X

ലിംഗറി മ്യൂസിക് ഷോയില്‍ ഹദീസ് ഉപയോഗിച്ചു; പോപ് ഗായിക റിഹാനയ്‌ക്കെതിരെ വന്‍ പ്രതിഷേധം- മാപ്പു പറഞ്ഞു

ന്യൂയോര്‍ക്ക്: ലിംഗറി മ്യൂസിക് ഷോയില്‍ പ്രവാചകന്റെ വാക്കുകള്‍ (ഹദീസ്) ഉപയോഗിച്ച പോപ് ഗായിക റിഹാനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. വിമര്‍ശനങ്ങളെ തുടര്‍ന്ന് ഇവര്‍ മാപ്പു പറഞ്ഞു. മ്യൂസിക് വീഡിയോയുടെ വരികളിലാണ് പ്രവാചക വചനം ഉള്‍പ്പെടുത്തിയിരുന്നത്.

സാവേജ് എക്‌സ് ഫെന്റി ലിംഗറി ഷോ എന്ന പരിപാടിയാണ് വിവാദത്തിന് ആധാരം. ആമസോണ്‍ പ്രൈം വഴി സംപ്രേഷണം ചെയ്ത ഫാഷന്‍ ഷോയിലെ പശ്ചാത്തല സംഗീതത്തിലാണ് റിഹാന പ്രവാചക വചനം ഉപയോഗിച്ചത്.

അപ്രതീക്ഷിതമായി സംഭവിച്ച തെറ്റാണ് എന്നും മനഃപൂര്‍വ്വമായി സംഭവിച്ചതല്ല എന്നും റിഹാന ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. ആത്മാര്‍ത്ഥമായി, ഈ തെറ്റിന് മാപ്പു ചോദിക്കുന്നു. ദൈവത്തിനോ ഏതെങ്കിലും മതത്തിനോ നേരെ അനാദരവു കാണിക്കുന്നയാളല്ല താന്‍. ഇത് ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തിയായിപ്പോയി- അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരുപാട് മുസ്‌ലിം സഹോദരങ്ങളെ വാക്കുകള്‍ വേദനിപ്പിച്ചു എന്നറിയാം. ഇത്തരം തെറ്റുകള്‍ ഒരിക്കലും ആവര്‍ത്തിക്കില്ല. മാപ്പു ചോദിക്കുന്നു. നിങ്ങളുടെ ദയാവായ്പിനു നന്ദി- റിഹാന എഴുതി.

പാട്ട് എല്ലാ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഒഴിവാക്കിയതായി പരിപാടിയുടെ നിര്‍മാതാവ് കോകു ചോലെ പറഞ്ഞു. ഇത് പ്രവാചക വാക്യമാണ് എന്നറിയില്ലായിരുന്നു. ആവശ്യമായ ഗവേഷണം നടത്താതെ ഹദീസ് ഉപയോഗിച്ചതിന്റെ ഉത്തരവാദിത്വം സമ്പൂര്‍ണമായി ഏല്‍ക്കുന്നു. കാര്യങ്ങള്‍ മനസ്സിലാക്കി തന്നവര്‍ക്ക് നന്ദി- നിര്‍മാതാവ് കൂട്ടിച്ചേര്‍ത്തു.

Test User: