X

സ്വന്തം മൈതാനത്ത് റയലിന് സമനില

 

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് സ്വന്തം ഗ്രൗണ്ടില്‍ സമനില വഴങ്ങി. ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനം ഹോട്‌സ്പറാണ് മാഡ്രിഡിനെ സാന്റിയാഗോ ബര്‍ണേബുവില്‍ 1-1 സമനിലയില്‍ തളച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി ഇറ്റാലിയന്‍ ലീഗില്‍ മുന്നിലുള്ള നാപോളിയെ 2- 1 ന് വീഴ്ത്തിയപ്പോള്‍ സ്ലോവേനിയന്‍ ക്ലബ്ബ് മാരിബോറിനെ ലിവര്‍പൂള്‍ എതിരില്ലാത്ത ഏഴു ഗോളിന് തകര്‍ത്തു. സ്പാനിഷ് ക്ലബ്ബ് സെവിയ്യ അഞ്ചിനെതിരെ ഒരു ഗോളിന് സ്പാര്‍ട്ടക് മോസ്‌കോയോട് തോറ്റു. മാഡ്രിഡില്‍ നടന്ന കരുത്തരുടെ പോരാട്ടത്തില്‍ ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 28-ാം മിനുട്ടില്‍ സെര്‍ജി ഓറിയറുടെ ക്രോസ് ഹാരി കെയ്‌നിന് ലഭിക്കുന്നത് തടയാനുള്ള ശ്രമത്തില്‍ റാഫേല്‍ വരാന്‍ സ്വന്തം വലയില്‍ പന്തെത്തിച്ചപ്പോള്‍ ടോട്ടനം മുന്നിലെത്തി. എന്നാല്‍, 43-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലക്ഷ്യത്തിലെത്തിച്ചതോടെ ആതിഥേയര്‍ ഒപ്പം പിടിച്ചു. രണ്ടാം പകുതിയില്‍ റയലിന് മികച്ച അനവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ടോട്ടനം ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ മിന്നും പ്രകടനം ഗോള്‍ നിഷേധിച്ചു. മറുവശത്ത് കെയ്‌ലര്‍ നവാസിന്റെ മികവ് റയലിനും ഗുണമായി.
9, 13 മിനുട്ടുകളില്‍ റഹീം സ്റ്റര്‍ലിങും ഗബ്രിയേല്‍ ജീസസും നേടിയ ഗോളുകളാണ് നാപോളിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയമൊരുക്കിയത്. 38-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ഡ്രയസ് മെര്‍ട്ടന്‍സ് നഷ്ടപ്പെടുത്തിയത് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി. 73-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ അമദു ദിയാവര ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് ഗോള്‍ വഴങ്ങാതെ സിറ്റി പിടിച്ചു നിന്നു. മുഹമ്മദ് സലാഹ്, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരുടെ ഇരട്ട ഗോളിലാണ് ലിവര്‍പൂള്‍ മരിബോറിനെ ഏഴു ഗോളിന് മുക്കിയത്. ഫിലിപ്പ് കുട്ടിന്യോ, അലക്‌സ് ഓക്‌സ്ലൈഡ് ചേമ്പര്‍ലിന്‍, അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് എന്നിവരും ലക്ഷ്യം കണ്ടു. മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് ചാമ്പ്യന്മാരായ മൊണാക്കോ സ്വന്തം ഗ്രൗണ്ടില്‍ തോറ്റു. തുര്‍ക്കി ക്ലബ്ബ് ബെസീക്താസ് ആണ് മൊണാക്കോയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തിയത്. 30-ാം മിനുട്ടില്‍ റഡമെല്‍ ഫാല്‍ക്കാവോയുടെ ഗോളില്‍ മൊണാക്കോ മുന്നിലെത്തിയിരുന്നെങ്കിലും സെന്‍ക് തൊസുന്റെ ഇരട്ട ഗോളുകള്‍ തുര്‍ക്കിക്കാര്‍ക്ക് അനുകൂലമാവുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ ഡച്ച് ക്ലബ്ബ് ഫയനൂര്‍ദ്, ഉക്രെയ്‌നില്‍ നിന്നുള്ള ഷാഖ്തര്‍ ഡൊണസ്‌കിനെതിരെ സ്വന്തം ഗ്രൗണ്ടില്‍ തോറ്റു. ആര്‍ബി ലീപ്‌സിഗ് പോര്‍ച്ചുഗീസ് ക്ലബ്ബ് പോര്‍ട്ടോയെ വീഴ്ത്തിയപ്പോള്‍ സ്പാര്‍ട്ടക് മോസ്‌കോ അഞ്ചിനെതിരെ ഒരു ഗോളിന് സെവിയ്യയെ കെട്ടുകെട്ടിച്ചു.
ബെര്‍ണബുവിലെ സമനിലയില്‍ സംതൃപ്തനാണെന്ന് റയല്‍ കോച്ച് സൈനുദ്ദീന്‍ സിദാന്‍ പറഞ്ഞു. പതിവ് പോലെ അവസരങ്ങളെ ഉപയോഗപ്പെടുത്തുന്നതിലാണ് ടീം പിറകോട്ട് പോയത്. രണ്ടാം പകുതിയില്‍ ധാരാളം തുറന്ന അവസരങ്ങള്‍ ലഭിച്ചു. പക്ഷേ പലപ്പോഴും അത് ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യം വന്നു. കൃസ്റ്റിയാനോയും കരീം ബെന്‍സേമയും പലപ്പോഴും നിര്‍ഭാഗ്യവാന്മാരായിരുന്നെന്നും സിസു പറഞ്ഞു.

chandrika: