ചണ്ഡിഗഡ്: ഹരിയാനയില്‍ നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് 500ലധികം ഇറച്ചിക്കടകള്‍ ശിവസേന പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ചു.
ഇറച്ചി വില്‍പനയിലെ രാജ്യാന്തര ബ്രാന്‍ഡായ കെ.എഫ്.സിയുടെ 300 ഔട്ട്ലെറ്റടക്കം അടപ്പിച്ചവയില്‍ ഉള്‍പ്പെടും. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുഡ്ഗാവില്‍ നവരാത്രി ആഘോഷം കഴിയുന്നതുവരെ ഇറച്ചികടകള്‍ അടക്കാന്‍ ആവശ്യപ്പെട്ട് ശിവസേന പ്രവര്‍ത്തകര്‍ നോട്ടീസ് വിതരണം ചെയ്തിരുന്നു. നവരാത്രി ആഘോഷങ്ങള്‍ അവസാനിക്കുന്നത് വരെ ഇറച്ചി കടകളോ മാംസാഹാര ശാലകളോ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ശിവസേനയുടെ പേരില്‍ കടകള്‍ക്ക് മുന്നില്‍ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
തങ്ങളുടെ വിലക്ക് ലംഘിച്ച് ഇനി ആരെങ്കിലും തുറന്നാല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് പാര്‍ട്ടി മീഡിയ കോ-ഓര്‍ഡിനേറ്റര്‍ റിതു രാജ് ഭീഷണിമുഴക്കി. കടകള്‍ അടപ്പിക്കണമെന്ന ആവശ്യവുമായി തങ്ങള്‍ ആദ്യം പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ അവര്‍ അത് ഗൗരവത്തിലെടുത്തില്ല. അതിനാലാണ് സേന പ്രവര്‍ത്തകര്‍ ഇറച്ചിക്കടകള്‍ക്ക് മുമ്പില്‍ നോട്ടീസ് പതിക്കാന്‍ തീരുമാനിച്ചതെന്നും റിതു രാജ് മാധ്യമങ്ങളോട് പറഞ്ഞു. കടകള്‍ അടപ്പിച്ചപ്പോള്‍ പൊലീസ് കാഴ്ചക്കാരായി നോക്കി നിന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
യു.പിയില്‍ അറവുശാലകളും ഇറച്ചിക്കടകളും അടച്ചുപൂട്ടാന്‍ യോഗി സര്‍ക്കാര്‍ നീക്കം നടത്തുന്നതിനെതിരെ സംസ്ഥാനത്തെ ഇറച്ചി വ്യാപാരികള്‍ അനിശ്ചിതകാല സമരം തുടങ്ങിയിരുന്നു. അനധികൃത അറവ് ശാലകള്‍ക്ക് പുറമെ ലൈസന്‍സുള്ള 44 കശാപ്പുശാലകളില്‍ 26ഉം കഴിഞ്ഞദിവസം യു.പിയില്‍ പൂട്ടി.
ഉത്തര്‍പ്രദേശിനു പിന്നാലെ ബി. ജെ.പി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളും ഇറച്ചി വില്‍പ്പനക്കെതിരെ നടപടി തുടങ്ങിയിട്ടുണ്ട്.