ലക്‌നോ: സമാജ്‌വാദി പാര്‍ട്ടിയിലെ കുടുംബ കലഹം വീണ്ടും ചൂടുപിടിക്കുന്നു. ഒരു മാസത്തിലധികം നീണ്ട താല്‍ക്കാലിക വെടിനിര്‍ത്തലിനാണ് ഇതോടെ വിരാമമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പുതിയ കലഹത്തിന് വഴി തുറന്നത്.
404 അംഗ നിയമസഭാ സീറ്റുകളില്‍ 175 സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായതായി മുലായംസിങിന്റെ അനന്തിരവനും പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ടുമായ ശിവപാല്‍ യാദവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി തീരുമാനത്തിനെതിരെ ആരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടായാലും ശക്തമായ അച്ചടക്ക നടപടി ഉണ്ടാകുമെന്നും ജയസാധ്യത മാത്രം കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥി പട്ടികക്ക് രൂപം നല്‍കിയതെന്നുമായിരുന്നു ശിവപാലിന്റെ വാദം.
എന്നാല്‍ 404 സീറ്റിലേക്കും തന്റെ നോമിനികളുടെ പേര് ഉള്‍പ്പെടുത്തി അഖിലേഷ് യാദവ്, പിതാവും പാര്‍ട്ടി അധ്യക്ഷനുമായ മുലായംസിങിന് കത്തു നല്‍കിയതോടെയാണ് സ്ഥിതി വഷളായത്. ഒരുതവണ മാത്രം എം.എല്‍.എ ആയവരെ തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയ അഖിലേഷ് ഇവര്‍ക്ക് വീണ്ടും സീറ്റു നല്‍കാമെന്ന് ഉറപ്പു കൊടുത്തതും പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായി.
നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരാന്‍ ഒരു മാസം മാത്രം ശേഷിക്കെ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നത് പാര്‍ട്ടി അണികളെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയക്കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിങിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും അതിനെ ആരും എതിര്‍ക്കില്ലെന്നുമാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കളുടെ പ്രതികരണം.
23 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഡിസംബര്‍ 11ന് എസ്.പി പുറത്തുവിട്ടിരുന്നു.
ഗാസിപൂരിലെ മുഹമ്മദാബാദ് സീറ്റ് ഖ്വാമി ഏകതാ ദളിന് നല്‍കിയതും എസ്.പിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നുണ്ട്. സിറ്റിങ് എം.എല്‍.എ സിബ്്ഗത്തുല്ല അന്‍സാരിയുടെ നേതൃത്വത്തലിലുള്ള ഖ്വാമി ഏകതാ ദളിനെ സമാജ്് വാദി പാര്‍ട്ടിയില്‍ ലയിപ്പിക്കാന്‍ ശിവപാല്‍ യാദവ് നേരത്തെ ചരടു വലി നടത്തിയിരുന്നു. എന്നാല്‍ അഖിലേഷ് യാദവ് ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു.