X

താരപ്പകിട്ടേകാന്‍ റിച്ചാര്‍ഡ് മാഡനും, പ്രിയങ്ക ചോപ്രയും; പ്രൈം വീഡിയോസിന്റെ ആഗോള സ്‌പൈ ത്രില്ലര്‍ സിറ്റഡെല്‍-ന്റെ ആഗോള പര്യടനത്തിന് മുംബൈയില്‍ തുടക്കമായി

മുംബൈ: പ്രൈം വീഡിയോസിന്റെ ആഗോള സ്‌പൈ സീരീസ് സിറ്റഡെലിന്റെ ഏഷ്യ-പസിഫിക് പ്രീമിയര്‍ മുംബൈയില്‍ ഇന്ന് നടക്കും. പ്രീമിയറിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ പരമ്പരയിലെ പ്രധാന താരങ്ങളായ റിച്ചാര്‍ഡ് മാഡന്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ പങ്കെടുത്തു. പരമ്പരയുടെ നിര്‍മാണത്തിലെ വിവിധ ഘട്ടങ്ങള്‍ താരങ്ങള്‍ വിവരിച്ചു. ആമസോണ്‍ സ്റ്റുഡിയോസ്, റൂസോ സഹോദരങ്ങളുടെ അഗ്‌ബോ, എക്‌സിക്യുട്ടിവ് പ്രൊഡ്യൂസറും ഷോ റണ്ണറുമായ ഡേവിഡ് വീല്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന പരമ്പരയുടെ ആദ്യ രണ്ട് എപ്പിസോഡുകള്‍ ഏപ്രില്‍ 28-നും തുടര്‍ന്ന് മേയ് 26 മുതല്‍ ആഴ്ചതോറും ഓരോ എപ്പിസോഡ് വീതവും ഇറങ്ങും.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിറ്റഡെലിന്റെ ഏഷ്യ-പസിഫിക് പ്രീമിയര്‍ മുംബൈയില്‍ നടത്താനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പ്രൈം വീഡിയോ ഏഷ്യാ-പസിഫിക് വൈസ് പ്രസിഡന്റ് ഗൗരവ് ഗാന്ധി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ കഥ പറയുന്ന സിറ്റഡെല്‍ കഥപ്പറച്ചിലില്‍ പുതിയ പരീക്ഷണമാണെന്നും അതിര്‍ത്തികളില്ലാത്ത വിനോദം എന്ന ആശയത്തിന് കരുത്ത് പകരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രൈം വീഡിയോസിന്റെ ഇന്ത്യയിലെ ഉപഭോക്താക്കളില്‍ 75 ശതമാനത്തിലേറെ രാജ്യാന്തര ഷോകള്‍ ഇംഗ്ലിഷിലും പ്രാദേശിക ഭാഷകളിലും കാണുന്നവരാണെന്ന് പ്രൈം വീഡിയോ കണ്‍ട്രി ഡയറക്ടര്‍ സുശാന്ത് ശ്രീറാം പറഞ്ഞു. ഇത് കണക്കിലെടുത്ത് സിറ്റഡെല്‍ ഇംഗ്ലിഷിനും ഹിന്ദിക്കും പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും പരമ്പര ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആമസോണ്‍ പ്രതിനിധീകരിക്കുന്ന വൈവിധ്യത്തിന്റെ സന്ദേശം അന്വര്‍ഥമാക്കുന്നതാണ് സിറ്റഡെല്‍ എന്ന് പരമ്പരയില്‍ നാദിയ സിന്‍ഹയെ അവതരിപ്പിക്കുന്ന പ്രിയങ്ക ചോപ്ര പറഞ്ഞു. ഈ പരമ്പര രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും അതിര്‍ത്തികള്‍ ഭേദിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

ഏറെ ശാരീരികക്ഷമത ആവശ്യമുണ്ടായിരുന്ന പരമ്പരയാണ് സിറ്റഡെല്‍ എന്ന് അതില്‍ മേസന്‍ കേനിനെ അവതരിപ്പിക്കുന്ന റിച്ചാര്‍ഡ് മാഡന്‍ പറഞ്ഞു. സംഘട്ടന രംഗങ്ങള്‍ക്ക് പുറമേ നൃത്തത്തിനും ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റൂസോ സഹോദരങ്ങളുടെ അഗ്‌ബോയും ഷോ റണ്ണറായ ഡേവിഡ് വീല്ലും എക്‌സിക്യുട്ടിവ് പ്രൊഡ്യൂസറാകുന്ന സിറ്റഡെല്‍-ല്‍ റിച്ചാര്‍ഡ് മാഡന്‍, പ്രിയങ്ക ചോപ്ര എന്നിവരെ കൂടാതെ സ്റ്റാന്‍ലി ടൂച്ചി, ലെസ്ലി മാന്‍വില്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ആകെ ആറ് എപ്പിസോഡുകളുള്ള പരമ്പരയുടെ രണ്ട് എപ്പിസോഡുകള്‍ ഏപ്രില്‍ 28-നും തുടര്‍ന്ന് മേയ് 26 മുതല്‍ ആഴ്ചതോറും ഓരോ എപ്പിസോഡും ഇറങ്ങും. ഇംഗ്ലിഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക, കന്നട് ഉള്‍പ്പെടെ മറ്റ് രാജ്യാന്തര ഭാഷകളില്‍ 240 രാജ്യങ്ങളില്‍ പരമ്പര കാണാനാകും.

webdesk14: