മുഹമ്മദ് ഷാഫി
ഫ്രാന്‍സ് 2 – ഓസ്‌ട്രേലിയ 1
നിങ്ങളുടെ കൈവശം വേണ്ടത്ര ആയുധങ്ങളില്ലെങ്കില്‍ ഉള്ള ആയുധങ്ങള്‍ കൊണ്ട് പരമാവധി ആക്രമിക്കുക. ധീരതയോടൊപ്പം ഭാഗ്യംകൂടി ചേര്‍ന്നാല്‍ ഒരുപക്ഷേ ജയം നിങ്ങളുടെ പക്ഷത്തായിരിക്കാം. പക്ഷേ, കരുത്തരായ ഫ്രാന്‍സിനെതിരെ പല്ലുംനഖവുമുപയോഗിച്ച് പോരാടിയിട്ടും ഓസ്‌ട്രേലിയ തോറ്റു; നാണക്കേട് തോന്നേണ്ടതില്ലാത്ത, തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ഗ്രൗണ്ടില്‍ നിന്ന് കയറാവുന്ന തോല്‍വി.
2010-ല്‍ നെതര്‍ലാന്റ്‌സിനെ ലോകകപ്പ് ഫൈനലിലെത്തിച്ച ബെര്‍ത് വാന്‍ മാര്‍വീക് എന്ന കോച്ചിന്റെ സ്വാധീനം ഓസ്‌ട്രേലിയന്‍ കളിക്കാരിലുണ്ടാക്കിയ സ്വാധീനം സുവ്യക്തമായിരുന്നു. പന്ത് കാലിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും എന്തുചെയ്യണമന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമുണ്ടായിരുന്നില്ല. ഒരു ഗോള്‍ വഴങ്ങിയാല്‍ എങ്ങനെ പ്രതികരിക്കണമെന്നതും സോക്കറൂസിന് മനഃപാഠമായിരുന്നു. അതിനാല്‍ തന്നെ, ഒരു ഗോളിന് പിന്നിലായ ശേഷവും അവര്‍ തിരിച്ചടിച്ചു. അവസരം കിട്ടുമ്പോഴൊക്കെ ആയുധങ്ങള്‍ പ്രയോഗിച്ചു.
ബോക്‌സിന്റെ പരിസരത്തെത്തുമ്പോള്‍ ഓസ്‌ട്രേലിയക്ക് അങ്കലാപ്പൊന്നുമുണ്ടായിരുന്നില്ല. കിട്ടിയ അവസരങ്ങളിലൊക്കെ പന്ത് ഗോള്‍ ലക്ഷ്യമാക്കി പറന്നു. അനാവശ്യ പാസുകളോ കോംപ്ലിക്കേറ്റഡ് നീക്കങ്ങളോ ഇല്ല. അവരെക്കൊണ്ടാവുന്നത് അവര്‍ ചെയ്തു. സെറ്റ്പീസുകളിലും ഓസീസ് മികച്ചു നിന്നു. ആദ്യപകുതിയിലെ ഒരു ഫ്രീകിക്കില്‍ ലോറിസിന് മത്സരത്തിലെ ഏറ്റവും മികച്ച സേവ് നടത്തേണ്ടി വന്നെങ്കില്‍ മറ്റൊന്നില്‍ ഉംതിതിക്ക് പെനാല്‍ട്ടി വഴങ്ങേണ്ടി വന്നു.
ഇത്തവണ ലോകകപ്പിലെ ഫേവറേറ്റുകളിലൊന്നാണ് ഫ്രാന്‍സ്. പക്ഷേ, ഇന്നു കളിച്ച കളിയാണ് കൈവശമുള്ളതെങ്കില്‍ വളരെ നേരത്തെ തന്നെ പായ മടക്കുന്നതായിരിക്കും നല്ലത്. ഗ്രീസ്മന്‍, എംബാപ്പെ, ഡെംബലെ, ജിറൂഡ്, നബീല്‍ ഫക്കീര്‍ എന്നീ അഞ്ച് സ്‌ട്രൈക്കര്‍മാരെ മാറിപരീക്ഷിച്ചിട്ടും വിജയഗോളടിക്കാന്‍ പോഗ്ബയുടെ വ്യക്തിഗത മികവ് വേണ്ടിവന്നെങ്കില്‍ ദെഷാംപ്‌സിന്റെ തന്ത്രങ്ങള്‍ക്ക് കാര്യമായ കുഴപ്പമുണ്ട്. എന്‍സോസിയെയോ ലെമാറിനെയോ ഇറക്കി 4-4-2 (4-1-3-2) ആയിരിക്കും അവര്‍ക്ക് ഇണങ്ങുക. എന്‍ഗോളോ കാന്റെക്ക് പിടിപ്പത് പണിയുള്ള മിഡ്ഫീല്‍ഡില്‍ കുറച്ചുകൂടി ആക്രമണാത്മകമായി ചിന്തിക്കുന്ന ഒരാള്‍ വന്നാല്‍ മുന്‍നിരയിലേക്ക് പന്തെത്തുന്നതിന്റെ ആവര്‍ത്തി കൂടും.
പതിവുപോലെ ഇന്നും എന്‍ഗോളോ കാന്റെയെ നമ്മള്‍ ടി.വിയില്‍ അധികനേരം കണ്ടിരുന്നില്ല. പക്ഷേ, ഫ്രഞ്ച് നിരയില്‍ അദ്ദേഹമായിരുന്നു ഏറ്റവും നന്നായി കളിച്ചത്. ഓസ്‌ട്രേലിയയുടെ വേഗതയേറിയ മുന്നേറ്റങ്ങള്‍ക്കിടയില്‍ കാന്റെ 14 റിക്കവറിയാണ് നടത്തിയത്. അദൃശ്യമായ മാസ്റ്റര്‍ക്ലാസ്.
ഓസ്‌ട്രേലിയന്‍ ഡിഫന്‍സിന് കയ്യടിക്കാം. പ്രത്യേകിച്ചും മാര്‍ക് മിലിഗന്‍, ട്രെന്റ് സെയ്ന്‍സ്ബറി എന്നീ ഫുള്‍ബാക്കുകള്‍ക്ക്. ഗ്രീസ്മന്റെയും എംബാപ്പെയുടെയും ഡെംബലെയുടെയും മുന്നില്‍നിന്ന് പന്ത് ക്ലിയര്‍ ചെയ്യുന്ന കാഴ്ച മനോഹരമായിരുന്നു. ക്യാപ്ടന്‍ യെദിനാക്കും വലതു മിഡ്ഫീല്‍ഡര്‍ ലെക്കിയും നന്നായി കളിച്ചു. എത്ര കൂളായാണ് യെദിനാക്ക് പെനാല്‍ട്ടി വലയിലാക്കിയത്.
മികച്ച ടീമുകള്‍ക്കുള്ള അധികഗുണം അവസാന നിമിഷങ്ങളില്‍ അവര്‍ക്ക് എതിരാളികള്‍ക്കു മേല്‍ ശാരീരികവും മാനസികവുമായ സമ്മര്‍ദം ചെലുത്താന്‍ കഴിയുമെന്നതാണ്. ഇന്നലെ ഈജിപ്തും ഇന്ന് ഓസ്‌ട്രേലിയയിലും അതിന്റെ ഇരകളായി.