കോഴിക്കോട്: റേഷന്‍ ഷോപ്പുകളില്‍ ആധുനിക വിതരണ സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് ഈ മാസം പത്തിന് നടക്കുമെങ്കിലും വിഷുവിന് അരി വിതരണം സുഗമമാവില്ലെന്ന് സൂചന. ഉപഭോക്താക്കള്‍ വാങ്ങുന്ന സാധനങ്ങള്‍ സംബന്ധിച്ചുള്ള വിവരം റേഷന്‍കടയില്‍ സ്ഥാപിക്കുന്ന ഇ.പോസ് മെഷീനില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. സാധനങ്ങളുടെ ബില്ലും യന്ത്രം വഴി നല്‍കും. ഉപഭോക്താവിന്റെ വിരലടയാളം മെഷീനില്‍ പതിപ്പിക്കുകയും വേണം. അതിനുശേഷമാണ് ബില്‍ തയാറാക്കുക. മെഷീന്‍ ഏതാനും ദിവസം മുമ്പ് കടകളില്‍ എത്തിച്ചു. ഇതുമായി ബന്ധപ്പെട്ട പരിശീലനം കടക്കാര്‍ക്ക് നല്‍കുന്നുണ്ട്. റേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കളെ മൊബൈല്‍ ഫോണ്‍ സന്ദേശം വഴി അറിയിക്കാനും തുടങ്ങി. എന്നാല്‍ പുതിയ സംവിധാനം വഴിയുള്ള വിതരണം വൈകിയാല്‍ വിഷുവിന് അരി വിതരണം മുടങ്ങും. റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിലെ ദുരുപയോഗം തടയാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. റേഷന്‍ വാങ്ങാത്തവരുടെ അരിയും മറ്റും എഴുതിയെടുക്കാന്‍ വ്യാപാരിക്ക് സാധിക്കില്ല. പുതിയ പരിഷ്‌കാരം പ്രാവര്‍ത്തികമാകാന്‍ ഏറെ സമയമെടുക്കുമെന്നാണ് സൂചന. അതുവരെ റേഷന്‍വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇപ്പോള്‍ റേഷന്‍വ്യാപാരികള്‍ക്കുള്ള ക്ലാസ് നടക്കുകയാണ്. ഏപ്രില്‍ 10ന് വിതരണം പുതിയ രീതിയില്‍ തുടങ്ങുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ സ്വാഭാവികമായും സംവിധാനം കാര്യക്ഷമമാകാന്‍ കൂടുതല്‍ ദിവസം വേണ്ടിവരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതോടെ വിഷുവിന് അരി കിട്ടുമെന്ന് ഉറപ്പിക്കാനാവില്ല. അതേസമയം, മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന അരിക്ക് ഒരു രൂപ നല്‍കണം. സംസ്ഥാന സബ്‌സിഡിക്ക് അര്‍ഹരായവര്‍ക്ക് രണ്ട് രൂപക്ക് കിട്ടിയിരുന്ന അരിക്ക് മൂന്ന് രൂപയും എ.പി.എല്‍കാര്‍ക്ക് 8.90 രൂപക്ക് കിട്ടിയിരുന്ന അരിക്ക് 9.90 രൂപയുമാകും.
ഇ.പോസ് മെഷീന്‍ വരുന്നതോടെ റേഷന്‍കടയില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്ന സമ്പ്രദായം ഒഴിവാകും. എന്നാല്‍, പുതിയ രീതി സുഗമമാകുന്നതുവരെ രണ്ടുമാസക്കാലം രജിസ്റ്ററും സൂക്ഷിക്കണമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മണ്ണെണ്ണ വിതരണത്തിന് മെഷീനെ ആശ്രയിക്കാനാവില്ല. സിസ്റ്റത്തില്‍ ലോഡ് ചെയ്യാത്തതാണ് കാരണം. ഏതായാലും മണ്ണെണ്ണ നല്‍കുന്ന വിവരം പുസ്തകത്തില്‍ തന്നെ രേഖപ്പെടുത്തണം. പുതിയ സംവിധാനം എങ്ങനെ കാര്യക്ഷമമാക്കാം എന്ന ആലോചനയിലാണ് സിവില്‍ സപ്ലൈസ് വകുപ്പ്. അതേസമയം, വ്യാപാരികള്‍ ഇ.പോസ് മെഷീന്‍ പരിചയപ്പെടാനുള്ള തിരക്കിലുമാണ്.
- 7 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories