അഷ്‌റഫ് ആളത്ത്
ദമ്മാം: പോപുലര്‍ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിൽ പൊതുമുതല്‍ നഷ്ടത്തിന്റെ കേസിൽ റവന്യൂ റിക്കവറി നടപടികളിൽ നിരപരാധികൾ ഉണ്ടാവാൻ പാടില്ലെന്നും അഥവാ അത്തരക്കാർ ഉൾപെട്ടിട്ടുണ്ടെങ്കിൽ അവരുടെ നിരപരാധിത്തം തെളിയിക്കാനുള്ള അവസരങ്ങൾ ഉണ്ടാകുമെന്നും സംസ്ഥാന റവന്യൂ മന്ത്രി കെ.രാജൻ.
ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ സംരംഭങ്ങൾക്ക് മേൽ രാഷ്ട്രീയ പകപോക്കലിന് റവന്യൂ വകുപ്പ് മാത്രമല്ല വേണ്ടിവന്നാൽ സംസ്ഥാനത്തെ ഏത് വകുപ്പിനും നിയമം ദുരുപയോഗം ചെയ്യാമെന്നും എന്നാലത് ഇടത് പക്ഷ സർക്കാറിൻറെ നയമല്ലെന്നും മന്ത്രി വെക്തമാക്കി.
പ്രവാസി വ്യവസായ സംരംഭങ്ങൾക്കെതിരെ കേരളത്തിൽ നടക്കുന്ന കൊടികുത്തൽ സമരങ്ങളൊന്നും രാഷ്ട്രീയ പകപോക്കലായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി സൂചിപ്പിച്ചു.
ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ നിയമസഭയെ അറിയിച്ചതാണ്.
കേന്ദ്ര സർക്കാറിൻറെയും റെയിൽ വകുപ്പിൻറെയും അനുമതിക്കായി കാത്തിരിക്കുകയാണ്.
അത് ലഭിക്കുന്ന മുറക്ക് പദ്ധതിയുമായിമുന്നോട്ട് പോകുമെന്നും ഇക്കാര്യത്തിൽ ഇടതുപക്ഷ മുന്നണികൾക്കിടയിൽ അഭിപ്രായ ഭിന്നതയൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
അനിൽ ആന്റണി കോൺഗ്രസ്സ് വിരുദ്ധ നിലപാട് സ്വീകരിച്ചത് രാഷ്ട്രീയ അപചയമായി കരുതുന്നു. ഫാസിസത്തിനെതിരെയുള്ള പ്രതികരണങ്ങളിൽ ഓരോരുത്തർക്കും ദാർശനിക ഉള്ളടക്കം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവയുഗം സാംസ്കാരികവേദിയുടെ സഫിയ അജിത്ത് സാമൂഹിക പ്രതിബദ്ധതാ പുരസ്കാരം ഏറ്റുവാങ്ങുന്നതിനായാണ് റവന്യൂ മന്ത്രി കെ.രാജൻ ദമ്മാമിൽ എത്തിയത്.
മീറ്റ് ദ പ്രസിൽ ദമ്മാം മീഡിയ ഫോറം പ്രസിഡണ്ട് മുജീബ് കളത്തിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സുബൈർ ഉദിനൂർ സ്വാഗതവും സെക്രട്ടറി പ്രവീൺ നന്ദിയും പറഞ്ഞു. നവയുഗം പ്രതിനിധികളായ വാഹിദ്,ജമാൽ വില്യാപ്പള്ളി, ഷാജി മതിലകം എന്നിവർ സംബന്ധിച്ചു.