X

അരിവില കുതിക്കുന്നു: റേഷന്‍ കടകളും കാലി;സര്‍ക്കാര്‍ വന്‍ പരാജയം

പി.എ.അബ്ദുല്‍ ഹയ്യ്
മലപ്പുറം

സംസ്ഥാനത്ത് അരിവില കുതിച്ചുയരുമ്പോഴും പരിഹാര നടപടിയില്ലാതെ സര്‍ക്കാര്‍. ഒരു മാസത്തിനുള്ളില്‍ അരിക്ക് കിലോഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാറിനെ പഴിചാരി രക്ഷപ്പെടാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. മന്ത്രിമാരുടെ പ്രഖ്യാപനങ്ങളില്‍ മയങ്ങി ജനങ്ങള്‍ റേഷന്‍ കടകളിലെത്തുമ്പോള്‍ കാലിച്ചാക്കുകള്‍ കാണിച്ച് ഗുണഭോക്താക്കളെ തിരിച്ചയക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കിയിരുന്ന അരി വിഹിതം കഴിഞ്ഞ മാസം മുതല്‍ നിലച്ചതാണ് ഇതിന് കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ വിഹിതം പൊതുജനങ്ങള്‍ക്കില്ലേ എന്ന ചോദ്യത്തിന് റേഷന്‍വ്യാപാരികള്‍ ഉത്തരംമുട്ടുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഒരു വിഹിതവും കേരളത്തിലെ ജനങ്ങളുടെ പട്ടിണിമാറ്റാനില്ലായെന്നതാണ് വസ്തുത.

ഒരു മാസത്തിനിടെ ചില്ലറ വിപണിയില്‍ 10-15 രൂപ വരെയാണ് വിവിധ ഇനം അരികളുടെ വില കൂടിയത്. മലയാളികള്‍ കൂടുതലായി ഉപയോഗിച്ച വടി മട്ട അരിയുടെ വില കിലോക്ക് 55-60 രൂപയിലെത്തി. 40 രൂപയുണ്ടായിരുന്ന ജ്യോതിക്ക് 49-50 രൂപയായി. 33 രൂപയുടെ മട്ടക്ക് 37-40 രൂപ നല്‍കണം. കുറുവ 28ല്‍ നിന്ന് 34 ആയും സുരേഖ 35ല്‍നിന്ന് 45 ആയും ഉയര്‍ന്നു. ജയക്ക് 56-60 രൂപയാണ്. ബ്രാന്റഡ് അരികളുടെ വിലയും കുത്തനെ കൂടി. ബംഗാളില്‍നിന്നുള്ള നൂര്‍ജഹാന്‍ അരിക്ക് മൊത്തവിപണിയില്‍ 35- 40 രൂപയാണ്. ഒന്നര മാസം മുമ്പ് 28-35 ആയിരുന്നു. മട്ടക്ക് 60-63 രൂപയാണ്. പച്ചരി വില മൊത്ത വിപണിയില്‍ 4550 രൂപയിലെത്തി. വില ഉയരുന്നതോടെ ചില്ലറ വ്യാപാരികള്‍ സ്റ്റോക്കെടുക്കുന്നത് കുറച്ചിട്ടുണ്ട്.

ശക്തമായ മഴയും കേന്ദ്ര സര്‍ക്കാരിന്റെ ജി.എസ്.ടി പരിഷ്‌കാരവും കേരളത്തിലേക്ക് അരി എത്തുന്ന സംസ്ഥാനങ്ങളിലെ ലഭ്യതക്കുറവുമാണ് പൊതു വിപണിയിലെ അരിലഭ്യത കുറവിന് കാരണം. കര്‍ണാടകയില്‍ ശിവമൊഗ, കൊപ്പാള്‍ ജില്ലകളില്‍ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. ഹെക്ടര്‍ കണക്കിന് കൃഷിനാശമാണുണ്ടായത്. ഇതിനു പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിച്ചതും തിരിച്ചടിയായി. 25 കിലോ വരെയുള്ള പാക്കിന് കേന്ദ്ര സര്‍ക്കാര്‍ അഞ്ച് ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയതാണ് ബ്രാന്റഡ് അരിയുടെ വില കൂടുന്നതിന് പ്രധാന കാരണമായി.

അരിക്ഷാമംപരിഹരിക്കാന്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് സര്‍ക്കാര്‍ സംഭരിച്ച് പൊതുവിതരണ സംവിധാനം വഴി ജനങ്ങളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രിയുള്‍പ്പെട വലിയ വായില്‍ പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തിലുള്ള സംവിധാനങ്ങള്‍ നിലവിലില്ല. റേഷന്‍ കടയില്‍ എ.എ.വൈ കാര്‍ഡിന് 35 കിലോക്ക്പുറമെ ഒരാള്‍ക്ക് അഞ്ച് കി.ഗ്രാം വീതവും സൗജന്യമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്.എന്നാല്‍ ഇതെല്ലാം പ്രതീക്ഷിച്ച് റേഷന്‍കടകളിലെത്തിയാല്‍ കാലി ചാക്കുകള്‍ കാണിച്ച് തിരിച്ചയക്കുകയാണ് വ്യാപരികള്‍.

Test User: