കൊല്ലം കടയ്ക്കൽ ക്ഷേത്ര ഉത്സവത്തിലെ ഗാനമേളക്കിടെ ഗായകൻ അലോഷി വിപ്ലവ ഗാനം ആലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ഹൈക്കോടതി നോട്ടീസയച്ചു. ക്ഷേത്ര പരിസരങ്ങളിലെ ആചാരലംഘനം സംബന്ധിച്ച് നിയമപരമായ നടപടികൾ വിശദീകരിക്കാൻ ഹർജിക്കാരന് കോടതി നിർദേശം നൽകി. പരിപാടിയുടെ മുഴുവൻ സമയ വീഡിയോ ഹാജരാക്കണം.
പാർട്ടി പതാക പ്രദർശിപ്പിച്ചതെങ്ങനെയെന്ന് പരിശോധിക്കണമെന്നും കോടതിയുടെ നോട്ടീസിൽ പറയുന്നു. ഹർജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. കഴിഞ്ഞ ദിവസമാണ് ഹർജിയിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റിനെ കക്ഷിയാക്കാൻ ഹൈക്കോടതി നിർദേശിച്ചത്.
ഭക്തി ഗാനമേളയല്ലാതെ സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്ക്കുന്നതെന്ന് കോടതി നേരത്തെ ദേവസ്വം ബോർഡിനോട് ചോദിച്ചിരുന്നു. ദേവനായി ഭക്തർ നൽകുന്ന പണം ധൂർത്തടിച്ച് കളയാനുള്ളതല്ല. ഉത്സവങ്ങൾ ഭക്തിയുടെ കൂട്ടായ്മ കൂടിയാണ്. ക്ഷേത്ര ഉത്സവങ്ങൾ തികച്ചും വ്യത്യസ്തമെന്നും ഹൈക്കോടതി വിമശിച്ചിരുന്നു. ക്ഷേത്രത്തിലെ ലൈറ്റ് അലങ്കാരങ്ങളിലും വിമർശനമുണ്ടായിരുന്നു. പണം അധികമെങ്കിൽ അന്നദാനം നൽകണം, ക്ഷേത്രമാണോ കോളേജാണോ ഇതെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, വിശ്വാസികള്‍ ആയിരിക്കണമെന്നും കോടതി വിമർശിച്ചിരുന്നു.
തിരുവാതിര ഉത്സവത്തിലെ ഗാനമേളയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ ആളുകൾ ആവശ്യപ്പെടുന്ന ഗാനങ്ങൾ പാടുന്നതാണ് രീതിയെന്നായിരുന്നു ഗായകൻ അലോഷിയുടെ പ്രതികരണം. കടയ്ക്കലും സംഭവിച്ചത് അത്തരത്തിലാണെന്നും വേദിയിലെ എൽഇഡി വാളിൽ വന്ന ചിത്രത്തെക്കുറിച്ചറിയില്ലെന്നും അലോഷി പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ വിപ്ലവ ഗാനങ്ങൾ ആലപിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്.
20 ഗാനങ്ങൾ പാടി, അതിൽ രണ്ട് എണ്ണമായിരുന്നു വിപ്ലവ ഗാനങ്ങൾ. അത് അവിടെ ഒത്തു കൂടിയവർ നന്നായി ആസ്വദിച്ചു. സന്തോഷത്തോടെയാണ് എല്ലാവരും പിരിഞ്ഞ് പോയത്. എൽഇഡി വാളിൽ ചിത്രം നൽകിയത് തൻ്റെ ടെക്നീഷ്യൻമാരല്ലെന്നും തൻ്റെ പാട്ടിന് അതാണ് നല്ലതെന്ന് തോന്നിയത് കൊണ്ടാവാം അത് നൽകിയതെന്നും അലോഷി പറഞ്ഞിരുന്നു.
കടയ്ക്കല്‍ ദേവീ ക്ഷേത്രോത്സവത്തിനോട് അനുബന്ധിച്ചുള്ള ഗാനമേളയിലാണ് അലോഷി സിപിഎമ്മിന്‍റെ വിപ്ലവ ഗാനങ്ങള്‍ ആലപിച്ചത്. പുഷ്പനെ അറിയാമോ, ലാല്‍സലാം തുടങ്ങിയ പാട്ടുകളാണ് പരിപാടിയില്‍ പാടിയത്. പാട്ടിനൊപ്പം സ്‌ക്രീനില്‍ ഡിവൈഎഫ്‌ഐ പതാകകളും സിപിഎം ചിഹ്നങ്ങളും കാണിച്ചതും വലിയ വിവാദമാകുകയായിരുന്നു.