മാഡ്രിഡ്:സ്പാനിഷ് പത്രമായ എ.എസിനെ വിശ്വസിക്കാമെങ്കില്‍ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ അധിക കാലം റയല്‍ മാഡ്രിഡില്‍ തുടരില്ല. ക്ലബ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസ് തനിക്ക് നല്‍കിയ പ്രതിഫല വര്‍ധനവ് എന്ന വാഗ്ദാനം ഇത് വരെ പാലിക്കപ്പെട്ടിട്ടില്ലെന്നും തന്നെ റയല്‍ വഞ്ചിക്കുകയാണെന്നും കൃസ്റ്റിയനോ സഹതാരങ്ങളോട് പറഞ്ഞതായാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റയലില്‍ തുടരാന്‍ താല്‍്പ്പര്യമില്ലെന്നും പഴയ ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് മടങ്ങാനാണ് മോഹമെന്നും സൂപ്പര്‍താരം ചില സഹതാരങ്ങളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
കഴിഞ് സീസണില്‍ റയല്‍ മാഡ്രിഡിന് അഞ്ച് കിരീടങ്ങളാണ് കൃസ്റ്റിയാനോ സമ്മാനിച്ചത്. യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിലുള്‍പ്പെടെ ജേതാക്കളാക്കി. ലോക ഫുട്‌ബോളിലെ പരമോന്നത പുരസ്‌ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഈ വേളയിലാണ് പുതിയ കരാറും പ്രതിഫല വര്‍ധനയും ക്ലബ് പ്രസിഡണ്ട് പെരസ് വാഗ്ദാനം ചെയ്തതെന്നാണ് കൃസ്റ്റിയാനോ പറയുന്നത്. എന്നാല്‍ ആ വാഗ്ദാനം ഇത് വരെ പാലിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല അതിന് ശേഷം പെരസിനെ കാണാനും സാധിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. ഈ തരത്തില്‍ തുടരാന്‍ താല്‍പ്പര്യമില്ല. 2003 മുതല്‍ 2009 വരെ കളിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഇപ്പോഴും തനിക്ക് സ്ഥാനമുണ്ടെന്നും അങ്ങോട്ട് പോവാന്‍ മടിയില്ലെന്നുമാണ് 32 കാരന്‍ പറയുന്നത്. നിലവിലെ സീസണില്‍ മോശം ഫോമിലാണ് കൃസ്റ്റിയാനോ. ലാലീഗയില്‍ റയല്‍ തപ്പിതടയുകയാണ്. അവസാന മല്‍സരത്തില്‍ സ്വന്തം മൈതാനമായ ബെര്‍ണബുവില്‍ വില്ലാ റയലിനോടും തോറ്റു. ലാലീഗയില്‍ കേവലം നാല് ഗോളുകളാണ് സീസണിലെ സൂപ്പര്‍ താരത്തിന്റെ സമ്പാദ്യം. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇതിനകം ഒമ്പത് ഗോളുകള്‍ അദ്ദേഹം സ്‌ക്കോര്‍ ചെയ്തിട്ടുണ്ട്. പുതിയ വിവാദത്തില്‍ റയല്‍ മാഡ്രിഡ് പ്രതികരിച്ചിട്ടില്ല.