X

ഇരയ്ക്ക് പരാതിയില്ലെങ്കില്‍ കുറ്റം ഇല്ലാതാവില്ലെന്ന് കോടതി; റിമ കല്ലിങ്കലിനെതിരെ കേസെടുക്കാതിരുന്ന പൊലീസ് വെട്ടിലാവുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയുടെ പേര് പരസ്യമായി വെളിപ്പെടുത്തിയ നടി റിമ കല്ലിങ്കലിനെതിരെ കേസെടുക്കാതിരുന്ന പൊലീസ് വെട്ടില്‍. ഇതേ കുറ്റത്തിന് കേസില്‍പ്പെട്ട നടന്‍ അജു വര്‍ഗീസ്, എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങളാണു പൊലീസിനെ വെട്ടിലാക്കിയത്. ഇരയ്ക്ക് പരാതിയില്ലെങ്കില്‍ കുറ്റം ഇല്ലാതാവില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

അജു വര്‍ഗീസിനെതിരായ എഫ്‌ഐആറിനു സ്റ്റേ നല്‍കാന്‍ വിസമ്മതിച്ചുള്ള ഉത്തരവിലാണ് ഇരയ്ക്ക് പരാതിയില്ലെങ്കില്‍ കുറ്റം ഇല്ലാതാവില്ലെന്ന ഹൈക്കോടതിയുടെ പരാമര്‍ശം. ഇതോടെ, അതിക്രമത്തിന് ഇരയായ നടി കത്തു നല്‍കിയതിന്റെ പേരില്‍ റിമയ്‌ക്കെതിരെ കേസെടുക്കാതിരുന്ന പൊലീസാണ് കുടുങ്ങിയത്. റിമ കല്ലിങ്കലിന്റെ കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കണമെന്നതില്‍ പൊലീസ് നിയമോപദേശം തേടിയെന്നാണു വിവരം. അതിക്രമത്തിന് ഇരയായ യുവനടിയുടെ പേര് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയ സംഭവത്തിലാണ് നടന്‍ അജു വര്‍ഗീസിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. കേസ് ഒഴിവാക്കുന്നതില്‍ എതിര്‍പ്പില്ലെന്നുള്ള നടിയുടെ സത്യവാങ്മൂലത്തോടൊപ്പമാണ് അജു വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചത്.

യുവനടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് റിമ ഇരയുടെ പേരു വെളിപ്പെടുത്തിയത്. ആക്രമണത്തിനിരയായ നടി പേരുവച്ചു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അതേപടി തന്റെ ഫെയ്സ്ബുക്ക് പേജില്‍ റിമ പങ്കുവച്ചിരുന്നു. നടിയുടെ പേര് ആ കുറിപ്പിന്റെ അവസാനം ഉണ്ടെന്നത് മറ്റുള്ളവര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നു റിമ പിന്നീടു നീക്കം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ആലുവ സ്വദേശി അബ്ദുള്ള പൊലീസില്‍ പരാതി നല്‍കിയെങ്കിലും റിമയ്‌ക്കെതിരെ പരാതിയില്ലെന്ന് ആക്രമിക്കപ്പെട്ട നടി കത്ത് നല്‍കിയതിനാല്‍ കേസെടുത്തില്ല.

ഫേസ്ബുക്കിലൂടെയാണ് താരം നടിയുടെ പേര് വെളിപ്പെടുത്തിയത്. ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ദിലീപിനെ ന്യായീകരിച്ചുള്ള പോസ്റ്റില്‍ നടിയുടെ പേര് പറഞ്ഞത്. എന്നാല്‍ ഇത് തെറ്റാണെന്ന് തിരുത്തി അജു വര്‍ഗ്ഗീസ് മാപ്പ് ചോദിച്ചിരുന്നു. പിന്നീട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് അജുവര്‍ഗ്ഗീസിനെതിരെ പോലീസ് കേസെടുക്കുന്നത്. അജുവര്‍ഗ്ഗീസ് തന്റെ സുഹൃത്താണെന്നും ദുരുദ്ദേശപരമായല്ല പേര് പരാമര്‍ശിച്ചതെന്നും നടിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. കേസ് റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ആക്രമിക്കപ്പെട്ട നടി പറഞ്ഞിരുന്നു.

നടിയുടെ പേര് പറഞ്ഞതിനെതിരെ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ കമല്‍ഹാസനെതിരെ കേന്ദ്ര വനിത കമ്മിഷന്‍ രംഗത്തു വന്നിരുന്നു. കമല്‍ഹാസനെതിരെയും പൊലീസില്‍ പരാതി കിട്ടിയിട്ടുണ്ട്. നേരത്തെ നടിയുടെ പേര് വെളിപ്പെടുത്തിയ സലിംകുമാര്‍, അജു വര്‍ഗീസ്, സജി നന്ത്യാട്ട്, ദിലീപ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

chandrika: