X

താളം വീണ്ടെടുക്കുന്ന വിദ്യാലയങ്ങള്‍-എഡിറ്റോറിയല്‍

കോവിഡ് ഭീതിയില്‍ രണ്ട് വര്‍ഷത്തോളം നിശ്ചലമായിക്കിടന്ന അക്കാദമിക ഘടികാരം പതിവുപോലെ വീണ്ടും ചലിച്ചു തുടങ്ങുകയാണ്. ഇന്നുതൊട്ട് ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി സാധാരണ രീതിയിലുള്ള പഠനം നടത്തും. സമയ നിയന്ത്രണങ്ങളും ഷിഫ്റ്റ് സമ്പ്രദായവും നീക്കി രാവിലെ മുതല്‍ വൈകുന്നേരം വരെ ക്ലാസുണ്ടാകും. വിദ്യാഭ്യാസ രംഗത്തെ താളഭംഗങ്ങളില്‍ മനംമടുത്തിരിക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കളും ഏറെ ആശ്വാസകരമാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. നഷ്ടപ്പെട്ട അധ്യയനം വീണ്ടെടുക്കാന്‍ എന്തു ചെയ്യാന്‍ പറ്റുമെന്ന ചോദ്യം ബാക്കിയുണ്ടെങ്കിലും തുടര്‍ന്നുള്ള കാലത്ത് തടസ്സം കൂടാതെ സ്‌കൂളുകള്‍ സജീവമായി നില്‍ക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. അതോടൊപ്പം നഷ്ടബോധവും ആശങ്കകളും കരിനിഴല്‍ വീഴ്ത്തി അവശേഷിക്കുന്നുമുണ്ട്.

ലോകത്ത് കോവിഡിനെത്തുടര്‍ന്ന് ആദ്യം അടയ്ക്കുകയും വൈകി തുറക്കുകയും ചെയ്യുന്നത് ഇന്ത്യയിലെ സ്‌കൂളുകളാണ്. വിദേശ രാജ്യങ്ങളൊക്കെയും എത്രയോ മുമ്പ് തന്നെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചുപിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ മൂന്നാം തരംഗം മറികടന്ന് ഈ മാസമാണ് സ്‌കൂളുകള്‍ വീണ്ടും തുറന്നത്. 2020ല്‍ പൂര്‍ണമായും 2021ല്‍ ദീര്‍ഘിച്ച മാസങ്ങളിലും വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നീണ്ടൊരു സ്തംഭനം വിദ്യാഭ്യാസ രംഗത്തുണ്ടാകുന്നത്. കുട്ടികളില്‍ അതുണ്ടാക്കിയ ആഘാതം തിട്ടപ്പെടുത്തുക അസാധ്യമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 92 ശതമാനം കുട്ടികള്‍ക്ക് ഏതെങ്കിലുമൊരു ഭാഷാപരമായ കഴിവും 82 ശതമാനം പേര്‍ക്ക് ഗണിത ശാസ്ത്രപരമായ ശേഷിയും നഷ്ടപ്പെട്ടുവെന്നാണ് കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് തെളിയിക്കുന്നത്. കോവിഡ് കാലത്ത് സ്‌കൂളുകളില്‍ പുതുതായി ചേര്‍ന്നവര്‍ക്ക് രണ്ട് വര്‍ഷത്തോളം ക്ലാസ് മുറി കാണാനേ സാധിച്ചില്ല. ഇളംപ്രായത്തില്‍ പ്രാഥമികമായി ലഭിക്കേണ്ട പഠനാനുഭവം അവര്‍ക്ക് തീര്‍ത്തും നിഷേധിക്കപ്പെട്ടു. അതൊരു നികത്താനാവാത്ത വിടവായി തുടര്‍ന്നും അവരെ വേട്ടയാടിയേക്കുമെന്ന ഭയം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ട്. ചെറിയ ക്ലാസുകളില്‍ പഠിച്ചെടുത്തത് പലതും മറന്നാണ് കുട്ടികള്‍ സ്‌കൂളിലേക്ക് തിരിച്ചെത്തുന്നത്. അവരെ പഴയ ട്രാക്കിലേക്ക് കൊണ്ടുവരുകയെന്നത് അധ്യാപകര്‍ക്ക് ഏറെ സാഹസികത നിറഞ്ഞ ദൗത്യമാണ്. ക്ലാസ് മുറിയില്‍ അധ്യാപകരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കേണ്ടിയിരുന്ന പഠനം ഓണ്‍ലൈനിലേക്ക് മാറ്റിയെങ്കിലും ഭൂരിഭാഗം പേര്‍ക്കും അത് പ്രയോജനം ചെയ്തിട്ടില്ല. ഓണ്‍ലൈന്‍ ക്ലാസുകളും പഠനങ്ങളും ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിലും വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ക്കും കിട്ടുന്നുവെന്ന് ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ കനത്ത പരാജയമായിരുന്നു. ആദ്യത്തെ ഒരു വര്‍ഷം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കാഴ്ചക്കാരന്റെ റോള്‍ സ്വയം തിരഞ്ഞെടുത്തത് സ്ഥിതി കൂടുതല്‍ വഷളാക്കി. സര്‍ക്കാറിനും അധ്യാപകര്‍ക്കുമിടയില്‍ കൃത്യമായ ഏകോപനത്തിന്റെ അഭാവം അടുത്ത കാലം വരെയും പ്രകടമാണ്. അധ്യാപക സംഘടനകളുമായി പ്രശ്‌നങ്ങള്‍ പങ്കുവെക്കുന്നതിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും അധികൃതര്‍ തീര്‍ത്തും പരാജയപ്പെട്ടു. സ്‌കൂളുകള്‍ പതിവ് താളം വീണ്ടെടുത്താലും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താവുന്ന ഡിജിറ്റല്‍ മാറ്റങ്ങള്‍ നിലനിര്‍ത്താനും പുരോഗമനപരമായ ദിശയിലേക്ക് വിദ്യാലയങ്ങളെ കൈപിടിച്ചുയര്‍ത്താനും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് പ്രകടമായ നീക്കങ്ങളൊന്നും കാണുന്നില്ല.

വീട്ടില്‍ ഒതുങ്ങിയതിന്റെ ഫലമായി കുട്ടികള്‍ക്ക് നഷ്ടപ്പെട്ട സാമൂഹിക സമ്പര്‍ക്കങ്ങളും അനുബന്ധ പാഠങ്ങളും സ്‌കൂളുകള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുന്നതോടെ തിരിച്ചുപിടിക്കാനാവുമെന്ന് ആശ്വസിക്കാം. കൂട്ടുകാരില്‍നിന്ന് വേര്‍പ്പെട്ട് പഠനം മുടങ്ങിയതും പരീക്ഷകള്‍ അനിശ്ചിതമായി നീണ്ടുപോയതും കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പരീക്ഷാ സംബന്ധിയായ ആശങ്കകള്‍ ഇപ്പോഴും തുടരുകയാണ്. അക്കാര്യത്തില്‍ അധ്യാപകരുടെ ഭാഗത്തുനിന്നുള്ള തിരുത്തുകള്‍ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. പകരം വിമര്‍ശനമുന്നയിച്ച അധ്യാപകനെതിരെ നടപടിയെടുത്തത് തീര്‍ത്തും അനുചിതമായിപ്പോയി. അക്കാദമിക കാര്യത്തില്‍ അഭിപ്രായം പറഞ്ഞതിന് ഒരാളെ ശിക്ഷിക്കുന്നത് സംസ്ഥാനത്ത് ആദ്യ സംഭവമാണ്. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ ചോദ്യ പേപ്പര്‍ ഘടനയിലെ ഫോക്കസ് ഏരിയ പുനര്‍ നിര്‍ണയത്തില്‍ അപാകതയുള്ളതായി അധ്യാപകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുട്ടികള്‍ പരീക്ഷക്ക് തയാറെടുത്തുകൊണ്ടിരിക്കെ സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് പ്രശ്‌ന പരിഹാരത്തിന് തയാറാകണം. വിദ്യാലയങ്ങള്‍ പതിവുരീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെ ബാധ്യത തീര്‍ന്നുവെന്ന മട്ടില്‍ സര്‍ക്കാര്‍ മാറി നില്‍ക്കരുത്. കഴിഞ്ഞ രണ്ട് വര്‍ഷം കിട്ടാതെപോയ പാഠഭാഗങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടി വേണം. അടിസ്ഥാന പഠന ലക്ഷ്യങ്ങളില്‍ വിട്ടുവീഴ്ച പാടില്ല. നഷ്ടപ്പെട്ടത് വീണ്ടെടുക്കാന്‍ അധ്യാപകര്‍ക്ക് ആവശ്യത്തിന് സമയം അനുവദിക്കുന്നതോടൊപ്പം പരിശീലനവും ആവശ്യമാണ്. അതോടൊപ്പം വിദ്യാര്‍ത്ഥികളുടെ ആരോഗ്യകാര്യത്തില്‍ ജാഗ്രത തുടരുകയും വേണം.

Test User: