X

അവകാശവും അധികാരവും

ഷംസീര്‍ കേളോത്ത്

നാഗാലന്‍ഡിലെ മൂണ്‍ ജില്ലയില്‍ ശനിയാഴ്ചയുണ്ടായ പട്ടാളവെടിവെയ്പ്പില്‍ നിരപരാധികളായ ആറ് ഖനി തൊഴിലാളികാണ് കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ നിരവധിപേര്‍ക്ക് ജീവഹാനിയുണ്ടായി. വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധവിഘടനവാദ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ചുമതലയുള്ള അസം റൈഫിള്‍സിന്റെ 21 കമാന്റോ യൂണിറ്റാണ് തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ വെടിയുതിര്‍ത്തത്. മതിയായ പ്രകോപനമോ പ്രതികൂല സാഹചര്യമോ ഇല്ലാതെ പട്ടാളക്കാര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ അസം റൈഫിള്‍സ് ഖേദപ്രകടനം നടത്തിയിട്ടുണ്ട്. അവര്‍ അന്വേഷണവും പ്രഖ്യാപിച്ചു. ഒരു മാസം മുന്‍പ് അസം റൈഫിള്‍സിലെ കേണല്‍ വിപ്ലവ് ത്രിപാഠിയും ഭാര്യയും എട്ടു വയസുള്ള മകനുമടക്കം ഏഴു പേര്‍ മണിപ്പൂരില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സൈനികനീക്കങ്ങളുടെ ഭാഗമാണോ ശനിയാഴ്ചത്തെ പട്ടാളനടപടിയെന്നത് വ്യക്തമല്ല. ഒരാള്‍ ചെയ്ത തെറ്റിന് ഗ്രാമത്തെയാകെ ശിക്ഷിക്കുന്ന കലക്ടീവ് ശിക്ഷ കൊളോണിയല്‍ കാലഘട്ടം മുതലേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷുകാരയായിരുന്നു വേട്ടയാടി ജീവിച്ചിരുന്ന നാഗാ ഗോത്രങ്ങള്‍ക്കെതിരെ ഇങ്ങനെയൊരു ശിക്ഷാരീതി നടപ്പാക്കിയതെങ്കില്‍, ഇന്ത്യ സ്വതന്ത്രയായിട്ടും ഇത്തരം രീതികള്‍ തുടര്‍ന്നിരുന്നു. അസം മെയിന്റനന്‍സ് ഓഫ് പബ്ലിക് ഓര്‍ഡര്‍ ആക്ട് 1953ലെ ചട്ടങ്ങള്‍ പ്രകാരം നാഗാ ഗ്രാമങ്ങള്‍ക്ക് മേല്‍ കലക്ടീവ് ഫൈന്‍ ചുമത്താനുള്ള അധികാരം സര്‍ക്കാറിനുണ്ടായിരുന്നു. നാഗാലന്‍ഡില്‍ ശനിയാഴ്ചയുണ്ടായ വെടിവെയ്പ്പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഭവിക്കുന്ന ആദ്യത്തെ പട്ടാളവെടിവെയ്പ്പല്ല. നാഗാലന്‍ഡിന് തന്നെ മനുഷ്യാവകാശ പ്രശ്‌നങ്ങളുടെ നീണ്ടകാലത്തെ ചരിത്രം പറയാനുണ്ട്. സായുധാസേനാ പ്രത്യേകാധികാര നിയമം (അഫ്‌സ്പ) പട്ടാളത്തിന് നല്‍കുന്ന പരിരക്ഷയാണ് ഇത്തരത്തിലുള്ള ക്രൂരതകള്‍ക്ക് കാരണമെന്ന വാദം ശക്തമാണ്. നാഗാലന്‍ഡ്, മേഘാലയ മുഖ്യമന്ത്രിമാര്‍ അഫ്‌സ്പ പിന്‍വലിക്കണമെന്ന് ഇതിനകം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മതിയായ ജാഗ്രതയില്ലാതെ സ്വന്തം ജനതയ്‌ക്കെതിരെ വെടിയുതിര്‍ക്കാന്‍ പട്ടാളത്തെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ സ്ഥൂലാര്‍ത്ഥത്തില്‍ പരിശോധിക്കേണ്ടതായുണ്ട്.

ദേശീയത പട്ടാളാധികാരങ്ങള്‍

നാഗാലന്‍ഡില്‍ മാത്രമല്ല, കശ്മീരടക്കമുള്ള, ഉപദേശീയതകള്‍ക്ക് വളക്കൂറുള്ളിടത്ത് പലയിടത്തും അഫ്‌സപ പ്രയോഗത്തിലുണ്ട്. ചിലയിടങ്ങളില്‍ നിന്ന് പിന്‍വലിച്ചിട്ടുമുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസം, മണിപ്പൂര്‍, നാഗാലന്‍ഡ്, അരുണാചല്‍ പ്രദേശിലെ മൂന്നു ജില്ലകള്‍, അസം അതിര്‍ത്തിയിലെ ചില പൊലീസ് സ്‌റ്റേഷന്‍ പരിധികള്‍ തുടങ്ങിയ പ്രദേശങ്ങളിലൊക്കെ അഫ്‌സപ നിലവിലുണ്ട്. പ്രശ്‌നബാധിതമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രദേശത്തെ പട്ടാളക്കാരുടെ പ്രവൃത്തികള്‍ക്ക് പരിരക്ഷ നല്‍കുന്ന നിയമം രാജ്യത്തിന്റെ ധാര്‍മിക മനസാക്ഷിയെ പിടിച്ചുലയ്ക്കാന്‍ പ്രാപ്തിയുള്ളതാണ്. 1958ലാണ് അഫ്‌സ്പ നിലവില്‍ വരുന്നത്. സ്വതന്ത്ര ഇന്ത്യയിലെ വിഘടനവാദ പ്രവര്‍ത്തനങ്ങളുടെ ആദിമരൂപമായ നാഗാ വിഘടനവാദം ഇല്ലായ്മ ചെയ്യാനെന്ന പേരിലാണ് നെഹ്‌റു മന്ത്രിസഭ ഈ നിയമം പാസാക്കുന്നത്. അഫ്‌സ്പ പ്രയോഗത്തിലുള്ള സ്ഥലങ്ങളില്‍ നിയമലംഘനങ്ങള്‍ക്ക് തോക്കാണ് മറുപടി പറയുക. നാഗലന്‍ഡില്‍ കൊണ്യാക് നാഗാ വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെയുണ്ടായ വെടിവെയ്പ്പിന് കാരണം പറഞ്ഞിരിക്കുന്നത് തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം നിര്‍ത്താതെ പോയെന്നാണ്. ബീഹാറിലോ ഉത്തര്‍പ്രദേശിലോ മഹാരാഷ്ട്രയിലോ വാഹനം നിര്‍ത്താന്‍ പറഞ്ഞത് അനുസരിച്ചില്ലങ്കില്‍ സരുക്ഷാ സേന വെടയുതിര്‍ക്കുമോ. എന്നാല്‍ നാഗാലന്‍ഡിലും കശ്മീരിലുമൊക്കെ ചെറിയ നിയമലംഘനത്തിനടക്കം ജീവന്‍ നല്‍കേണ്ട അവസ്ഥയാണുള്ളതെന്ന് ഇത്തരം സംഭവവികാസങ്ങള്‍ ഉണര്‍ത്തുന്നു. ഇത് ദേശീയതയില്‍ അന്തര്‍ലീനമായി കിടക്കുന്ന അപരവല്‍ക്കരണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നാഗാലന്‍ഡിലെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ അവരുടെ ഗ്രാമത്തില്‍ ഉയര്‍ത്തിയ പ്രതിഷേധ പോസ്റ്ററില്‍ പറയുന്നത് ‘ഇന്ത്യക്കാരെ പോലെ തന്നെ നാഗകളും മനുഷ്യരാണ്’ എന്നാണ്. ഇന്ത്യാ രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും ഭരണഘടന വാഗ്ദാനം നല്‍കിയിരിക്കുന്നത് തുല്യനീതിയാണ്. എന്നാല്‍ ഭരണകൂടത്തിന്റെ നീതിനിര്‍വഹണത്തില്‍ ഈ തുല്യത കാണാനാവില്ല.

നാഗാ ജനതയോടും കശ്മീരികളോടും തങ്ങളുടെ വ്യത്യസ്ത ദേശീയവാദങ്ങളൊക്കെ ഉപേക്ഷിച്ച് ഇന്ത്യക്കാരനാവാന്‍ നമ്മള്‍ ആവശ്യപ്പെടുമ്പോഴും ശനിയാഴ്ചയുണ്ടായത് പോലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ അവരെ ഇന്ത്യയെന്ന സങ്കല്‍പത്തില്‍ നിന്ന് തിരികെ നടക്കാനാണ് പ്രേരിപ്പിക്കുകയെന്നത് രാജ്യം മനസിലാക്കേണ്ടിയിരിക്കുന്നു. രാജ്യത്തെ രാഷ്ട്രീയ നേതൃത്വവുമായുള്ള നാഗാവിഘടനവാദികളുടെ സമാധാന സംഭാഷണങ്ങള്‍ വഴിമുട്ടിനല്‍ക്കുന്ന സമയത്താണ് പട്ടാള അതിക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ് ഏറെ വൈകാതെ തന്നെ നാഗാ സമാധാന ഫ്രെയിംവര്‍ക്ക് കരാര്‍ ന്യൂഡല്‍ഹിയില്‍ ഒപ്പ് വെച്ചിരുന്നു. നാഗാ പ്രശ്‌നത്തിന് പരിഹാരമായെന്ന് ബി.ജെ.പി അവകാശപ്പെട്ടെങ്കിലും ശാശ്വതപരിഹാരത്തിലെത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിരുന്നില്ല. യുദ്ധവും വിഘടനവാദവുമൊക്കെ അന്താരാഷ്ട്ര തലത്തില്‍ ആയുധ കച്ചവട താല്‍പര്യങ്ങളുമായി ഇഴപിരിഞ്ഞ് കിടക്കുന്നതാകയാല്‍ സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങളെയും രാജ്യം കരുതലോടെ നിരീക്ഷിക്കേണ്ടതുണ്ട്. രണ്ടു പതിറ്റാണ്ടിലേറെയായി നാഗാ സായുധ ഗ്രൂപ്പുകളില്‍ പ്രധാനികളായ നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലിം ഐസക് മുഇവ വിഭാഗം സായുധ പോരാട്ടത്തിന്റെ പാതയിലല്ല. അസം റൈഫിള്‍സിന്റെ ഭാഗത്ത് നിരായുധരായ ഖനി തൊഴിലാളികള്‍ക്കെതിരെയുണ്ടായ വെടിവെപ്പ് വീണ്ടും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അശാന്തി പരത്തുമോ എന്ന ആശങ്കയുണ്ട്. സായുധസേനയുടെ നിയമവിരുദ്ധ ചെയ്തികള്‍ക്ക് പോലും പരിരക്ഷ നല്‍കുന്ന അഫ്‌സ്പ പിന്‍വലിക്കുക വഴി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെ തോത് കുറക്കാനാവുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഏറെക്കാലമായി അവകാശപ്പെടുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന് നിരപരാധികളുടെ കൂട്ടക്കൊലയില്‍ കുറ്റബോധമുണ്ടങ്കില്‍ അഫ്‌സ്പ പിന്‍വലിച്ച് ഉത്തരവിറക്കുകയാണ് വേണ്ടത്.

Test User: