ഡോ. അനൂഫ് പീഡിയേക്കല്‍
സീനിയര്‍ കണ്‍സല്‍ട്ടന്റ് റുമറ്റോളജിസ്റ്റ്
ആസ്റ്റര്‍ മിംസ് കോട്ടക്കല്‍
സന്ധികളെ ബാധിക്കുന്ന രോഗങ്ങളെ ശാസ്ത്രീയമായി വിശേഷിപ്പിക്കുന്ന പേരാണ് സന്ധിവാതം എന്നത്. എന്നാല്‍ സന്ധികളെ മാത്രം ബാധിക്കുന്ന രോഗങ്ങളാണോ ഇതില്‍ ഉള്‍പ്പെടുന്നത് എന്ന് ചോദിച്ചാല്‍ അല്ല എന്നാണ് ഉത്തരം. ശരീരത്തെ മൊത്തമായി ബാധിക്കാവുന്ന പലതരത്തിലുള്ള ഓട്ടോഇമ്യൂണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സിസ്റ്റമിക് ഓട്ടോ ഇമ്യൂണ്‍ റുമാറ്റിക് ഡിസീസസ് എന്നാണ് ഇവയുടെ യഥാര്‍ത്ഥത്തിലുള്ള പൂര്‍ണ്ണമായ വിളിപ്പേര്.
ഇത്തരം രോഗാവസ്ഥകളുടെ നിര്‍ണ്ണയവും ചികിത്സയും ഉള്‍പ്പെടുന്ന സമഗ്രവിഭാഗമാണ് റുമറ്റോളജി. സന്ധിയിലെ വേദനയും നീര്‍ക്കെട്ടുമൊക്കെയാണ് ഈ രോഗാവസ്ഥകളുടെ പൊതുവായ ലക്ഷണങ്ങള്‍. ആമവാതം പോലുള്ള ചില വാതരോഗങ്ങള്‍ കൃത്യമായ ചികിത്സ നല്‍കാതെ അധികരിക്കുകയാണെങ്കില്‍ സന്ധികളില്‍ സൃഷ്ടിക്കുന്ന ശാശ്വതമായ വൈകല്യങ്ങള്‍ക്ക് പുറമെ ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുക, ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാവുക, ധമനികളില്‍ തകരാറുകള്‍ സൃഷ്ടിക്കുക തുടങ്ങിയ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള നിരവധിയായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാകും.
റുമറ്റോളജി ആന്റ് ക്ലിനിക്കല്‍ ഇമ്യൂണോളജി എന്നാണ് വാതരോഗങ്ങളുടെ ചികിത്സാ ശാഖയെ യഥാര്‍ത്ഥത്തില്‍ വിശേഷിപ്പിക്കുന്നത്. പൊതുവായ സന്ധിവാതങ്ങള്‍ക്ക് പുറണെ പ്രതിരോധശേഷി തകരാറുകള്‍ മൂലം സംഭവിക്കുന്ന രോഗങ്ങളും റുമറ്റോളജി ആന്റ് ക്ലിനിക്കല്‍ ഇമ്യൂമോളജി വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ 15 വര്‍ഷം ഈ ശാസ്ത്രശാഖയുടെ സുവര്‍ണ്ണ വര്‍ഷങ്ങള്‍ (GOLDEN YEARS) ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. രോഗനിര്‍ണ്ണയത്തിലും ചികിത്സയിലും നിരന്തരമായ വലിയ പുരോഗതികള്‍ ഈ മേഖലയില്‍ സൃഷ്ടിക്കപ്പെട്ട് കൊണ്ടേയിരിക്കുന്നു.
വാതരോഗങ്ങള്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കാതെ വൈകല്യങ്ങളും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിക്കലുമെല്ലാം മുന്‍കാലങ്ങളില്‍ വ്യാപകമായിരുന്നെങ്കില്‍ ഇന്ന് കൃത്യമായ ചികിത്സ പിന്‍തുടരുകയാണെങ്കില്‍ ഒരു രോഗിയില്‍ പോലും ശാരീരിക വൈകല്യങ്ങളോ ആന്തരികാവയവ ക്ഷതമോ സംഭവിക്കാതെ സംരക്ഷിക്കുവാനും ഉയര്‍ന്ന ജീവിത നിലവാരം ഉറപ്പ് വരുത്താനും സാധിക്കും. ഉദാഹരണത്തിന് സന്ധി തേയ്മാനം സംഭവിച്ച വ്യക്തിക്ക് കൃത്യമായ സമയത്ത ചികിത്സ ആരംഭിക്കുവാന്‍ സാധിച്ചാല്‍ അവസാന ഘട്ടമായ സന്ധിമാറ്റിവെക്കല്‍ എന്ന അവസ്ഥ ആവശ്യമില്ലാതെ വരും. ഏതെങ്കിലും കാരണത്താല്‍ ഇങ്ങനെ സംഭവിച്ചാല്‍ അത് ചികിത്സിക്കുന്ന ഡോക്ടറുടെ കഴിവില്ലായ്മ എന്ന് വിലയിരുത്തപ്പെടുന്ന അവസ്ഥയിലേക്ക് ചികിത്സ മേഖല വികസിച്ചിരിക്കുന്നു.