തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കുന്നതു വരെ ദിവസേന 250 രൂപവച്ച് 25,000 രൂപ വരെ പിഴ ഈടാക്കാനും ഉത്തരം വൈകിയതുമൂലം പരാതിക്കാരന് നഷ്ടം സംഭവിച്ചാല്‍ നഷ്ടപരിഹാരത്തിന് ഉത്തരവിടാനും വിവരാവകാശനിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് മുന്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍. നഷ്ടപരിഹാരത്തിന് പരിധിയില്ലെന്നും അത് നല്‍കേണ്ടത് സ്ഥാപനമോ വകുപ്പോ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക വിവരാവകാശദിനത്തോട് അനുബന്ധിച്ച് ‘ചിറകരിയപ്പെടുന്ന വിവരാവകാശ നിയമം’ എന്ന വിഷയത്തെക്കുറിച്ച് കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുടത്തില്‍ നിന്നു പുറത്തുവിട്ട ഭൂതം പോലെ വിവരാവകാശ നിയമം, സമൂഹത്തിന്റെ എല്ലാമേഖലകളിലേക്കും വിപ്ലവകരമായ രീതിയില്‍ വ്യാപിച്ചപ്പോള്‍ അതിന്റെ വ്യാപ്തി ആരംഭഘട്ടത്തില്‍ ആര്‍ക്കും പിടികിട്ടിയില്ല. എന്നാല്‍ നിയമം പ്രാബല്യത്തിലായതോടെ അഴിമതി കുറയുകയും ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തം കൂടുകയും ചെയ്തു. സ്വകാര്യ ഏജന്‍സികളുടെ ഇടപാടുകള്‍ വരെ ഇപ്പോള്‍ നിയമത്തിന്റെ പരിധിയിലുണ്ടെന്ന് വിന്‍സന്‍ എംപോള്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാരിന് തലവേദന ഉണ്ടാക്കിയ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ രണ്ടാം മോദി സര്‍ക്കാര്‍ 2019ല്‍ നിയമഭേദഗതി കൊണ്ടുവന്ന് വിവരാവകാശ നിയമത്തെ നിര്‍വീര്യമാക്കി വെറും കടലാസ് പുലിയാക്കിയെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ചൂണ്ടിക്കാട്ടി.വിവരാവകാശ കമ്മീഷണര്‍മാരുടെ കാലാവധിയും ശമ്പളവും തീരുമാനിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്കിയതോടെ കമ്മീഷനെ ഭീഷണിപ്പെടുത്താനും പ്രലോഭിപ്പിക്കാനുമുള്ള അവസരമാണ് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. മുമ്പ് ഇവരെ 5 വര്‍ഷം നിയമിച്ചാല്‍ പിന്നീട് സര്‍ക്കാരിന് ഇടപെടാന്‍ അധികാരമില്ലായിരുന്നു. ജുഡീഷ്യറിയെപ്പോലെ ബാഹ്യസമ്മര്‍ദമില്ലാതെ പ്രവര്‍ത്തിക്കാന്‍ വിവരാവകാശ കമ്മീഷനെ അനുവദിക്കാത്ത മോദി സര്‍ക്കാര്‍ ഫാസിസത്തിന്റെ പ്രയോക്താവായെന്ന് കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഫയലുകള്‍ പരിശോധിക്കാന്‍ വിവരാവകാശ നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്തുന്നില്ലെന്ന് മുന്‍ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ ടി ആസഫ് അലി ചൂണ്ടിക്കാട്ടി. 2005ല്‍ യു.പി.എ സര്‍ക്കാര്‍ വിവരാവകാശ നിയമം നടപ്പാക്കി 16 വര്‍ഷം കഴിഞ്ഞപ്പോള്‍ അതു ദുര്‍ബലപ്പെടുത്തുന്ന സാഹചര്യം ഉണ്ടായതുകൊണ്ടാണ് ഈ വിഷയത്തില്‍ സെമിനാര്‍ നടത്തുന്നതെന്ന് കെ.പി. സി.സി വര്‍ക്കിംഗ് പ്രസിഡന്റ് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു. അക്കാദമിക് രംഗത്തുള്ളവര്‍ വിവരാവകാശ നിയമത്തോട് മുഖംതിരിഞ്ഞു നില്ക്കുന്നത് വളരെ ഗൗരവമുള്ള വിഷയമാണെന്ന് ഡോ. അച്യുത് ശങ്കര്‍ എസ് നായര്‍ ചൂണ്ടിക്കാട്ടി.ഡിസിസി പ്രസിഡന്റ് പാലോട് രവി സ്വാഗതവും അഡ്വ വിഎസ് ഹരീന്ദ്രനാഥ് നന്ദിയും പറഞ്ഞു.