഭവത്തെ ചൊല്ലി 28 മുസ്്‌ലിംകള്‍ക്കെതിരായി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണിപ്പോള്‍. ഇതില്‍ മൂന്നു പേര്‍ക്കെതിരെ ഒരു വര്‍ഷത്തേക്ക് ജാമ്യം പോലും ലഭിക്കാത്ത ദേശീയ സുരക്ഷ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
68 വയസുള്ള ഹൃദ്രോഗിയായ ഷംസേര്‍ അഹമ്മദ്, അദ്ദേഹത്തിന്റെ രണ്ട് അനന്തരവന്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് എന്‍.എസ്.എ പ്രകാരം കേസെടുത്തിരിക്കുന്നത്. ഇവരാവട്ടെ കളിക്കിടെ തര്‍ക്കത്തിലേര്‍പ്പെട്ട രണ്ട് കുട്ടികളേയും നേരിട്ട് അറിയാത്തവരുമാണ്.
എന്തിനാണ് തങ്ങള്‍ക്കെതിരെ കേസെടുത്തതെന്ന് ഇവര്‍ക്ക് ഇപ്പോഴും അറിയില്ല. ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക് തര്‍ക്കത്തിന് പിന്നാലെ മുന്‍ കേന്ദ്ര മന്ത്രിയും മുസഫര്‍ നഗര്‍ കലാപ കേസില്‍ ആരോപണ വിധേയനുമായ ബി.ജെ.പി എം.പി സഞ്ജീവ് ബല്യാന്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതോടെയാണ് കേസ് ബലപ്പെട്ടതെന്നും ഗ്രാമത്തിലെ മിക്ക മുസ്്‌ലിം യുവാക്കളും സ്ഥലം വിട്ടതായും കേസില്‍ അകപ്പെട്ട ഷംസേര്‍ അഹമ്മദിന്റെ സഹോദരന്‍ ജംഷേദ് അഹമ്മദ് പറയുന്നു. 200 പേരെ അറസ്റ്റു ചെയ്യുമെന്നാണ് പറയുന്നത്. അധികാരവും മന്ത്രിയും അവരുടേതാണ്.
എല്ലാവര്‍ക്കുമെതിരെ എന്‍.എസ്.എ ചുമത്തുമെന്ന് ബല്യാന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. അതേ സമയം ആരോപണങ്ങള്‍ നിഷേധിച്ച പൊലീസ് കേസില്‍ ആരോടും പക്ഷപാതിത്വം കാണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. അറസ്റ്റുകളെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും നിരപരാധികളെ ഒഴിവാക്കുമെന്നും എസ്.എസ്.പി സുധീര്‍ കുമാര്‍ പറഞ്ഞു. 2013ല്‍ ജാട്ട് മുസ്്‌ലിം കലാപത്തിന്റെ കേന്ദ്രമായിരുന്ന പ്രദേശം കൂടിയാണ് പുര്‍ബല്യാന്‍.