കണ്ണൂര്‍: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍ ആരോപണം ഉന്നയിച്ച വിവാദ റിസോര്‍ട്ടില്‍ കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിരയ്ക്കുള്ളത് 82 ലക്ഷത്തിന്റെ ഓഹരി പങ്കാളിത്തം. മകന്‍ ജയ്‌സന്റെ 10 ലക്ഷത്തിന്റെ ഓഹരി ഉള്‍പ്പെടെ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ ഇ.പി കുടുംബത്തിന്റെ നിക്ഷേപം 92 ലക്ഷത്തിന്റേതെന്നും വ്യക്തമായി.
കഴിഞ്ഞ ദിവസം ഇ.പി ജയരാജന് സ്ഥാപനവുമായി ബന്ധമില്ലെന്നും മകനും ഭാര്യക്കും നാമമാത്ര ഓഹരി പങ്കാളിത്തമാണുള്ളതെന്നും കമ്പനി സി.ഇ.ഒ തോമസ് ജോസഫ് പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാപനവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നത്.
2014 ഡിസംബര്‍ ഒന്‍പതിന് രജിസ്റ്റര്‍ ചെയ്ത സ്ഥാപനം കമ്പനികാര്യ മന്ത്രാലയത്തിനു സമര്‍പ്പിച്ച രേഖകളിലാണ് ഓഹരി പങ്കാളിത്തം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറയുന്നത്. കമ്പനിയില്‍ പതിനൊന്ന് ഡയറക്ടര്‍മാരാണുള്ളത്. ഇതില്‍ പി.കെ ഇന്ദിര ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ചെയര്‍പേഴ്‌സനാണ്. ഇവര്‍ക്ക് 81.99 ലക്ഷം രൂപയുടെ ഓഹരിയുണ്ട്. കമ്പനിയുടെ ദൈനംദിന കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്ന ഇ.പി ജയരാജന്റെ മകന്‍ പി.കെ ജെയ്‌സന് പത്തുലക്ഷത്തിന്റെ ഓഹരി പങ്കാളിത്തമുണ്ട്. സ്ഥാപനത്തിന്റെ ആകെ മൂലധനത്തിന്റെ 12 ശതമാനമാണ് ഇരുവര്‍ക്കുമുള്ളത്.
കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ ജീവനക്കാരിയായിരുന്ന ഇന്ദിരയ്ക്ക് ഇത്രയധികം പണം എവിടെ നിന്നാണെന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. കമ്പനിയുടെ മുന്‍ എം.ഡിയും തലശ്ശേരിയിലെ വ്യവസായിയുമായ രമേഷ് കുമാര്‍ നേരത്തെ ഈ വിഷയം സി.പി.എം നേതാക്കളുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. എന്നാല്‍ ഒതുക്കി തീര്‍ക്കുകയായിരുന്നു.
ഇതോടെയാണ് രമേഷ് കുമാര്‍ പി.ജയരാജനുമായി ബന്ധപ്പെട്ടത്. എല്ലാ രേഖകളും അദ്ദേഹത്തിനു കൈമാറി. പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തിയവര്‍ക്കെതിരെ പ്രതികരിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം അത് വിനിയോഗിക്കുകയായിരുന്നുവെന്നാണ് വിവരം.