ന്യൂഡല്‍ഹി: വിവരാവകാശ രേഖ ഫയല്‍ ചെയ്യുന്നതിനുള്ള സുപ്രീം കോടതിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തന സജ്ജമായി. വിവരാവകാശ അപേക്ഷകള്‍ ഓ ണ്‍ലൈനായി ഫയല്‍ ചെയ്യാന്‍ സംവിധാനം ആവശ്യപ്പെട്ട് രണ്ട് നിയമ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടെ വിവരാവകാശ ചോദ്യങ്ങളും അപ്പീലുകളും പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാനാകും. ‘വിവരാവകാശ നിയമം 2005 പ്രകാരമുള്ള പ്രതികരണങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള സുപ്രീം കോടതിയുടെ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമായി. ഹര്‍ജിക്കാരുടെ പരാതി യഥാവിധി പരിഹരിച്ചു’- ബെഞ്ച് പറഞ്ഞു. നിലവില്‍, സുപ്രീം കോടതിയുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകള്‍ തപാല്‍ വഴിയാണ് ഫയല്‍ ചെയ്യുന്നത്.
ഹര്‍ജികളുടെ ഇ-ഫയലിംഗിനായി കാര്യക്ഷമമായ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും എന്നാല്‍ വിവരാവകാശ അപേക്ഷകളുടെ ഇ-ഫയലിംഗ് വരുമ്പോള്‍ അതേ സൗകര്യം നല്‍കുന്നില്ലെന്നും ഹര്‍ജിക്കാരായ ആകൃതി അഗര്‍വാള്‍, ലക്ഷ്യ പുരോഹിത് എ്ന്നിവര്‍ ചൂണ്ടിക്കാട്ടി. അഡ്വ. പ്രശാന്ത് ഭൂഷണാണ് ഹര്‍ജിക്കാ ര്‍ക്ക് വേണ്ടി ഹാജരായത്.
വിവരാവകാശത്തിനായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ യാഥാര്‍ഥ്യമാക്കുന്നത് കാര്യങ്ങള്‍ വളരെ എളുപ്പമാക്കുമെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഹൈക്കോടതികളോടും ഇതേ മാര്‍ഗം അവലംബിക്കാന്‍ നിര്‍ദേശിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.