X

സി.പി.ഐയിലെ ലഹള- എഡിറ്റോറിയല്‍

ദേശീയ രാഷ്ട്രീയത്തിലെ വാട്ടരോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഒരുകാലത്ത് ഒറ്റപ്പെട്ട സംസ്ഥാനങ്ങളില്‍ പച്ചപ്പോടെ നിന്നിരുന്ന ഇടതുപാര്‍ട്ടികള്‍ ചെറുആള്‍ക്കൂട്ടങ്ങളായി രാജ്യത്തിന്റെ മൂലകളിലേക്ക് പിന്‍വാങ്ങിക്കഴിഞ്ഞു. ഇങ്ങനെ രാജ്യത്ത് അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടികളിലൊന്നാണ് സി.പി.ഐ. ദേശീയ തലസ്ഥാനത്ത് മേല്‍വിലാസം പോലുമില്ലാത്ത പാര്‍ട്ടിക്കിപ്പോള്‍ കേരളത്തില്‍ മാത്രമേ പേരിനെങ്കിലും അല്‍പം ചുവപ്പുള്ളൂ. അതിനു തന്നെ നരബാധിച്ചുകഴിഞ്ഞു. ഭരണത്തണലുള്ളതുകൊണ്ട് പിടിച്ചുനില്‍ക്കുന്നുവെന്ന് മാത്രം. മുന്‍നിരയില്‍ നേതാക്കളെ ഉപേക്ഷിച്ച് അണികള്‍ സ്വന്തം വഴി നോക്കിപ്പോകാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. നേതൃത്വത്തിലേക്ക് കടന്നുവരുന്ന പുതുതലമുറക്കാരുടെ എണ്ണവും കുറവാണ്. ചിന്തിച്ചാല്‍ എത്തുംപിടിയുമില്ലാതെ സി.പി.ഐ അടിത്തെറ്റിക്കൊണ്ടിരിക്കുന്ന കാലത്താണ് പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുന്നത്.

തുരുമ്പെടുത്തതിന് പുറമെ പിളര്‍ന്ന് തകരുന്നതിന്റെ സൂചനകള്‍ തുടക്കം മുതല്‍ സമ്മേളനത്തില്‍ പ്രകടമാണ്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മായിലും ഇരുപക്ഷത്ത് നിലയുറപ്പിച്ച് സ്വന്തം ചേരിയെ പുഷ്ടിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. സമ്മേളനത്തിന് കൊടി ഉയര്‍ത്തിയപ്പോള്‍ തന്നെ വിഭാഗീയതയും അന്തരീക്ഷത്തില്‍ പാറിക്കളിക്കാന്‍ തുടങ്ങിയിരുന്നു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജക്ക് അകലെ കാഴ്ചക്കാരനായി മാറിനില്‍ക്കേണ്ടിവന്നപ്പോള്‍ നേതാക്കള്‍ കസേരകള്‍ക്ക് തിക്കും തിരക്കും കൂട്ടുന്നത് കണ്ട് അണികള്‍ക്ക് അമ്പരപ്പുണ്ടാവുക സ്വാഭാവികം. കേരളത്തിലും പാര്‍ട്ടിയുടെ അവശേഷിപ്പുകള്‍ മായുകയാണെന്ന് നേതൃനിരയിലെ പിടിവലികള്‍ തെളിയിക്കുന്നുണ്ട്. ആശയപരമായി അല്‍പമെങ്കിലും ഔന്നത്യം പുലര്‍ത്തുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന സല്‍പേരൊക്കെ കാലപ്പഴക്കത്തില്‍ സി.പി.ഐക്ക് നഷ്ടമായിക്കഴിഞ്ഞു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ആദര്‍ശശുദ്ധിയുള്ള നേതാക്കളെല്ലാം സി.പി.ഐയില്‍ പെട്ടുപോകുകയായിരുന്നു. എന്നാല്‍ ആദര്‍ശം ചവച്ചുകുടിക്കുന്ന അവര്‍ക്ക് പല സന്ദര്‍ഭങ്ങളിലും പ്രായോഗിക രാഷ്ട്രീയ പാഠങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതെപോയി. കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ പാര്‍ട്ടി ഒറ്റപ്പെട്ടുപോകാനാണ് അത് ഇടയാക്കിയത്. സി.പി.എം അവരെ വളരെ ദൂരത്തില്‍ പിന്നിലാക്കുകയായിരുന്നു. അതിന്റെ ഒരു പ്രശ്‌നം പാര്‍ട്ടി കാലങ്ങളായി അനുഭവിക്കുന്നുണ്ട്. മുന്നണിയില്‍ കൂടെ നില്‍ക്കുമ്പോഴും സി.പി.ഐയെ പൂര്‍ണമായ വിധത്തില്‍ അംഗീകരിക്കാന്‍ സി.പി.എമ്മിന് സാധിക്കാറില്ല. മിക്ക വിഷയങ്ങളിലും സി.പി.ഐയുടെ അഭിപ്രായ ഗതികളെ മുഖവിലക്കെടുക്കാതെയാണ് സി.പി.എം മുന്നോട്ടുപോകാറുള്ളത്. മുന്നണി മര്യാദയുടെ പേരില്‍ എല്ലാം സഹിക്കേണ്ട ഗതികേടിലാണ് സി.പി.ഐയുള്ളത്. അക്കാര്യം നേതാക്കള്‍ക്കും അണികള്‍ക്കും അറിയാം. നേതാക്കള്‍ പുറത്തുപറയാറില്ലെന്ന് മാത്രം.

പ്രതിനിധി സമ്മേളനത്തില്‍ സര്‍ക്കാറിനെതിരെ ശക്തമായി വിമര്‍ശനമുയര്‍ന്നു എന്നാണ് അറിയുന്നത്. പ്രതിനിധികള്‍ മറയില്ലാതെ പ്രതിഷേധം അറിയിച്ചു. അവര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. പക്ഷെ, നേതാക്കള്‍ക്കും പാര്‍ട്ടി മന്ത്രിമാര്‍ക്കും അങ്ങനെയല്ലല്ലോ. അവര്‍ പ്രതിനിധികളെ പരമാവധി അനുനയിപ്പിച്ച് സ്വന്തം കാര്യം ഭദ്രമാക്കാന്‍ ശ്രമിക്കുന്നുണ്ട്. സി.പി.എമ്മിനെ ഭയന്ന് നെറികേടുകള്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് ജീവിക്കുന്നത് പാര്‍ട്ടിയുടെ അടിത്തറ കുളംതോണ്ടാന്‍ കാരണമാകുമെന്ന് അണികള്‍ക്ക് ബോധ്യമുണ്ട്. ദേശീയ നേതാക്കളെ അവര്‍ പരിഹാസത്തോടെയാണ് കാണുന്നത്. രാജ്യത്ത് ഇടത് ബദലുണ്ടാക്കാന്‍ നടക്കുന്നതിന് മുമ്പ് രണ്ട് വോട്ടുണ്ടാക്കാന്‍ നോക്കുകയാണ് നല്ലതെന്നും കേന്ദ്ര നേതൃത്വം ദുര്‍ബലമാണെന്നും പ്രധിനിധികള്‍ തുറന്നടിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ വഴിവിട്ട കളികളില്‍ പാര്‍ട്ടിക്കുള്ളിലുള്ള അമര്‍ഷം ഒതുക്കിവെക്കാന്‍ സാധിക്കാതെ സമ്മേളനത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സി.പി.എമ്മിന്റെ അടിമകളായി മാറിയ പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണുയര്‍ന്നത്. കാണിക്കാന്‍ നല്ല ബിംബമാണെങ്കിലും ഭരണത്തില്‍ മോശമാണെന്ന് കൃഷിമന്ത്രിക്കെതിരെ പരസ്യമായി രംഗത്തുവരാനും പ്രതിനിധികള്‍ ധൈര്യപ്പെട്ടത് നിവൃത്തികേടുകൊണ്ടാണ്.

സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സി.പി.എമ്മിനോട് കടുത്ത എതിര്‍പ്പുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനുമുന്നില്‍ എത്തുമ്പോള്‍ സി.പി.ഐ നേതാക്കള്‍ എല്ലാം മറക്കുകയാണ് പതിവ്. കേരളത്തില്‍ ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും പ്രവര്‍ത്തന ശൈലികളെ വിമര്‍ശിച്ച ദേശീയ നേതാക്കളെ സംസ്ഥാന നേതൃത്വം കയ്യൊഴിയുന്നതിനും പാര്‍ട്ടി സാക്ഷിയായി. സി.പി.എമ്മിനെ പിണക്കി കൈയിലുള്ളത് നഷ്ടപ്പടുത്താന്‍ നേതാക്കള്‍ തയാറല്ല. പക്ഷെ, സി.പി.എമ്മിന്റെ ആട്ടും തുപ്പും സഹിച്ച് ഇനിയും എത്രകാലം മുന്നോട്ടുപോകുമെന്നാണ് അണികള്‍ ചോദിക്കുന്നത്. അവരുടെ ആശങ്കകളെ ഉള്‍ക്കൊള്ളാന്‍ നേതാക്കള്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. അധികാരത്തിന്റെ മത്ത് പിടിച്ച നേതൃത്വമാണ് ഇപ്പോള്‍ സി.പി.ഐക്കുള്ളത്. വിമര്‍ശനത്തിന്റെ ഒറ്റപ്പെട്ട പൊട്ടലും ചീറ്റലുമല്ലാതെ കാലത്തിലേക്ക് മറയുന്ന പാര്‍ട്ടിയെ രക്ഷിക്കാന്‍ ക്രിയാത്മക ഇടപെടലൊന്നും സി.പി.ഐയില്‍ ഉണ്ടാകാന്‍ പോകുന്നില്ല.

Test User: