ബംഗളൂരു: ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരുടെ താമസത്തിന് മേല്‍നോട്ടം വഹിക്കുന്ന കര്‍ണാടക ഊര്‍ജ മന്ത്രി ഡി.കെ ശിവകുമാറിന്റെ വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്. ഇന്നലെ പുലര്‍ച്ചെ ആറേകാലോടെയായിരുന്നു ശിവകുമാറിന്റെ സദാശിവശ നഗറിലെ വീടടക്കം 39 ഇടങ്ങളില്‍ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്ന് അഞ്ചു ലക്ഷം രൂപ പിടിച്ചെടുത്തു. ഗുജറാത്തിലെ 42 എം.എല്‍.എമാര്‍ താമസിച്ചിരുന്ന ഈഗ്ള്‍സ്റ്റണ്‍ ഗോള്‍ഫ് റിസോര്‍ട്ടിലാണ് ഉദ്യോഗസ്ഥര്‍ ആദ്യമെത്തിയത്. റിസോര്‍ട്ടിലെ ശിവകുമാറിന്റെ ഓഫീസ് പരിശോധിച്ച ശേഷമാണ് മന്ത്രിയെ ആദായ നികുതി വകുപ്പ് വീട്ടിലെത്തിച്ചത്. സി.ആര്‍. പി.എഫ് സുരക്ഷയോടെ 120 ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് ഒരേസമയം നടന്ന റെയ്ഡില്‍ പങ്കെടുത്തത്.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ചാക്കിട്ടുപിടിക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് എം.എല്‍.എമാരെ റിസോര്‍ട്ടിലെത്തിച്ചിരുന്നത്. നേരത്തെ, 57 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ആറു പേര്‍ ബി.ജെ.പി പക്ഷത്തേക്ക് ചേക്കേറിയിരുന്നു. മുതിര്‍ന്ന പാര്‍ട്ടി നേതാവും സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേല്‍ സംസ്ഥാനത്തു നിന്ന് ഉപരിസഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍, മുന്‍കരുതല്‍ എന്ന നിലയിലാണ് എം.എല്‍.എമാരെ ബംഗളൂരുവിലേക്ക് മാറ്റിയത്. ഓഗസ്റ്റ് എട്ടിനാണ് തെരഞ്ഞെടുപ്പ്.
അതിനിടെ, റെയ്ഡിനെതിരെ പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സി.ബി.ഐ, ആദായ നികുതി വകുപ്പ് പോലുള്ള സ്വതന്ത്ര ഏജന്‍സികളെ സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
റെയ്ഡ് നടത്തിയ സമയത്തെ ചോദ്യം ചെയ്ത കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ, കൊണ്ടുപോയത് ഒരു സംസ്ഥാന മന്ത്രിയെ ആണ് എന്ന് ഓര്‍ക്കണമായിരുന്നു എന്നും പറഞ്ഞു. കേന്ദ്രഏജന്‍സികളെ ഭരണകൂടം ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
ലോക്‌സഭയിലേക്കാണെങ്കിലും രാജ്യസഭയിലേക്കാണെങ്കിലും തെരഞ്ഞെടുപ്പുകള്‍ ന്യായവും നീതിപൂര്‍വകമായും നടക്കണമെന്നായിരുന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ പ്രതികരണം. ഭീഷണിപ്പെടുത്തിയും ബ്ലാക് മെയില്‍ ചെയ്തും നടത്തേണ്ടതല്ല തെരഞ്ഞെടുപ്പ്. 15 കോടി വാഗ്ദാനം നടത്തിയവരുടെ പാര്‍ട്ടിയാണ് ഇപ്പോള്‍ റെയ്ഡ് നടത്താന്‍ ഉത്തരവിടുന്നത്- അദ്ദേഹം പരിഹസിച്ചു. ‘ഒരു പ്രത്യേക വ്യക്തി അവിടെയുണ്ടായിരുന്നു. അദ്ദേഹത്തെ അവിടെ നിന്ന് കൊണ്ടു പോയി വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു’ എന്നായിരുന്നു ഇതേക്കുറിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതികരണം. റിസോര്‍ട്ടില്‍ പരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബഹളത്തെ തുടര്‍ന്ന് സഭ ഉച്ചവരെ നിര്‍ത്തിവെക്കേണ്ടി വന്നു.
രാജ്യസഭയിലേതു സമാനമായ ബഹളം ലോക്‌സഭയിലുമുണ്ടായി. കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. ജനാധിപത്യത്തെ ബി.ജെ.പി കശാപ്പു ചെയ്യുകയാണ് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടിന്റെ പ്രതികരണം. റെയ്ഡ് നേരത്തെ തീരുമാനിച്ചതായിരുന്നു എന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.
ആഗസ്റ്റ് എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിനെ കൂടാതെ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി എന്നിവരാണ് മത്സരരംഗത്തുള്ളത്. ഈയിടെ കോണ്‍ഗ്രസ് വിട്ടുവന്ന ശങ്കര്‍ സിങ് വഗേലയുടെ ബന്ധു ബല്‍വന്ത് സിങ് രജ്പുതിനെ മത്സരിപ്പിക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്. അതേസമയം, രാജ്യസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
- 7 years ago
chandrika
Categories:
Video Stories
കര്‍ണാടക മന്ത്രിയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്
Tags: ride