തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ജോലിയും കൂലിയും ഇല്ലാതെ വലയുന്ന ജനത്തിന് തിരിച്ചടിയായി സംസ്ഥാനത്തെ അരി വില കുതിച്ചുയരുന്നു. കിലോക്ക് 40 രൂപ എന്ന റെക്കോര്‍ഡിലെത്തി നില്‍ക്കുകയാണ് ചില്ലറവില. മൊത്തവ്യാപാരികള്‍ 37 രൂപക്ക് നല്‍കുന്ന അരി ചെറിയ കടകളില്‍ എത്തുമ്പോഴാണ് 40 രൂപ വരെയാകുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ എട്ടുരൂപവരെയാണ് അരിക്ക് വില വര്‍ധിച്ചത്. ആന്ധ്രയില്‍ നിന്നുള്ള വരവ് നിലച്ചതോടെയാണ് ജയ അരിക്ക് വില കുതിക്കുന്നത്. മട്ട അരിക്ക് ക്ഷാമമില്ലെങ്കിലും ജയ അരിയുടെ അഭാവത്തില്‍ ചിലര്‍ മട്ടഅരിക്ക് കൂടിയ വില ഈടാക്കുന്നുണ്ട്. പച്ചരിക്കും ഇതേ രീതിയില്‍ വില കൂട്ടിയിട്ടുണ്ട്.
ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി മേഖലയില്‍ നിന്നാണ് കേരളത്തിലേക്കുള്ള ജയ അരി എത്തുന്നത്. അവിടെ സര്‍ക്കാര്‍ പൊതുവിതരണത്തിന് നെല്ല് വന്‍തോതില്‍ സംഭരിക്കുന്നതാണ് കേരളത്തിലേക്കുള്ള അരി വരവ് കുറയാന്‍ കാരണം. തദ്ദേശീയമായ ആവശ്യം കഴിഞ്ഞുള്ളതുമാത്രം മറ്റിടങ്ങളിലേക്ക് വിട്ടാല്‍ മതിയെന്നാണ് നെല്ല് സംഭരിക്കുന്ന ഏജന്‍സികള്‍ക്ക് ആന്ധ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. സാധാരണഗതിയില്‍ ആന്ധ്രയില്‍ നിന്നുള്ള അരി വരവ് നിലയ്ക്കുമ്പോള്‍ കേരള സര്‍ക്കാര്‍ ഇടപെടാറുണ്ട്. എന്നാല്‍ വില വര്‍ധനയുടെ കാരണങ്ങള്‍ പരിശോധിക്കാന്‍ പോലും പിണറായി സര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ല.
നേരത്തെതന്നെ കേരളത്തില്‍ നിന്ന് ബുക്കു ചെയ്തവര്‍ക്ക് മാത്രമാണ് അരി നല്‍കുന്നത്. ജനുവരി വരെ ആന്ധ്രയില്‍ നിയന്ത്രണം തുടരുമെന്നാണ് അറിയുന്നത്. കര്‍ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് മട്ട അരി നിര്‍ലോഭം എത്തുന്നുണ്ടെങ്കിലും ചില്ലറവില പലയിടത്തും 40 കടന്നിട്ടുണ്ട്. മട്ട അരിയുടെ മൊത്തവില 35- 36 രൂപയാണ്. എന്നാല്‍ ബ്രാന്‍ഡ് ചെയ്തു വരുന്ന അരിക്ക് നേരത്തെതന്നെ 40 രൂപയുണ്ട്. പച്ചരി കിലോക്ക് 33 രൂപ വരെയാണ് വില. ക്രിസ്മസ് ആയതോടെ പച്ചരിയുടെ ഉപഭോഗം കൂടിയിട്ടുണ്ട്. റേഷന്‍ പ്രതിസന്ധിയും അരി വിലയെ ബാധിക്കുന്നുണ്ട്. ബ്രാന്‍ഡഡ് കമ്പനികളുടെ അരിക്ക് ദൗര്‍ലഭ്യം നേരിടുന്നുണ്ടെന്ന് മൊത്ത വിതരണ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ അരി വില ഇനിയും ഉയരുമെന്നാണ് സൂചന. കേരളത്തിലുള്ള ലക്ഷക്കണക്കിന് അന്യസംസ്ഥാനതൊഴിലാളികളും റേഷന്‍ കടകളില്‍ നിന്നും സൗജന്യമായി അരി ലഭിച്ചിരുന്നവരും മറ്റ് ഇതര വിഭാഗങ്ങളും അരി വാങ്ങാനായി പൊതുവിപണിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലയും ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പല സാധനങ്ങള്‍ക്കും 20 മുതല്‍ 50 ശതമാനം വരെയാണ് വില വര്‍ധിച്ചത്. അതേസമയം, വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ഉണക്കമുളക്, മല്ലി എന്നീ ഇനങ്ങള്‍ക്ക് 50 ശതമാന വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കടല 60ല്‍ നിന്ന് 95 ലേക്കും ചെറുപയര്‍ 70ല്‍ നിന്ന് 100 രൂപയായും ഉയര്‍ന്നു. പരിപ്പിന് 40 രൂപ വര്‍ധിച്ച് 110 ല്‍നിന്ന് 150ല്‍ എത്തി. പഞ്ചസാര കിലോക്ക് 32ല്‍ നിന്ന് 38ഉം കടലമാവിന് 60ല്‍ നിന്ന് 30രൂപ വര്‍ധിച്ച് 90ഉം ആയി. കടലപരിപ്പിന് 100 രൂപയാണ് വില. ഗ്രീന്‍പീസ്, വന്‍പയര്‍ എന്നിവക്കും വില വര്‍ധിച്ചിട്ടുണ്ട്.