ആര്‍ജി കര്‍ ബലാത്സംഗക്കൊലക്കേസ്: വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ പ്രതിക്ക് മരണം വരെ തടവുശിക്ഷ വിധിച്ച സിയാല്‍ദേ അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു.

സര്‍ക്കാരിന് വേണ്ടി ബംഗാള്‍ അഡ്വക്കേറ്റ് ജനറലാണ് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. വിധിയില്‍ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ പ്രതികരിച്ചിരുന്നു. ബംഗാള്‍ പൊലീസില്‍ നിന്ന് കേസ് നിര്‍ബന്ധപൂര്‍വം സിബിഐക്ക് കൈമാറുകയായിരുന്നെന്നും ബഅല്ലായിരുന്നെങ്കില്‍ പ്രതിക്ക് വധശിക്ഷ ഉറപ്പായിരുന്നെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.

അതേസമയം പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി വിധി കേട്ട് ഞെട്ടിപ്പോയെന്ന് ഡോക്ടറുടെ കുടുംബം അഭിപ്രായപ്പെട്ടിരുന്നു. എങ്ങനെയാണ് അപൂര്‍വങ്ങളില്‍ ആപൂര്‍വമായ കേസ് അല്ലാതാകുന്നതെന്നും ഡ്യൂട്ടിയിലിരിക്കുന്ന ഡോക്ടറാണ് ആശുപത്രിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതെന്നും കുടുംബം പറഞ്ഞിരുന്നു. കോടതി വിധി നിരാശപ്പെടുത്തുന്നതാണെന്നും ഇതിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് സംശയിക്കുന്നതെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയും വ്യക്തമാക്കിയിരുന്നു.

 

 

webdesk17:
whatsapp
line