ന്യൂസിലാന്റിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ മരണം 49 ആയി. സംഭവത്തില്‍ നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ആക്രമണ സമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാര്‍ സമീപത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടം പറ്റിയില്ല.
ന്യൂസിലാന്റിന്റെ കിഴക്കന്‍ തീരനഗരമായ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളിലാണ് ഭീകരാക്രമണം നടന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനെത്തിയ വിശ്വാസികള്‍ക്ക് നേരെ അക്രമി വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ആക്രമണ സമയത്ത് നൂറിലധികം പേര്‍ പള്ളിയിലുണ്ടായിരുന്നു.
”ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് രാജ്യത്ത് സംഭവിച്ചിരിക്കുന്നത്. ന്യൂസീലന്റ് ചരിത്രത്തിലെ ഏറ്റവും കറുത്ത ഏടുകളിലൊന്നാണിതെന്നും ഇത് ഭീകരാക്രമണം തന്നെയാണിതെന്നും പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പറഞ്ഞു. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണം തന്നെയാണിതെന്നും ന്യൂസീലന്റ് പ്രധാനമന്ത്രി വ്യക്തമാക്കി
പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ തന്നെയാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ ഇരുപത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ചോരയിൽ കുളിച്ച് നിരവധിപ്പേർ പള്ളിയിൽ നിന്ന് ഇറങ്ങിയോടുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു. ഒരാളുടെ നെറ്റിയിൽ പോയന്‍റ് ബ്ലാങ്കിൽ വെടിവയ്ക്കുന്നത് കണ്ടതായി ഒരു പലസ്തീൻ പൗരൻ പറയുന്നു. പത്ത് സെക്കന്‍റിനുള്ളിൽ മൂന്ന് തവണ വെടിവച്ചത് കേട്ടതായി മറ്റൊരു ദൃക്സാക്ഷിയും പറയുന്നു.
ഇസ്‌ലാമോഫോബിയ വളര്‍ത്തുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്‌ട്രേലിയന്‍ പൗരനായ ബ്രന്റണ്‍ ടെറാന്‍ ആണ് ആക്രമണം നടത്തിയവരില്‍ ഒരാള്‍. ലോകത്തെ ഞെട്ടിച്ച ആക്രമണം ബ്രന്റണ്‍ സ്വന്തം സോഷ്യല്‍മീഡിയ അക്കൗണ്ട് വഴി ലൈവ് സംപ്രേഷണം ചെയ്തിരുന്നു.
മുസ്ലിം സമുദായത്തിതിരെ ആളുകളില്‍ ഭയം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ 28 കാരനായ ബ്രന്റണ്‍ പങ്കെടുത്തിരുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഭീകരാക്രമണത്തില്‍ എത്ര പേര്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസീലന്‍ഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുസ്ലിം വിരുദ്ധ, കുടിയേറ്റ വിരുദ്ധ വലതുപക്ഷ ഭീകരവാദികളാണ് അക്രമം നടത്തിയതെന്നാണ് വിവരം.
ഒരു തോക്കിന്‍റെ മുനയിൽ നിരവധി പേർ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. അക്രമി നെറ്റിയില്‍ പിടിപ്പിച്ച ക്യാമറയിലൂടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയായിരുന്നു. ക്ലോസ് റേഞ്ചിൽ, പോയന്‍റ് ബ്ലാങ്കിലാണ് അക്രമി പലരെയും വെടിവച്ചു വീഴ്ത്തിയത്. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്.