കൊച്ചി: കുവൈറ്റില്‍ നടക്കാനിരുന്ന നൃത്ത പരിപാടിയില്‍ നിന്ന് പിന്‍മാറിയതിന് വിശദീകരണവുമായി നടി റിമ കല്ലിങ്കല്‍. ഭീഷണിയെത്തുടര്‍ന്നാണ് നടി നൃത്തം ചെയ്യാതിരുന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ സംഭവത്തിന്റെ സത്യാവസ്ഥ തുറന്ന് പറയുകയാണ് താരം.
ഇസ്‌ലാമിക നിയമപ്രകാരം നൃത്തം നിയമവിരുദ്ധമാണെന്ന് ചിലര്‍ അറിയിക്കുകയായിരുന്നുവെന്ന് റിമ പറഞ്ഞു. കുവൈത്തില്‍ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ നിയമം നടപ്പാക്കുന്നുണ്ടോ എന്നതില്‍ പരിശോധന കര്‍ശനമാണ്. നിയമം തെറ്റിച്ച് നൃത്തം അവതരിപ്പിക്കേണ്ടെന്ന് തീരുമാനം എടുക്കുകയായിരുന്നുവെന്ന് റിമ വ്യക്തമാക്കി.
പ്രവാസി വ്യവസായിയായ കെജി എബ്രഹാമിന്റെ എന്‍ബിടിസി ഗ്രൂപ്പ് സംഘടിപ്പിച്ച ‘ഫെസ്റ്റീവ് നൈറ്റ്’ എന്ന പ്രോഗ്രാമിലായിരുന്നു റിമയുടെ നൃത്ത പരിപാടി. നൃത്തത്തിനായി മേക്കപ്പിട്ടതിന് ശേഷമാണ് താരം പരിപാടിയില്‍ നിന്ന് പിന്‍മാറിയത്. പിന്നീട് പരിപാടിയില്‍ പങ്കെടുക്കാതെ സദസ്സിലിരുന്ന് മറ്റു പരിപാടിയില്‍ വീക്ഷിക്കുകയായിരുന്നുവെന്നാണ് വാര്‍ത്ത വന്നിരുന്നത്. കുവൈറ്റ് പോലീസെത്തി റിമയെ പരിപാടിയില്‍ നിന്ന് തടയുകയായിരുന്നുവെന്നും ഭീഷണിയെത്തുടര്‍ന്ന് താരം പിന്‍മാറുകയായിരുന്നുവെന്നുമായിരുന്നു വാര്‍ത്ത.
സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍, ഗായകരായ വിജയ് യേശുദാസ്, വിധു പ്രതാപ്, സിതാര, സയനോര ഫിലിപ്പ് എന്നിവരടങ്ങുന്ന പ്രോഗ്രാമായിരുന്നു ഫെസ്റ്റീവ് നൈറ്റ്. റിമ ഒഴികെയുള്ളവര്‍ പരിപാടി അവതരിപ്പിച്ചാണ് മടങ്ങിയത്