ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ എ.എ.പി എം.എല്‍. എമാര്‍ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. സൈബര്‍ ക്രെം, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരടങ്ങിയ 60 ഓളം പൊലീസുകാരാണ് കെജ് രിവാളിന്റെ വസതിയില്‍ റെയ്ഡിനെത്തിയത്. വസതിയിലെ 21 സി.സി.ടി.വികളില്‍ നിന്നുള്ള റെക്കോര്‍ഡിങ് അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്തു.
ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്നും മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ തെളിവു തേടിയാണ് പൊലീസ് റെയ്ഡ്. റെയ്ഡിനു പിന്നാലെ ലഫ്. ഗവര്‍ണറെ കാണാന്‍ ഡല്‍ഹി മന്ത്രിമാര്‍ സമയം ചോദിച്ചതായി കെജ് രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. അതേ സമയം രണ്ട് അടിയുടെ പേരില്‍ പൊലീസ് വ്യൂഹത്തെ ഒന്നാകെ തന്റെ വീട്ടിലേക്ക് അയക്കാന്‍ ധൃതി കാണിച്ചവര്‍ ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തിന്റെ പേരില്‍ ബി. ജെ.പി അധ്യക്ഷ ന്‍ അമിത് ഷായെ എന്നു ചോദ്യം ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും സംസാരിച്ചാല്‍ അവര്‍ക്ക് അലോസരമാണ്. ഞാന്‍ ജനങ്ങള്‍ക്കു വേണ്ടി പോരാടുമ്പോള്‍ ബി.ജെ.പി, ലഫ്.ഗവര്‍ണര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ തടസം സൃഷ്ടിക്കുന്നുവെന്നും കെജ് രിവാള്‍ ആരോപിച്ചു. ജനങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ആപ് എം.എല്‍.എ അമാനത്തുള്ള ഖാന്‍, പ്രകാശ് ജാര്‍വാല്‍ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുടേയും ജാമ്യാപേക്ഷ ഇന്നലെ ഡല്‍ഹി കോടതി തള്ളിയിരുന്നു. ഇരുവരേയും 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഈമാ സം 20ന് രാത്രി ചീഫ് സെക്രട്ടറിയെ കെജ്രിവാള്‍ കൂടിക്കാഴ്ചക്കു വിളിച്ചിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ എം.എല്‍.എമാര്‍ കയ്യേറ്റം ചെയ്‌തെന്നാണ് അന്‍ഷു പ്രകാശിന്റെ ആരോപണം. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലഫ്. ഗവര്‍ണറോടു റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.